കോഴിക്കോട്: തെരഞ്ഞെടുപ്പ് വേളയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കലക്ടർ സ്നേഹിൽ കുമാർ സിങ് കലക്ടറേറ്റിൽ നടത്തിയ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
വ്യാജവാർത്ത ശ്രദ്ധയിൽപെട്ടാൽ തെരഞ്ഞെടുപ്പ് കമീഷന്റെ 1950 ടോൾ ഫ്രീ നമ്പറിൽ പരാതിപ്പെടാം. വ്യാജവാർത്തകളും അപകീർത്തികരമായ വാർത്തകളും പണം, ഉപഹാരം എന്നിവ സ്വീകരിച്ചുള്ള വാർത്തകളും പരിശോധിച്ച് നടപടിയെടുക്കാൻ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിച്ചു. 18 അംഗങ്ങളാണ് രണ്ടു ഷിഫ്റ്റുകളിലായി കമ്മിറ്റിയിൽ പ്രവർത്തിക്കുന്നത്.
25 ലക്ഷത്തോളം വോട്ടർമാരുള്ള ജില്ലയിൽ 2230 പോളിങ് സ്റ്റേഷനുകളാണുള്ളത്. വയനാട് ലോക്സഭ മണ്ഡലത്തിലെ തിരുവമ്പാടി നിയോജകമണ്ഡലത്തിലെ പോളിങ് സ്റ്റേഷനുകളും ഉൾപ്പെടും. ഈ പോളിങ് സ്റ്റേഷനുകൾക്ക് പുറമേ 1500 വോട്ടർമാരിൽ കൂടുതലുള്ള പോളിങ് സ്റ്റേഷന് അനുബന്ധമായി ഓക്സിലറി പോളിങ് സ്റ്റേഷനുകൾ ഉണ്ടാകും. 1500ൽ കൂടുതൽ വോട്ടർമാരുള്ള 25 മുതൽ 30 ശതമാനംവരെ പോളിങ് സ്റ്റേഷനുകൾ ഉണ്ടാകുമെന്ന് കലക്ടർ അറിയിച്ചു.
സബ് കലക്ടർ ഹർഷിൽ ആർ. മീണ, വടകര ലോക്സഭ മണ്ഡലത്തിലെ വരണാധികാരി കൂടിയായ എ.ഡി.എം കെ. അജീഷ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ഡോ. ശീതൾ ജി. മോഹൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
മാർച്ച് 25 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാം. അതിനുശേഷവും പേര് ചേർക്കാമെങ്കിലും വോട്ടർപട്ടികയിൽ പേര് ഉൾപ്പെടില്ല. വോട്ടർപട്ടികയിൽനിന്ന് പേര് നീക്കംചെയ്യാനുള്ള സമയം മാർച്ച് 16ന് കഴിഞ്ഞു.
തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്ന സംഘം ഓരോ നിയമസഭ മണ്ഡലം കേന്ദ്രീകരിച്ചും പ്രവർത്തിക്കും. ഭിന്നശേഷി വിഭാഗത്തിൽപെട്ടവർക്ക് വീട്ടിൽ വോട്ടുചെയ്യാൻ സൗകര്യമൊരുക്കുന്ന 12 ഡി ഫോമുകൾ ബി.എൽ.ഒ വഴി ഏപ്രിൽ രണ്ടുവരെ സ്വീകരിക്കും. ജില്ലയിലെ മൊത്തം വോട്ടർമാരിൽ ഭിന്നശേഷിക്കാരുടെ എണ്ണം 35,000 ഉം 85 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാരുടെ എണ്ണം 25,000വുമാണ്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി സി.ആർ.പി.എഫ് സംഘം ബുധനാഴ്ച നഗരത്തിൽ എത്തുമെന്ന് സിറ്റി പൊലീസ് കമീഷണർ രാജ്പാൽ മീണ അറിയിച്ചു. കോഴിക്കോട് റൂറലിൽ ഒരു സംഘം എത്തിക്കഴിഞ്ഞു. സി.ആർ.പി.എഫിന്റെ റൂട്ട് മാർച്ചും വരും ദിവസങ്ങളിൽ ഉണ്ടാകും.
നഗരത്തിന്റെ ജില്ല അതിർത്തിയിൽ പൊലീസ് ഒമ്പത് ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കും. ഇതിൽ കൂടുതലും മലപ്പുറം അതിർത്തിയിൽ ആയിരിക്കും. രാഷ്ട്രീയ പാർട്ടികൾ ലൗഡ്സ്പീക്കർ അനുമതി നിർബന്ധമായി വാങ്ങിയിരിക്കണം. അനുമതി രേഖ പ്രചാരണ വാഹനത്തിന്റെ മുന്നിൽ പതിക്കണമെന്നും കമീഷണർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.