ഓമശ്ശേരി: വർധിച്ചുവരുന്ന ലഹരി വ്യാപനത്തിനെതിരെ വിപുലമായ കർമപദ്ധതിയുമായി ഓമശ്ശേരി ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ഭരണസമിതി വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ-മത-സാമൂഹിക-സന്നദ്ധ സംഘടന പ്രതിനിധികളുടെയും സംയുക്ത യോഗം ഭാവി പരിപാടികൾക്ക് രൂപം നൽകി. വ്യക്തിയെയും സമൂഹത്തെയും ശിഥിലമാക്കുന്ന ലഹരി വിപത്തിനെതിരെ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് യുവജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിച്ച ലഹരിമുക്ത പ്രചാരണ പരിപാടിയായ 'വിമുക്തി'യുടെ പ്രവർത്തനങ്ങൾ വാർഡ് തലങ്ങളിൽ ശക്തമാക്കാനും ബഹുജന പങ്കാളിത്തത്തോടെ അവബോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനും യോഗം തീരുമാനിച്ചു.
വാർഡ് തലങ്ങളിൽ ജനകീയ സമിതികൾ രൂപവത്കരിച്ചാണ് ലഹരിക്കെതിരെ കാമ്പയിൻ നടത്തുന്നത്. ലഹരിവസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കുക എന്ന ലക്ഷ്യം സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ നടപ്പാക്കും. വാർഡ്തല കമ്മിറ്റികൾ രൂപവത്കരിച്ചതിനു ശേഷം പഞ്ചായത്ത് തലത്തിൽ കമ്മിറ്റി രൂപവത്കരിക്കും. ലഹരി വിരുദ്ധ സന്ദേശവുമായി ബഹുജനങ്ങളെ അണിനിരത്തി ഓമശ്ശേരിയിൽ റാലി സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. വിദ്യാർഥികളിലും യുവതലമുറയിലും പൊതു ജനങ്ങളിലും ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിന് വിവിധ കർമപരിപാടികള്‍ എക്സൈസ് ഡിപ്പാര്‍ട്മെന്റിന്റെ സഹകരണത്തോടെ നടപ്പാക്കും. വ്യത്യസ്ത ഏജന്‍സികളുടെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ പ്രവര്‍ത്തനങ്ങൾ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കും.
സ്കൂള്‍, കോളജ് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലഹരിമുക്ത ക്ലബുകള്‍, സ്റ്റുഡന്റ് പൊലീസ് കാഡറ്റുകള്‍, നാഷനല്‍ സർവിസ് സ്കീമുകള്‍, കുടുംബശ്രീ, റെസിഡന്‍സ് അസോസിയേഷനുകള്‍, ലഹരിമുക്ത ഓര്‍ഗനൈസേഷനുകള്‍, വാര്‍ഡ്, പഞ്ചായത്ത് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും യുവാക്കളുടെയും വിദ്യാർഥികളുടെയും കൂട്ടായ്മകള്‍ എന്നിവയിലൂടെയുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങൾക്ക് പ്രാമുഖ്യം നൽകാനും യോഗം തീരുമാനിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.എം. രാധാമണി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ യൂനുസ് അമ്പലക്കണ്ടി, സൈനുദ്ദീൻ കൊളത്തക്കര, ഒ.പി. സുഹറ, എസ്.പി. ഷഹന, പഞ്ചായത്തംഗം കെ. ആനന്ദ കൃഷ്ണൻ, കെ.കെ. അബ്ദുല്ലക്കുട്ടി, പി.പി. കുഞ്ഞായിൻ, പി.വി. സാദിഖ്, ഒ.കെ. സദാനന്ദൻ, പി.എ. ഹുസൈൻ മാസ്റ്റർ, എ.കെ. അബ്ദുല്ല, ഒ.കെ. നാരായണൻ, ശിഹാബ് വെളിമണ്ണ, നൗഷാദ് ചെമ്പറ, സി.കെ. വിജയൻ, കുന്നത്ത് നാസർ വെളിമണ്ണ, എൽ.വി. മുനീർ കൂടത്തായി, പി.വി. അബ്ദുൽ സലാം, അബൂബക്കർ സിദ്ദീഖ് ഓമശ്ശേരി, കെ.കെ. ബഷീർ എന്നിവർ സംസാരിച്ചു. കൊടുവള്ളി പൊലീസ് സബ് ഇൻസ്പെക്ടർ ശ്രീകുമാർ, താമരശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ടി. ശറഫുദ്ദീൻ, സിവിൽ എക്സൈസ് ഓഫിസർ കെ. പ്രസാദ് എന്നിവർ ക്ലാസെടുത്തു. പഞ്ചായത്തംഗം പി.കെ. ഗംഗാധരൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.