കോഴിക്കോട്: തെറ്റായ പരിശോധനഫലത്തിനെതിരെ ആരോഗ്യ വകുപ്പിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആരോപണം. ബാലുശേരി എരമംഗലം സ്വദേശി ഷെവീജാണ് ആരോഗ്യ വകുപ്പിന്റെ അവഗണനക്ക് ഇരയായത്.
ഷെവീജിന് ഡെങ്കിപ്പനിയാണെന്ന് ബാലുശേരി താലൂക്ക് ആശുപത്രിയിൽ നിന്ന് അറിയിക്കുകയും വിദഗ്ധചികിത്സക്ക് മറ്റ് ആശുപത്രികളെ സമീപിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതു പ്രകാരം സ്വകാര്യ ആശുപത്രിയിൽ രണ്ടു തവണ നടത്തിയ പരിശോധനയിലും ഡെങ്കിപ്പനിയില്ലെന്ന റിപ്പോർട്ടാണ് ലഭിച്ചതെന്ന് ഷെവീജ് പറഞ്ഞു.
ജൂൺ 15ന് കോവിഡ് സ്ഥിരീകരിച്ച തനിക്ക് പനി വിട്ടുമാറാത്തതിനെ തുടർന്ന് ആരോഗ്യ വകുപ്പിൽ അറിയിക്കുകയായിരുന്നെന്ന് ഷെവീജ് പറഞ്ഞു. അവരുടെ നിർദേശ പ്രകാരം ജൂൺ 25 ന് ബാലുശേരി താലൂക്ക് ആശുപത്രിയിൽ ഡെങ്കിപ്പനി പരിശോധിക്കാൻ സ്വയം ആംബുലൻസ് വിളിച്ചു പോയി. കോവിഡും ഡെങ്കിപ്പനിയും കൂടെയായതിനാൽ വിദഗ്ധ ചികിത്സക്ക് മറ്റെവിടെയെങ്കിലും കാണിക്കാൻ താലൂക്ക് ആശുപത്രിക്കാർ ആവശ്യപ്പെടുകയും അതു പ്രകാരം മൊടക്കല്ലൂർ മലബാർ മെഡി.കോളജിൽ പോവുകയും ചെയ്തു. അവിടെ നിന്നും മറ്റെവിടെയെങ്കിലും ചികിത്സ തേടാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയെ സമീപിക്കുകയായിരുന്നു.അവിടെ നടത്തിയ പരിശോധന ഫലം അടുത്ത ദിവസമാണ് ലഭിച്ചത്.
അതിൽ ഡെങ്കിപ്പനിയില്ലെന്നായിരുന്നു റിപ്പോർട്ട്. ഫലം ഉറപ്പിക്കുന്നതിനായി കൂടുതൽ പരിശോധനകൾ നടത്തുകയും ഡെങ്കിയില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു. തുടർന്ന് ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തിയപ്പോഴേക്കും 25,000 രൂപയിലേറെ ചെലവായിരുന്നു. ജൂൺ 30 ന് തനിക്ക് കോവിഡ് നെഗറ്റിവായെങ്കിലും മാതാവിന് പോസിറ്റിവായതിനാൽ സമ്പർക്ക വിലക്കിൽ തുടരേണ്ടി വന്നു. അവരും നെഗറ്റിവായ ശേഷം ജൂലൈ 19ന് ഡി.എം.ഒയെ കണ്ട് താൻ നേരിട്ട ബുദ്ധിമുട്ടുകൾ പരാതിയായി നൽകിയിരുന്നു. ജോലിയില്ലാതെ ഇരിക്കുന്ന കോവിഡ് കാലത്ത് തെറ്റായ പരിശോധന ഫലത്തിന്റെ പേരിൽ ഉണ്ടായ അനാവശ്യ ചെലവുകളടക്കം ചൂണ്ടിക്കാട്ടിയിട്ടും ഒരു നടപടിയും ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നും ഷെവീജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.