കോഴിക്കോട്: അന്താരാഷ്ട്ര ലഹരിമരുന്ന് സംഘങ്ങളുമായി അടുത്ത ബന്ധമുള്ള മൂന്നു യുവാക്കളെ ലഹരി മരുന്നുമായി പൊലീസ് പിടികൂടി.ന്യൂജൻ ലഹരിമരുന്നായ എം.ഡി.എം.എയുമായാണ് യുവാക്കൾ പിടിയിലായത്. എളേറ്റിൽ കൈതക്കൽ വീട്ടിൽ നൗഫൽ (33), എളേറ്റിൽ ഞേളികുന്നുമ്മൽ അൻവർ തസ്നിം (30), കട്ടിപ്പാറ പുറമ്പോളിയിൽ മൻസൂർ (35) എന്നിവരെയാണ് 44 ഗ്രാം എം.ഡി.എം.എയുമായി ചേവായൂർ പൊലീസും സിറ്റി നാർക്കോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്.
പിടിയിലായ അൻവർ കുവൈത്തിൽ ഹെറോയിൻ കടത്തിയ കേസിൽ 15 വർഷം ശിക്ഷിക്കപ്പെട്ട്, ഏതാനും മാസം മുമ്പ് എട്ടു വർഷത്തെ ശിക്ഷ കഴിഞ്ഞ് കുവൈത്ത് സർക്കാറിെൻറ പൊതുമാപ്പിൽ ജയിൽ മോചിതനായതാണ്.
ഇയാളുടെ കൂടെ കുവൈത്ത് ജയിലിൽ സമാന കേസിൽ ശിക്ഷിക്കപ്പെട്ടശേഷം പുറത്തിറങ്ങിയ തമിഴ്നാട് സ്വദേശിയിൽനിന്നാണ് ലഹരിമരുന്ന് കേരളത്തിൽ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.നൗഫൽ ഗൾഫിലും ഇന്ത്യയിലും സമാനമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ആളാണെന്നും സൂചന ലഭിച്ചിട്ടുണ്ട്.
ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് നഗരത്തിൽ ലഹരിമരുന്നിെൻറ ഉപയോഗം വർധിക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് നിരീക്ഷണം ശക്തമാക്കാൻ സിറ്റി പൊലീസ് ചീഫ് ഡി.ഐ.ജി എ.വി. ജോർജ് കർശന നിർദേശം നൽകിയിരുന്നു. തുടർന്ന് ഡി.സി.പി സ്വപ്നിൽ മഹാജ െൻറ കീഴിൽ ഡൻസാഫും സിറ്റി ക്രൈം സ്ക്വാഡും അന്വേഷണം ഊർജിതമാക്കി.
പെൺകുട്ടികളടക്കം ലഹരി മാഫിയയുടെ കരിയർമാരാണെന്ന് പൊലീസ് പറഞ്ഞു. ഗോവ, ബംഗളൂരു, ചെന്നൈ നഗരങ്ങളിൽനിന്നാണ് മരുന്ന് എത്തിക്കുന്നത്. കൂടുതൽ അന്വേഷിക്കുന്നതിനായി പ്രതികളെ പൊലീസ് കസ്റ്റയിൽ വാങ്ങുമെന്ന് മെഡിക്കൽ കോളജ് എ.സി.പി കെ. സുദർശൻ പറഞ്ഞു.
ഏതാനും മാസത്തിനിടെ നഗരത്തിൽ 60 കിലോയോളം കഞ്ചാവും 75 ഗ്രാം എം.ഡി.എം.എ, 300 ഗ്രാം ഹഷീഷ്, നിരവധി നിരോധിത പുകയില ഉൽപന്നങ്ങൾ, ഹഷീഷ് ഓയിൽ എന്നിവ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പിടികൂടിയിട്ടുണ്ട്.
ചേവായൂർ സ്റ്റേഷൻ ഇൻസ്പെക്ടർ പി. ചന്ദ്രമോഹൻ, എസ്.ഐമാരായ അഭിജിത്ത്, ഷാൻ, ഡൻസാഫ് സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐമാരായ മുഹമ്മദ് ഷാഫി, എം. സജി, സീനിയർ സി.പി.ഒമാരായ കെ. അഖിലേഷ്, കെ.എ. ജോമോൻ, സി.പി.ഒ എം. ജിനേഷ്, കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഇ. മനോജ്, എം. ഷാലു, എ. പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, ശ്രീജിത്ത് പടിയാത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.