ഫറോക്ക്: മാനസികനില തെറ്റിയ യുവാവ് പൊലീസ് സ്റ്റേഷനിൽ ശരീരത്തിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയത് പൊലീസിനെയും നാട്ടുകാരെയും മുൾമുനയിൽ നിർത്തി. ഏറെനേരം അനുനയിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ല. തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന യുവാവിന്റെ ശരീരത്തിലേക്ക് വെള്ളം പമ്പ് ചെയ്യുകയും താഴെ വീണ യുവാവിനെ ഞൊടിയിടയിൽ കീഴ്പ്പെടുത്തുകയുമായിരുന്നു.
ചെറുവണ്ണൂർ കുണ്ടായിത്തോട് സ്വദേശിയായ യുവാവാണ് ചൊവ്വാഴ്ച വൈകീട്ട് ഫറോക്ക് പൊലീസ് സ്റ്റേഷൻ മുറ്റത്തെത്തി ഒരു കൈയിൽ പെട്രോൾ നിറച്ച ബോട്ടിലും മറു കൈയിൽ ലൈറ്ററുമായി സ്വന്തം ശരീരത്തിൽ പെട്രോൾ ഒഴിച്ച് കത്തിക്കുമെന്ന ഭീഷണിമുഴക്കിയത്. പൊലീസ് പലതവണ ശ്രമിച്ചെങ്കിലും യുവാവ് വഴങ്ങിയില്ല.
തന്റെ അടുത്തേക്കുവന്നാൽ കത്തിക്കുമെന്ന ഭീഷണിമുഴക്കി. വിവരമറിഞ്ഞ് മീഞ്ചന്തയിൽനിന്ന് അഗ്നിരക്ഷാ യൂനിറ്റും കുതിച്ചെത്തി. നാട്ടുകാർ തടിച്ചുകൂടിയത് ദേശീയപാതയിൽ ഗതാഗതതടസ്സത്തിന് കാരണമായി.
ഏറെനേരം ശ്രമിച്ചെങ്കിലും വഴങ്ങാതിരുന്നതിനെ തുടർന്ന് ഇരുഭാഗത്തുനിന്നും അഗ്നിരക്ഷാസേന വെള്ളം ശക്തിയായി പമ്പ് ചെയ്യുകയും നിലത്തുവീണ യുവാവിനെ കീഴ്‌പ്പെടുത്തുകയുമായിരുന്നു. തുടർന്ന് ഫറോക്ക് താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയമാക്കി. പൊലീസ് വിവരം അറിയിച്ചതിനെ തുടർന്ന് ഭാര്യയും ബന്ധുക്കളും സ്റ്റേഷനിലെത്തി. രാത്രിയോടെ യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.
അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ പി. സുനിൽ, സീനിയർ അഗ്നിരക്ഷാസേന ഓഫിസർ പി.സി. മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. അഗ്നിരക്ഷാ സേനാംഗങ്ങളായ ഇ.എം. അബ്ദുറഫീഖ്, വി.പി. രാഗിൻ, എ. ലിജു, ജോസഫ് ബാബു, ജിൻസ് ജോർജ്, വി.പി. രജീഷ്, ബൈജു രാജ്, ഹോം ഗാർഡുമാരായ പ്രദീപ് മേനോൻ, കെ. സത്യൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.