കോഴിക്കോട്: തൊഴിലിടങ്ങളിൽനിന്ന് മാനദണ്ഡങ്ങൾ പാലിക്കാതെ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടി അതിഗൗരവതരമെന്ന് വനിത കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. ജില്ല പഞ്ചായത്ത് ഹാളിൽ നടത്തിയ അദാലത്തിൽ പരാതികൾ തീർപ്പാക്കിയശേഷം സംസാരിക്കുകയായിരുന്നു അവർ. പരാതികളിൽ കൂടുതലും തൊഴിലിടങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. അൺ എയ്ഡഡ് മേഖലയിലെ സ്കൂളിൽ 25-30 വർഷംവരെ ജോലിചെയ്ത അധ്യാപികമാരെയും ഓഫിസ് സ്റ്റാഫിനെയും പെർഫോമൻസ് മോശമാണെന്ന കാരണം പറഞ്ഞ് ആനുകൂല്യം നൽകാതെ മെമ്മോ പോലും നൽകാതെ പിരിച്ചുവിട്ടെന്ന പരാതി പരിഗണനക്കെത്തി. അൺ എയ്ഡഡ് മേഖലയിലെ വനിത അധ്യാപികമാർ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് പബ്ലിക് ഹിയറിങ് നടത്തി സംസ്ഥാന സർക്കാറിന് പരിഹാര നിർദേശങ്ങൾ അടങ്ങിയ ശിപാർശ വനിത കമീഷൻ സമർപ്പിച്ചിട്ടുണ്ട്.
മദ്യപിച്ച് വീടുകളിൽ ചെന്ന് സ്ത്രീകളുടെ സ്വൈരജീവിതം തകർക്കുന്ന പുരുഷന്മാരെ പൊലീസ് സ്റ്റേഷനുകളിൽനിന്ന് ഉപദേശിച്ച് വിടുന്ന ശീലം ഒഴിവാക്കണം. മദ്യപിച്ച് ശല്യംചെയ്യുന്നവരെ ഡീ അഡിക്ഷൻ സെന്ററുകളിലേക്ക് അയക്കണം. ഗാർഹിക പീഡന പരാതികളിൽ കൗൺസലിങ്ങിന് നിർദേശിച്ചാൽ പുരുഷന്മാർ സഹകരിക്കാത്ത മനോഭാവം കൂടിവരുന്നതായും വനിത കമീഷൻ അധ്യക്ഷ പറഞ്ഞു. അദാലത്തിൽ ഒമ്പതു പരാതികൾ തീർപ്പാക്കി.
രണ്ട് പരാതികൾ പൊലീസിനും ഒരു പരാതി ലീഗൽ സെല്ലിനും കൈമാറി. 39 പരാതികൾ അടുത്ത അദാലത്തിലേക്കു മാറ്റി. ആകെ 51 പരാതികൾ പരിഗണിച്ചു. അഭിഭാഷകരായ ഹബീജ, ശരൺ പ്രേം, സി.കെ. സീനത്ത്, നടക്കാവ് എ.എസ്.ഐ രജിത, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.