കോഴിക്കോട്: നവീനശിലായുഗം മുതലാണ് മനുഷ്യൻ മൺപാത്രങ്ങളുപയോഗിച്ചുതുടങ്ങിയത്... കുലാല ചക്രങ്ങളുടെ കണ്ടുപിടിത്തമാണ് മൺപാത്രങ്ങളുടെ വലിയതോതിലുള്ള നിർമാണത്തിലേക്ക് മനുഷ്യരെ നയിച്ചത്... ഇതെല്ലാം പുസ്തകങ്ങളിൽനിന്ന് പഠിച്ചവർക്ക് ഇതിന്റെ നേരനുഭവം പകരുകകൂടി ലക്ഷ്യമിട്ടാണ് ഇത്തവണ സ്കൂൾ കലോത്സവവേദികളിലെ കുടിവെള്ളവിതരണം.
ജന്മിയുടെ നാലുകെട്ടിലും കുടികിടപ്പുകാരന്റെ കുടിലുകളിലും ഒരുപോലെ സ്ഥാനംപിടിച്ചിരുന്ന മൺപാത്രങ്ങൾ അലൂമിനിയത്തിന്റെയും സ്റ്റീലിന്റെയും കടന്നുവരവോടെ അടുക്കളകളിൽനിന്ന് ഘട്ടംഘട്ടമായി പടിയിറങ്ങിയതോടെ പുതുതലമുറയിലെ കുട്ടികളിൽ പലരും മൺപാത്രങ്ങളുടെ നേരനുഭവം നേടാത്തവരാണ്. ഇവിടെയാണ് ‘തണ്ണീർ കൂജ’ എന്നപേരിൽ മൺപാത്രങ്ങളിലുള്ള കുടിവെള്ളവിതരണം ശ്രദ്ധേയമാകുക.
കലോത്സവത്തിന്റെ 24 വേദികളിലും കുടിവെള്ളം വിതരണംചെയ്യുക മൺകൂജകളിൽ മാത്രമാണ്.വിധികർത്താക്കൾക്ക് ഇരിപ്പിടങ്ങളിൽ മൺ ജഗ്ഗുകളും ഒരുക്കും. ഇതിനായി 250 വീതം മൺകൂജകളും മൺ ജഗ്ഗുകളും 5000 മൺ ഗ്ലാസുകളും കുടിവെള്ളവിതരണത്തിന്റെ ചുമതലവഹിക്കുന്ന വെൽഫെയർ കമ്മിറ്റി എത്തിച്ചു.
പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിലെ നാൽപതോളം കേന്ദ്രങ്ങളിൽനിന്നാണ് മൺപാത്രങ്ങളെത്തിച്ചത്. കൂജകൾ സ്ഥാപിക്കാനാവശ്യമായ ഫ്രെയിമുകളുടെ നിർമാണവും പുരോഗമിക്കുകയാണ്. മൂന്നു ലക്ഷത്തിലേറെയാണ് മൺപാത്രങ്ങൾക്കും മറ്റുമായി ചെലവ്. ഒഡീസിയ ആണ് തുക സ്പോൺസർ ചെയ്തത്. ബൊട്ടാണിക്കൽ ഗാർഡനിലെ യൂനിറ്റിൽനിന്നാണ് ആവശ്യാനുസരണം കുടിവെള്ളമെത്തിക്കുക. ഓരോ ദിവസവും 20 ലിറ്ററിന്റെ ആയിരം ബോട്ടിൽ വെള്ളമാണ് എത്തിക്കുക.
കഴിഞ്ഞതവണ കലോത്സവത്തിന് ഒന്നരലക്ഷം കുപ്പിവെള്ളമാണ് ഉപയോഗിച്ചത്. കലോത്സവം കഴിഞ്ഞതോടെ പ്ലാസ്റ്റിക് കുപ്പികളുടെ സംസ്കരണമടക്കം വലിയ പ്രതിസന്ധിയായി. ഇതടക്കം മുൻനിർത്തിയാണ് പരിസ്ഥിതിസൗഹൃദ രീതി അവലംബിച്ചത്. കെ.കെ. രമ എം.എൽ.എ ചെയർപേഴ്സനും കെ.പി. സുരേഷ് കുമാർ കൺവീനറും എൻ.കെ. റഫീഖ്, മുജീബ് കൈപ്പാക്കിൽ, സി.എം. ലത്തീഫ്, അബു മായനാട് എന്നിവരുമുൾപ്പെടുന്ന കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.