കോഴിക്കോട്: ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്കൂളുകളിലെ വൈദ്യുതി ബിൽ കുടിശ്ശിക അടക്കാത്തതിനെ ചൊല്ലി യോഗത്തിൽ തർക്കം. ജില്ല പഞ്ചായത്തിന് കീഴിലുള്ള 45 സ്കൂളുകളിലെ വൈദ്യുതി ബിൽ അടക്കേണ്ടത് ജില്ല പഞ്ചായത്താണ്. ഇതിനായി ഒരു വർഷം 22 ലക്ഷത്തോളം രൂപ ചെലവു വരും. 2022-23, 2023-24 വർഷത്തെ ബില്ലുകളാണ് ഇത്തരത്തിൽ കുടിശ്ശികയുള്ളത്. ഇതിനായി 44 ലക്ഷത്തോളം രൂപ ചെലവു വരും.
തുക അനുവദിച്ചെന്ന് പറയുന്നുണ്ടെങ്കിലും മൂന്നര ലക്ഷത്തോളം രൂപ മാത്രമാണ് ജില്ല പഞ്ചായത്ത് അനുവദിച്ചിട്ടുള്ളതെന്ന് ദുൽഖിഫിൽ ആരോപിച്ചു. പ്രശ്നം ഉന്നയിച്ചതോടെ തുക അടച്ചിട്ടുണ്ടെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മറുപടി പറഞ്ഞെങ്കിലും ഏത് വർഷത്തെ ബില്ലാണ് അടച്ചതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടതാണ് തർക്കത്തിലേക്ക് നയിച്ചത്. ഉത്തരം പറഞ്ഞതിനുശേഷവും വീണ്ടും പ്രശ്നം ഉന്നയിക്കുന്നത് ശരിയല്ലെന്ന് വൈസ് പ്രസിഡന്റ് പി. ഗവാസ് പറഞ്ഞു.
തിക്കോടി ബൈപാസ് സംബന്ധിച്ച് പ്രസിഡന്റിന് നൽകിയ കത്ത് പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് ദുൽഖിഫിൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. കത്ത് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാൻ പ്രസിഡന്റിന് അവകാശമുണ്ടെങ്കിലും പരിഗണിക്കാതിരിക്കാനുള്ള അവകാശമില്ലെന്നും ഇതിൽ പ്രതിഷേധിച്ചാണ് യോഗം ബഹിഷ്കരിക്കുന്നതെന്നും ദുൽഖിഫിൽ പറഞ്ഞു.
ജില്ല പഞ്ചായത്തിന്റെ അധീനതയിലുള്ള സ്കൂളുകളിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് സ്കൂളുകളെ നോഡൽ സ്കൂളുകളായി ഉയർത്താൻ തീരുമാനിച്ചു. സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനാവശ്യമായ നടപടികളാണ് സ്വീകരിക്കുക. സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും. ഫിസിക്കൽ ഫിറ്റ്നസിനുള്ള സൗകര്യങ്ങൾ, സ്വിമ്മിങ് പൂൾ എന്നിവയടക്കം അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഒരുക്കുക.
സ്വച്ഛ് ഭാരത് മിഷനും ജില്ല പഞ്ചായത്തും സംയുക്തമായി വിവിധ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിൽ ശൗചാലയം നിർമിക്കും. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.വി. റീന, ജില്ല പഞ്ചായത്ത് സെക്രട്ടറി ബിനു സി. കുഞ്ഞപ്പൻ, മെംബർമാരായ റംസീന നരിക്കുനി, ഐ.പി. രാജേഷ്, സി.വി.എം. നജ്മ, റസിയ തോട്ടായി എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.