യൗവനം ലഹരിക്ക് അടിയറവെക്കുന്ന സംഘങ്ങൾ ജില്ലയിൽ പെരുകുകയാണ്. മുൻകാലങ്ങളിൽ കുറഞ്ഞ അളവിലുള്ള ലഹരിവസ്തുക്കളാണ് പൊലീസ് പിടികൂടിയതെങ്കിൽ ലക്ഷങ്ങളുടെ മയക്കുമരുന്ന് ഇടപാടാണ് ഇപ്പോൾ. അഞ്ചു വർഷത്തിനിടെ ലഹരി അമിതമായി ഉപയോഗിച്ച് കോളജ് വിദ്യാർഥിയടക്കം ജില്ലയിൽ 12 പേരാണ് മരിച്ചത്.
നേരത്തെ മുതിർന്നവരാണ് ലഹരി ഉപയോഗത്തിലും മയക്കുമരുന്ന് കടത്തലിലുമുണ്ടായിരുന്നതെങ്കിൽ ഇന്ന് യുവാക്കളും യുവതികളും കോളജ് വിദ്യാർഥികളുമാണ് രംഗം വാഴുന്നത്. ആറുമാസത്തിനകം ലഹരികടത്തിന് 12 യുവതികളാണ് അറസ്റ്റിലായത്. മറ്റുള്ളവരുടെ എണ്ണം കൂടി പരിഗണിച്ചാൽ പിടിയിലായവർ അറുപതിലേറെ വരും. 200 കിലോയിലേറെ കഞ്ചാവ്, ഹാഷിഷ്, എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പ്, മയക്കുഗുളികകൾ തുടങ്ങിയവയാണ് പിടികൂടിയത്.
പൊലീസ് പരിശോധനയിൽനിന്നടക്കം ഒഴിഞ്ഞുമാറുന്നതിനാണ് ലഹരിസംഘങ്ങൾ സ്ത്രീകളെ ഒപ്പംകൂട്ടുന്നത്. സ്ത്രീകളുണ്ടെങ്കിൽ വാഹനപരിശോധന പോലും പേരിലൊതുങ്ങും. അടുത്തിടെയുള്ള വലിയ ലഹരികേസിലെല്ലാം സ്ത്രീപങ്കാളിത്തമുണ്ടെന്നാണ് പൊലീസ് പറയുന്നത്. വീട്ടുകാർ വേണ്ടത്ര ശ്രദ്ധിക്കാത്തതോടെ കോളജ് വിദ്യാർഥികളടക്കമുള്ള പലരും പുറത്തുള്ള കൂട്ടുകെട്ടുകളിലെത്തി ബംഗളൂരു, ഗോവ, മൈസൂരു, മൂന്നാർ, വാഗമൺ എന്നിവിടങ്ങളിലേക്ക് റൈഡുകൾ നടത്തി ലഹരിസംഘങ്ങളിലെത്തുകയാണ്. ഇത്തരക്കാരെ ലഹരി സംഘങ്ങളിൽപെട്ടവർ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. കാറിൽ കഞ്ചാവ് കടത്തവെ പിടിയിലായ തൃശൂർ സ്വദേശിനിയായ ബ്യൂട്ടീഷനെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചിരുന്നതായും വിസമ്മതിച്ചതിലുള്ള പ്രതികാരമാണ് ഒറ്റിക്കൊടുക്കുന്നതിന് കാരണമായതെന്നും കുന്ദമംഗലം പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. കോവിഡ് രൂക്ഷമായതോടെ ബ്യൂട്ടിപാർലർ പൂട്ടി സമീപത്തെ ബേക്കറി ജീവനക്കാരനുമായി ചേർന്ന് ഇവർ ഭാര്യാഭർത്താക്കന്മാർ ചമഞ്ഞ് പതിനെട്ടര കിലോ കഞ്ചാവ് വയനാട്ടിലേക്ക് കാറിൽ കടത്തവെയാണ് പിടിയിലായത്.
അറസ്റ്റിലായ മറ്റൊരു സ്ത്രീ ഡി.ജെ പാർട്ടികൾ സംഘടിപ്പിക്കുന്നവർക്ക് നേരിട്ട് ഗോവയിൽനിന്ന് മയക്കുഗുളിക എത്തിച്ചുനൽകുന്നയാളാണെന്നാണ് തെളിഞ്ഞത്. ബംഗളൂരുവിൽ ജോലിചെയ്തപ്പോഴാണ് ഇവർ ഗോവയിലെ ലഹരിസംഘങ്ങളുമായി ബന്ധപ്പെടുന്നത്.
