ഫറോക്ക് (കോഴിക്കോട്): ജനങ്ങളുടെ കടുത്ത പ്രതിഷേധം വകവെക്കാതെ കെ-റെയിൽ സർവേക്കെത്തിയ ഉദ്യോഗസ്ഥരെ സംഘടിച്ചെത്തിയ നാട്ടുകാർ തടഞ്ഞു. ഒരുവിധ മുന്നറിയിപ്പുമില്ലാതെ വീടുകളുടെ വളപ്പിൽ കയറി ധിക്കാരപരമായി സർവേക്കല്ല് നാട്ടാനെത്തിയ ഉദ്യോഗസ്ഥരെ കെ-റയിൽ വിരുദ്ധ ജനകീയസമിതി പ്രവർത്തകരുടെ നേതൃത്വത്തിലാണ് തടഞ്ഞത്.
വീട്ടുകാർക്ക് നോട്ടീസോ മറ്റോ നൽകിയിരുന്നില്ല. വൻ പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ മറികടക്കാനായില്ല. നാട്ടിയ സർവേക്കല്ലുകൾ പിഴുതെറിയുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു. ഉദ്യോഗസ്ഥരുമായി പലസ്ഥലത്തും സംഘർഷമുണ്ടായി.
ബുധനാഴ്ച വൈകീട്ട് മൂന്നിനാണ് ചെറുവണ്ണൂർ ചെറൂക്കപറമ്പിൽ സംഘർഷമുണ്ടായത്. സർവേ നടത്താൻ സ്വകാര്യവ്യക്തിയുടെ ഭൂമിയിലേക്ക് അതിക്രമിച്ച് വന്ന ഉദ്യോഗസ്ഥരെ പ്രദേശവാസികൾ തടയുകയും തിരിച്ചയക്കുകയും ചെയ്തു. തൊട്ടടുത്ത വീട്ടുപറമ്പിൽ കല്ല്നാട്ടിയെങ്കിലും വൻ സംഘർഷമുണ്ടായി.
സർവേക്കല്ല് നാട്ടാൻ അനുവദിക്കുകയില്ലെന്നറിയിച്ച് മുദ്രാവാക്യം വിളിച്ചാണ് സമിതി പ്രവർത്തകർ തടഞ്ഞത്. കെ-റെയിൽ വിരുദ്ധ ജനകീയ സമിതി നേതാക്കളായ ഖയ്യൂം, സി.പി. ഷാനവാസ്, മുജീബ് ആറ്റിയേടത്ത്, എ. ഷിയാസ്, എം. മുസ്തഫ, ടി. രമേശൻ, പി. അക്ബർ, ശ്രീനിവാസൻ, ബാലൻ, നൗഷാദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.