നാദാപുരം: കെ.എസ്.ആർ.ടി.സിയുടെ ഫാമിലി ബജറ്റ് ടൂർ പദ്ധതി ശ്രദ്ധനേടുന്നു. കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ കാണാൻ സൗകര്യമൊരുക്കി എല്ലാ ജില്ലകളിൽ നിന്നുമാണ് കെ.എസ്.ആർ.ടി.സി ടൂർ പദ്ധതിയുടെ സർവിസ്.
രണ്ട് വർഷം മുമ്പ് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പദ്ധതിക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചതോടെ സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെല്ലാം സർവിസ് ആരംഭിച്ചിരിക്കുകയാണ്. ജില്ല കേന്ദ്രങ്ങളിലുള്ള ഉദ്യോഗസ്ഥരാണ് യാത്ര ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്. സാധാരണക്കാരുടെ ബജറ്റിന് യോജിച്ച പാക്കേജുകളാണ് പദ്ധതിയുടെ പ്രത്യേകത.
താമസം, ഭക്ഷണ സൗകര്യം എന്നിവയെല്ലാം ചുരുങ്ങിയ ചെലവിൽ കമ്പനി തന്നെ ഒരുക്കുന്നു. കുടുംബത്തിനൊന്നിച്ച് സുരക്ഷിതമായ നിലയിൽ യാത്ര ചെയ്യാമെന്നത് ആളുകളെ ഇതിലേക്ക് അടുപ്പിക്കുന്നു.
ഒരു ദിവസം മുതൽ മൂന്നുദിവസം വരെയാണ് യാത്ര കാലാവധി. കോഴിക്കോടുനിന്ന് അതിരപ്പള്ളി-മൂന്നാർ, ഗവി-പരുന്തൻപാറ, വാഗമൺ-കുമളി, അതിരപ്പള്ളി-മലക്കപ്പാറ, മലമ്പുഴ, കൊച്ചിൻ ഷിപ് യാർഡ്, വയനാട്, നെല്ലിയാമ്പതി, പൈതൽമല എന്നിവിടങ്ങളിലേക്ക് എല്ലാ ആഴ്ചയും സർവിസുണ്ട്. കോഴിക്കോട് നഗരക്കാഴ്ചകൾക്കായി പ്രത്യേക സർവിസും ഒരുക്കിയിട്ടുണ്ട്.
പദ്ധതി കൂടുതൽ ആകർഷകമാക്കാൻ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ബസിന്റെ ബോർഡുകളിൽ ഇംഗ്ലീഷ് നിർബന്ധമാക്കി. ബസിന്റെ അകവും പുറവും ശുചിയായി സൂക്ഷിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ബസ് വാഷിങ് ഗുണമേന്മ ഷീറ്റ് സംവിധാനവും ഏർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.