മാവൂർ റോഡിലെ ലോഡ്ജിൽനിന്ന് 500 ഗ്രാം ഹാഷിഷ് ഓയിലും ആറ് ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റിലായ എട്ടംഗ സംഘത്തിലും 24 ഗ്രാം ഹഷീഷ് ഓയിലുമായി മിനി ബൈപാസിൽനിന്ന് സ്കൂട്ടറുകൾ സഹിതം രാത്രി ഒന്നരക്ക് പിടിയിലായ നാലംഗസംഘത്തിലും സ്ത്രീകളുണ്ടായിരുന്നു. 15 മയക്ക് ഗുളികകളുമായി ചേവായൂർ സ്വദേശിനി മെഡിക്കൽ കോളജ് പൊലീസിന്റെ പിടിയിലായതും അടുത്തിടെയാണ്. മാത്രമല്ല, കാറിൽ കടത്തിയ രണ്ട് കിലോ കഞ്ചാവുമായി ദമ്പതികളടക്കം മൂന്നുപേരും മാങ്കാവിലെ അപ്പാർട്ട്മെൻറിൽനിന്ന് ലഹരിവസ്തുക്കൾ സഹിതം സ്ത്രീയും മൂന്നുകിലോ കഞ്ചാവുമായി വെള്ളയിൽ സ്വദേശിനിയും അറസ്റ്റിലായി. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന കോഴിക്കോട്ടുകാരി സുഹൃത്തിനൊപ്പം ലഹരിവസ്തുവും സിറിഞ്ചുകളുമടക്കം മെഡിക്കൽ കോളജിലെ ലോഡ്ജിൽനിന്ന് പിടിയിലായതാണ് ഈ ഗണത്തിലെ അവസാനത്തേത്.
കഴിഞ്ഞവർഷം സിറ്റി പൊലീസ് 412 എൻ.ഡിപി.എസ് കേസാണ് രജിസ്റ്റർ ചെയ്തത്. റൂറലിൽ ലഹരികേസ് കുറവുണ്ടെങ്കിലും അബ്കാരി കേസ് വളരെ കൂടുതലാണ്. കൊറിയറായി കളിപ്പാട്ടങ്ങളയക്കുന്നതിന്റെ മറവിൽപോലും ലഹരി കടത്തുന്നുണ്ട്. ഗോവയിൽനിന്ന് ഇങ്ങനെ ലഹരി കടത്തിയ തൃശൂർ സ്വദേശിയെ എക്സൈസ് ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. ലഹരിക്കെതിരെ പൊലീസും എക്സൈസും ശക്തമായ നടപടി സ്വീകരിക്കുമ്പോഴും നിരോധിച്ച പുകയില ഉൽപന്നമായ ഹാൻസ് അടക്കമുള്ളവ തട്ടുകടകളിലൂടെ ചൂടപ്പം പോലെയാണ് വിറ്റഴിക്കുന്നത് എന്നതാണ് വിചിത്രം.
ആഘോഷങ്ങൾക്ക് ആവേശവും കൊഴുപ്പും കൂട്ടാനാണ് ന്യൂജൻ ലഹരിവസ്തുക്കൾ 'പാർട്ടി ഡ്രഗ്' പ്രധാനമായും ജില്ലയിലെത്തിക്കുന്നത്. സിന്തറ്റിക് ലഹരിവസ്തുക്കളായ എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പ്, മയക്കുഗുളികകൾ എന്നിവ ഗോവ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽനിന്ന് എത്തുമ്പോൾ കഞ്ചാവ് അടക്കമുള്ളവ ഒഡിഷ, തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നാണ് എത്തിക്കുന്നത്. അന്തർസംസ്ഥാന സർവിസ് നടത്തുന്ന ബസുകൾ, പച്ചക്കറി ലോറികൾ, സിമന്റ് ലോറികൾ, ആഡംബര കാറുകൾ എന്നിവയാണ് വലിയതോതിലുള്ള കഞ്ചാവ് കടത്തിനുപയോഗിക്കുന്നത്. ജില്ലയിലെത്തുന്ന മാരക മയക്കുമരുന്നിൽ പ്രധാനി മാക്സ് ജെല്ലി എക്സ്റ്റസി എന്നറിയപ്പെടുന്ന എം.ഡി.എം.എയാണ്. ഇതിന്റെ 10 ഗ്രാം കൈവശം വെക്കുന്നതുപോലും 20 വർഷംവരെ കഠിന തടവ് ലഭിക്കുന്ന കുറ്റമാണ്. ഒരു മൈക്രോ ഗ്രാം ഉപയോഗിച്ചാൽപോലും 48 മണിക്കൂർ വരെ ഉന്മാദാവസ്ഥയിൽ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.
ഇതിന് മണവും മറ്റും ഇല്ലാത്തതിനാൽ ഒപ്പമുള്ളവർപോലും ലഹരി ഉപയോഗിച്ചത് തിരിച്ചറിയില്ല. അതേസമയം, ഇതിന്റെ അളവ് അൽപമൊന്ന് പിഴച്ചാൽ മരണം സംഭവിക്കും. ഹൃദ്രോഗം, ഓർമക്കുറവ്, വിഷാദം, പരിഭ്രാന്തി, മനോനില തകരാറിലാക്കൽ, കാഴ്ചക്കുറവ് എന്നിവക്ക് കാരണമാകുന്ന രാസലഹരി തരി, പൊടി രൂപത്തിലാണ് ലഭ്യമാകുന്നത്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.