കോഴിക്കോട്: ലഹരിയുടെ കൈയിൽനിന്ന് വിദ്യാർഥികളെ രക്ഷിക്കാൻ നടപടികളുമായി എക്സൈസ്. സ്കൂളുകൾ തുറന്നതോടെ നഗരത്തിലെ സ്കൂളുകളിലും കോളജുകളിലും പരിശോധന കർശനമാക്കിയിരിക്കുകയാണ് എക്സൈസ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപത്തെ കടകൾ, വാണിജ്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. സ്ഥാപനങ്ങൾക്കടുത്തുള്ള ചെറിയ കടകൾ കേന്ദ്രീകരിച്ചാണ് രഹസ്യവിൽപന ഭൂരിഭാഗവും നടക്കുന്നതെന്നതിനാൽ ഇത് തടയുകയാണ് ലക്ഷ്യം. സ്കൂളുകൾ കേന്ദ്രീകരിച്ച് മഫ്തിയിലും യൂനിഫോമിലും പട്രോളിങ് ആരംഭിച്ചു.
സ്കൂൾ ആരംഭിക്കുന്നതിനും അവസാനിക്കുന്നതിനും ഒരു മണിക്കൂർ മുമ്പ് വിദ്യാലയ പരിസരങ്ങളിൽ പരിശോധന നടത്തും. സ്കൂളുകളുടെ പരിസരത്ത് ആഴ്ചയിൽ മൂന്നുദിവസമെങ്കിലും നിരീക്ഷണമുണ്ടാകും. സ്കൂൾ സമയം കുട്ടികൾ പുറത്തിറങ്ങുന്നുണ്ടെങ്കിൽ രക്ഷിതാക്കളെ അറിയിക്കാനുള്ള നടപടികളും സ്വീകരിക്കും. സ്കൂളുകളിൽ ലഹരിവിരുദ്ധ ക്ലബുകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തും. മാത്രമല്ല ‘വിമുക്തി’യുമായി ചേർന്ന് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. ഇതിനുപുറമെ ബസ് സ്റ്റാൻഡ്, തിരക്കേറിയ ജങ്ഷനുകൾ എന്നിവിടങ്ങളിൽ എക്സൈസിന്റെ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്.
ഒരോ സ്കൂളിലെയും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രത്യേകം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്കൂളുകളിലെ കൗൺസിലർമാരെയും ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. പിടിക്കപ്പെടുന്ന ലഹരിക്കേസുകളിൽ വിദ്യാർഥികളുടെ എണ്ണം വളരെ കൂടുതലാണ്. പെൺകുട്ടികളും വൻതോതിൽ ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിൽ വ്യാപകമായ ലഹരിവേട്ടയാണ് നടന്നത്. പരിശോധനയുടെ ഭാഗമായി കഞ്ചാവ്, എം.ഡി.എം.എ പോലുള്ള ലഹരിമരുന്ന് വിൽപനയും ഉപയോഗവുമായും ബന്ധപ്പെട്ടും നിരവധിപേർ പിടിയിലായിട്ടുണ്ട്.
ലഹരിവിമോചന പദ്ധതിയായ വിമുക്തിയുടെ ഭാഗമായി ആരംഭിച്ച ‘നേർവഴി’ പദ്ധതി കൂടുതൽ ശക്തിപ്പെടുത്തും. ലഹരി ഉപയോഗത്തിലേക്ക് വീണുപോയ കുട്ടികളെ പുതുജീവിതത്തിലേക്ക് കരകയറ്റാനുള്ള പദ്ധതിയാണ് നേർവഴി. അധ്യാപകരുടെ പങ്കാളിത്തത്തോടെയാണ് സ്കൂളുകളിലും കോളജുകളിലും പദ്ധതി നടപ്പാക്കുന്നത്. ഫോണിലോ വാട്സ്ആപ്പിലോ അധ്യാപകർക്ക് ഇത്തരം വിദ്യാർഥികളുടെ വിവരങ്ങൾ നേരിട്ട് എക്സൈസിനെ അറിയിക്കാം. ഫോൺ: 9656178000.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.