ഫ​റോ​ക്ക് പ​ഴ​യ​പാ​ല​ത്തി​ൽ ത​ടി​യു​മാ​യെ​ത്തി​യ ലോ​റി ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ത​ടി​ക്ക​ഷ​ണ​ങ്ങ​ൾ

താ​ഴെ​യി​റ​ക്കാ​നു​ള്ള ശ്ര​മം

ഫറോക്ക് പഴയപാലത്തിലെ സുരക്ഷ കവചത്തിൽ വീണ്ടും ലോറിയിടിച്ചു

ഫറോക്ക്: നവീകരിച്ച് ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ഫറോക്ക് പഴയ ഇരുമ്പുപാലത്തിൽ സ്ഥാപിച്ച സുരക്ഷ കവചം വാഹനങ്ങൾക്ക് പാരയാവുന്നു. ഞായറാഴ്ച പുലർച്ച തടി കയറ്റിവന്ന ലോറി സുരക്ഷ കവചത്തിൽ ഇടിച്ച് കവചം ഭാഗികമായി തകർന്നു.

അശാസ്ത്രീയ രീതിയിൽ പാലത്തിൽ ഇരുവശത്തും സ്ഥാപിച്ച ഇരുമ്പുകവചങ്ങൾ സാധാരണ ഇതുവഴി സഞ്ചരിച്ചിരുന്ന വലിയ വാഹനങ്ങൾക്ക് വിനയാവുകയാണ്. സുരക്ഷ കണക്കിലെടുത്ത് നേരത്തേ ഇരു പ്രവേശന ഭാഗത്തിന്റെയും 50 മീറ്റർ അകലെ മൂന്നുതവണ സുരക്ഷ കവചങ്ങൾ സ്ഥാപിച്ചിരുന്നെങ്കിലും ഉയരം കൂടിയ വാഹനങ്ങൾ ഇടിച്ച് എല്ലാം തകർന്നിരുന്നു.

പിന്നീട് ഉയരം കൂടിയ വാഹനങ്ങൾ ഇതുവഴി സഞ്ചരിച്ച് പാലത്തിന്റെ 10ൽപരം ഇരുമ്പ് ചട്ടക്കൂട് തകർത്തിരുന്നു. തുടർന്ന് 90 ലക്ഷം രൂപ ചെലവഴിച്ച് പാലത്തിന്റെ അറ്റകുറ്റപ്പണിയും ചായം പൂശലും ഇരുവശങ്ങളിലുമായി 50 മീറ്റർ അകലത്തിൽ പുതിയ സുരക്ഷ കമാനങ്ങൾ നിർമിക്കുന്നതുമടക്കം പ്രവൃത്തിക്കായി പാലം മൂന്നു മാസത്തേക്ക് അടച്ചിരുന്നു.

ഇതേത്തുടർന്ന് മേഖലയിൽ വ്യാപകമായി ഗതാഗത സ്തംഭനം പതിവായിരുന്നു. ഏറെ പ്രതിഷേധങ്ങൾക്കിടയിൽ ചായം പൂശൽ പൂർത്തിയാക്കി. പാലത്തിൽ ഇരുവശത്തും ഇരുമ്പിന്റെ സുരക്ഷ കവചം സ്ഥാപിച്ചു. മുകളിലെ ഇരുമ്പ് ചട്ടക്കൂട് പുനർനിർമിച്ചു.

ധിറുതി പിടിച്ച് ഉദ്ഘാടനവും ഉത്സവാന്തരീക്ഷത്തിൽ നടത്തി. എന്നാൽ, ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ടൂറിസ്റ്റ് ബസ് പുതിയ സുരക്ഷ കവചത്തിൽ ഇടിച്ചു. സിഗ്നൽ ലൈറ്റും ബസിന്റെ എയർ കണ്ടിഷനുകളും പൂർണമായും തകർന്നു.

അന്നുതന്നെ വൈകീട്ട് മറ്റൊരു ടൂറിസ്റ്റ് ബസും ഈ പുതിയ കവചത്തിൽ കുടുങ്ങി. രണ്ടു ദിവസത്തിനുള്ളിൽ വീണ്ടും മറ്റൊരു ചരക്കുലോറിയും കുടുങ്ങി. ബ്രിട്ടീഷ് നിർമിത പാലത്തിന്റെ ഉയരം മൂന്നു മീറ്റർ 60 സെൻറിമീറ്ററാണ്. എന്നാൽ, പാലത്തിൽ സ്ഥാപിച്ച സുരക്ഷ കവചം ഈ ഉയരം കുറച്ചിരിക്കുകയാണ്.

ഇതോടെ വലിയ ബസടക്കമുള്ള വാഹനങ്ങൾക്ക് ഈ പാലത്തിലൂടെ പ്രവേശനം അസാധ്യമായി. അറ്റകുറ്റപ്പണിക്ക് മുമ്പ് നേരത്തേ ഇതുവഴി സഞ്ചരിച്ച വാഹനങ്ങളാണ് കുടുങ്ങിയവയിൽ അധികവും.

ഉയരം കുറച്ചത് അറിയാതെ വന്നുപെടുന്ന വാഹനങ്ങൾ പാലത്തിൽ ഇടിച്ച് പാലത്തിനും വാഹനങ്ങൾക്കും കേടുപാട് സംഭവിക്കുന്നു. പാലത്തിനു പുറത്ത് സ്ഥാപിക്കുന്ന സുരക്ഷ കവചത്തിന്റെ പ്രവൃത്തി എവിടെയും എത്തിയിട്ടില്ല.

വാഹനങ്ങൾ പാലത്തിൽ ഇടിക്കുന്നത് നിത്യസംഭവമായതിനെ തുടർന്ന് ഇരുവശത്തും 24 മണിക്കൂറും രണ്ട് പൊലീസുകാരെ നിയോഗിച്ചിരുന്നു. ഉയരക്കൂടുതലുള്ള വാഹനങ്ങൾ ഇതുവഴി എത്തിയാൽ തിരിച്ചയക്കാറാണ് പതിവ്.

എന്നാൽ, ഞായറാഴ്ച പുലർച്ച മൂന്നിന് തടിയുമായി എത്തിയ ലോറി പാലത്തിൽ ഇടിച്ചു. തുടർന്ന് കുറെ തടിക്കഷണങ്ങൾ താഴെ ഇറക്കിയശേഷമാണ് ലോറി പിറകോട്ടെടുത്തത്. പാലത്തിൽ സ്ഥാപിച്ച പുതിയ സുരക്ഷ കവചം ഒഴിവാക്കി ഇരുവശത്തും 50 മീറ്റർ ദൂരത്തിൽ ബലമുള്ള സുരക്ഷ കമാനങ്ങൾ എത്രയും പെട്ടെന്ന് നിർമിക്കണമെന്നതാണ് ആവശ്യം.

Tags:    
News Summary - The lorry hit the safety shield on the Feroke Bridge again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.