കോഴിക്കോട്: വിഷയങ്ങളൊന്നുമില്ലാതെയുള്ള ദിയയുടെ വരകളിൽ വിരിയുന്നത് മികച്ച ചിത്രങ്ങളാണ്. നടക്കാവ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാംതരം വിദ്യാർഥിനിയാണ് ദിയ വേദ പടിയത്ത്. കുട്ടിക്കാലത്തേ ചിത്രങ്ങളോട് താൽപര്യമായിരുന്നു. നാലുവയസ്സു മുതൽ വരച്ചുതുടങ്ങി. ചിത്രരചന സ്വന്തംനിലയിൽ പഠിച്ചതാണ്.
യൂട്യൂബ് നോക്കിയാണ് വര തുടർന്നത്. കോവിഡ് അടച്ചുപൂട്ടൽ വന്നതോടെ രചനയെ ഗൗരവത്തിലെടുത്തു. നൂറോളം ചിത്രങ്ങളാണ് ഇക്കാലയളവിൽ വരച്ചത്. വരകളിലേറെയും പെൺകുട്ടികളുടെ മുഖങ്ങളാണ്.
ദിയയുടെ ചിത്രപ്രദർശനം 'ദിയ ഡി ആർട്ട്' എന്നപേരിൽ ചാലപ്പുറം മെന്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റ് (എംഹാട്ട്) ഓഫിസിൽ തുടങ്ങി. വലുതും ചെറുതുമായ 63 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ചിത്രങ്ങളിൽ മിക്കതും വിൽപനക്കുള്ളവയാണ്. വിലയുടെ 30 ശതമാനം മെന്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റിന്റെ സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് നൽകും.
ദിയക്ക് പിന്തുണയുമായി സഹോദരി വൈഗയും മാതാപിതാക്കളായ അമിതയും ദീപക്ക് പടിയത്തും ഒപ്പമുണ്ട്. പ്രദർശനം ഞായറാഴ്ച വൈകീട്ട് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.