കോഴിക്കോട്: ഭിന്നശേഷി വിഭാഗത്തിൽനിന്നുള്ള 418 പേർ സമുദ്ര ഓഡിറ്റോറിയത്തിലെ സ്റ്റേജുകളിൽ നിറഞ്ഞാടിയപ്പോൾ സദസ്സിൽനിന്ന് നിലക്കാത്ത കൈയടി ഉയർന്നു. കോർപറേഷന്റെ ഭിന്നശേഷി ദിനാചരണത്തിന്റെയും കലോത്സവത്തിന്റെയും ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത നർത്തകരുടെയും പാട്ടുകാരുടെയുംകൂടി ആടാനും പാടാനും ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു. നൃത്ത ഇനങ്ങൾ കൂടാതെ നാടൻപാട്ട്, ബിഗ് കാൻവാസ്, ടാബ്ലോ, ഫാൻസി ഡ്രസ്, മറ്റു കലാപരിപാടികൾ എന്നിവയാണ് മൂന്ന് സ്റ്റേജുകളിലായി സംഘടിപ്പിച്ചത്.
ജില്ലയിലെ സ്കൂളുകൾ, ബഡ്സ് സ്കൂൾ, സ്പെഷൽ അംഗൻവാടി എന്നിവയിൽനിന്നും നിരവധി പേരാണ് പങ്കെടുത്തത്. ഭിന്നശേഷിക്കാർക്ക് വേണ്ട പ്രോത്സാഹനം നൽകി അവരെ സമൂഹത്തിന്റെ കൂടെ നിർത്താനും സർഗാത്മകതയും മറ്റു കഴിവുകളും കണ്ടെത്തി പരിപോഷിപ്പിച്ച് സ്വയംപര്യാപ്തരാക്കാനുമാണ് പരിപാടികൊണ്ടുള്ള ലക്ഷ്യം. ഓരോ ഭിന്നശേഷി കുട്ടിയും ഓരോ സൂര്യനാണെന്നും ദൂരെയുള്ള അവരുടെ വെളിച്ചവും കഴിവുകളും അടുത്തുനിന്ന് കാണാനും പ്രോത്സാഹിപ്പിക്കാനുമുള്ള പരിശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നും ഭിന്നശേഷി ദിനാചരണ-കലോത്സവം ‘താരകം 2024’ ഉദ്ഘാടനം ചെയ്തുകൊണ്ട് മേയർ ബീന ഫിലിപ്പ് പറഞ്ഞു.
പരിപാടിയിൽ കോർപറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ദിവാകരൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഒ.പി. ഷിജിന, പി.സി. രാജൻ, കൃഷ്ണകുമാരി, പി.കെ. നാസർ, സി. രേഖ, കൗൺസിലർമാരായ എം.കെ. മഹേഷ്, വി.പി. മനോജ്, രമ്യ സന്തോഷ്, എൻ. ജയശീല, വരുൺ ഭാസ്കർ, കെ. റംലത്ത്, സി.പി. സുലൈമാൻ, എസ്.എസ്.കെ ജില്ല കോഒാഡിനേറ്റർ എ.കെ. അബ്ദുൽ ഹക്കീം, വി. ഹരീഷ്, ഭിന്നശേഷി സംഘടന ചെയർമാൻ ബാലൻ കാട്ടുങ്ങൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.