ഫറോക്ക്: പഴയ ഇരുമ്പുപാലത്തിൽ ഉയരമുള്ള വാഹനങ്ങൾ പ്രവേശിക്കാതിരിക്കാൻ ഫറോക്ക് ഭാഗത്ത് സ്ഥാപിച്ച സുരക്ഷ കാമാനവും അപകടാവസ്ഥയിൽ. ബുധനാഴ്ച അജ്ഞാത വാഹനമിടിച്ചതോടെ കമാനത്തിന്റെ അടിത്തറ ഇളകിയ നിലയിലാണ്. ദിവസേന നൂറുക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിൽ സുരക്ഷ കമാനം ഏതുസമയവും നിലംപൊത്താവുന്ന നിലയിലാണ്.
കോൺക്രീറ്റ് ചെയ്ത് സ്ഥാപിച്ച ടവർ ബോൾട്ടുകളിൽ ഒന്നിനുപോലും നട്ടില്ലാതെ കമാനം വേർപെട്ടനിലയിലാണ്. കഴിഞ്ഞ ആഴ്ചയിൽ പാലത്തിന്റെ ഇരുവശങ്ങളിലും റോഡിൽ ഹമ്പ് സ്ഥാപിച്ചെങ്കിലും കണ്ടെയ്നർ ലോറികൾ ദിവസേന വന്നിടിക്കുന്നത് പതിവായിരിക്കുകയാണ്.
ഫറോക്ക് ഭാഗത്തുള്ള സുരക്ഷ കമാനമാണ് അടിത്തറയിൽനിന്ന് വേർപെട്ടുകിടക്കുന്നത്. പാലത്തിലേക്ക് അതിവേഗത്തിൽ വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാൻ മരാമത്ത് വകുപ്പ് ഇടപെട്ടാണ് ഇരു കവാടത്തിലും വേഗത്തടയും സുരക്ഷ കമാനങ്ങളും ഒരുക്കിയത്.
3.60 മീറ്ററിൽ അധികം ഉയരമുള്ള വാഹനങ്ങൾ നിരോധിച്ചത് സൂചിപ്പിച്ച് ഫറോക്ക് ഭാഗത്ത് പാലം എത്തുന്നതിന് മുമ്പും ചെറുവണ്ണൂർ ജങ്ഷൻ പരിസരത്തും പാലത്തിന്റെ പരിസരത്തും ബോർഡുകൾ സ്ഥാപിച്ചിട്ടും അശ്രദ്ധയിൽ കുതിച്ചെത്തുന്ന ചരക്കുവാഹനങ്ങൾ വന്നിടിക്കുന്നത് തടയാൻ നൂതന മാർഗങ്ങൾ കണ്ടെത്താൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പാലം നവീകരിച്ച് തുറന്നുനൽകിയതോടെ അപകടങ്ങൾ നിത്യസംഭവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.