ഫറോക്ക്: വീശിയടിക്കുന്ന കാറ്റിനെയും പുഴയിലെ അടിയൊഴുക്കിനെയും കൈകാലുകളില്‍ ചങ്ങലകള്‍ തീര്‍ക്കുന്ന പ്രതിബന്ധങ്ങളെയും ആത്മവിശ്വാസത്താല്‍ നീന്തിക്കടന്ന് ചാലിയാറിന്റെ ഓളപ്പരപ്പില്‍ വിസ്മയം തീര്‍ക്കാന്‍ ഒരുങ്ങുകയാണ് ചാലിയത്തു നിന്നൊരു യുവാവ്.
ഞായറാഴ്ച വൈകീട്ട് നാലിനും അഞ്ചിനുമിടയിൽ ചാലിയം കോസ്റ്റല്‍ പൊലീസ് പരിസരത്തുനിന്ന് തുടങ്ങി ബേപ്പൂർ കരയിൽ അവസാനിക്കുന്ന രീതിയിലാണ് 21കാരനായ ആദിലിന്റെ അത്ഭുത പ്രകടനം. ‘തീരസുരക്ഷ നാടിന്റെ രക്ഷ’ എന്ന സന്ദേശത്തോടെ ബി.സി.സി ചാലിയം ആണ് പരിപാടി സംഘടിപ്പിക്കുന്നത്.
മൂന്നു വയസ്സാകുന്നതിനു മുമ്പുതന്നെ ആദില്‍ നീന്തിത്തുടങ്ങിയിരുന്നു. വീടിനടുത്തുള്ള ചാലിയം ജുമുഅത്ത് പള്ളിയുടെ കുളത്തില്‍ പിതാവിന്റെ ശിക്ഷണത്തിലായിരുന്നു പരിശീലനം. ആറു വയസ്സാകുമ്പോഴേക്കും കൈകാലുകള്‍ ബന്ധിച്ച് ദീര്‍ഘനേരം നീന്താന്‍ ആദില്‍ പരിശീലിച്ചുകഴിഞ്ഞിരുന്നു.
2012ൽ ഒമ്പതു വയസ്സുള്ളപ്പോഴാണ് ആദില്‍ ആദ്യമായി ലോക റെക്കോഡിനൊരുങ്ങിയത്. 2007ല്‍ ചൈനയിലെ യാങ്സെ നദിയുടെ കൈവഴിയില്‍ പത്തുവയസ്സുകാരനായ ഹുയാന്‍ലി മൂന്നു മണിക്കൂറുകൊണ്ട് മൂന്നു കിലോമീറ്റര്‍ നീന്തിയ റെക്കോഡാണ് ആദില്‍ അന്ന് മറികടന്നത്.
ബേപ്പൂരിലെ ജങ്കാറില്‍നിന്ന് തുടങ്ങി കോടമ്പുഴ വരെയുള്ള 4.68 കിലോമീറ്റര്‍ മൂന്നു മണിക്കൂറുകൊണ്ട് നീന്തിയാണ് ആദില്‍ നിലവിലുണ്ടായിരുന്ന റെക്കോഡ് തകര്‍ത്തത്. എന്നാല്‍, ചില സാങ്കേതിക കാരണങ്ങൾ നിമിത്തം ഗിന്നസിൽ ഇടം പിടിക്കാനായില്ല.
ഡി.ടി.എച്ച് ടെക്നീഷ്യനും ചാലിയം അങ്ങാടിയിലെ ചായക്കച്ചവടക്കാരനുമായ പാതിരിക്കാട് മാളിയേക്കൽ അബ്ദുല്ലക്കുട്ടി എന്ന ആതിഖിന്റെയും വീട്ടമ്മയായ റസീനയുടെയും മൂന്നാമത്തെ മകനാണ് ആദിൽ. മാത്തറ പി.കെ കോളജില്‍നിന്ന് ഈ വര്‍ഷം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ പരീക്ഷയെഴുതി റിസൽട്ട് കാത്തിരിക്കുകയാണ്. ബംഗളൂരുവിലാണ് ഉപരിപഠനം ആഗ്രഹിക്കുന്നതെന്ന് ആദിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.