ഫറോക്ക്: തൊഴിലെടുത്ത കമ്പനി കത്തിച്ചാമ്പലായെങ്കിലും ജീവൻ രക്ഷപ്പെട്ട ആശ്വാസത്തിലാണ് ചെറുവണ്ണൂർ കൊളത്തറയിലെ മാർക്ക് ചെരിപ്പ് കമ്പനിയിലെ ഇതരസംസ്ഥാന തൊഴിലാളികൾ. പതിവുപോലെ ജോലികഴിഞ്ഞ് ഭക്ഷണവും കഴിച്ച് കിടന്നതായിരുന്നു 80ൽപരം തൊഴിലാളികൾ. കമ്പനിയുടെ മുകൾനിലയിലാണ് ഇവർ താമസിക്കുന്നത്.
അർധരാത്രി ഒന്നരയോടെയാണ് താഴെ കമ്പനിയിൽ തീപിടിത്തമുണ്ടായത്. അസഹ്യമായ ചൂടും പുകയും അനുഭവപ്പെട്ടതോടെയാണ് ഇവരിൽ പലരും ഉണർന്നത്. എന്തോ സംഭവിച്ചെന്ന് ബോധ്യമായ ഇവർ എല്ലാവരും ഞൊടിയിടയിൽ കിട്ടിയ വഴിയിലൂടെയും മുകൾനിലയിൽനിന്ന് താഴേക്ക് ചാടിയും പുറത്തേക്ക് രക്ഷപ്പെടുകയായിരുന്നു. നിമിഷനേരംകൊണ്ട് ഇവർ താമസിച്ച കെട്ടിടം പൂർണമായും അഗ്നിവിഴുങ്ങി.
തീപിടിത്തത്തിൽ കമ്പനിയുടെ ഭൂരിഭാഗവും കത്തിനശിച്ചെങ്കിലും പടിഞ്ഞാറ് ഭാഗത്തുള്ള വിലപിടിപ്പുള്ള യന്ത്രങ്ങൾ അഗ്നിശമന സേനക്ക് രക്ഷപ്പെടുത്താനായി.
കൂടാതെ തൊട്ടടുത്തുള്ള മറ്റ് കമ്പനികളിലെക്ക് തീപടരാതെ തടയാനായതും അവസരോചിതമായ ഇടപെടലൽമൂലമാണ്. നാട്ടുകാരും ഉറക്കമൊഴിച്ച് രക്ഷാപ്രവർത്തനത്തിൽ സജീവമായി. ചെരിപ്പ് നിർമിക്കാൻ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളും രാസപദാർഥങ്ങളും വൻതോതിൽ കമ്പനിക്ക് അകത്തും പുറത്തും ശേഖരിച്ചുവെച്ചിരുന്നത് വിനയായി. ഇവയിലേക്ക് തീപടർന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. അടുക്കളയിലെ വാതക സിലിണ്ടർ ഇതരസംസ്ഥാന ജീവനക്കാർ തീപിടിത്തമുണ്ടായപ്പോൾ പുറത്തേക്ക് മാറ്റിയിരുന്നു.
കമ്പനിയിലെ തീപിടിത്തകാരണം അറിവായിട്ടില്ല. നഷ്ടം കണക്കാക്കിവരുന്നു. കമ്പനി കേരളത്തിൽ ആദ്യത്തെ പോളിയൂറിത്തിൻ ചെരിപ്പ് നിർമാണ യൂനിറ്റിനായി 1985ൽ നിർമിച്ച കെട്ടിടമാണിത്.
ഇതിെൻറ ഉടമസ്ഥത റേഡിയന്റ് ഗ്രൂപ് ഏറ്റെടുത്ത ശേഷം 2008ൽ കൂടുൽ വെന്റിലേഷൻ ലഭിക്കുന്ന രീതിയിൽ പുനർനിർമാണം നടത്തിയിരുന്നതായി ഉടമ പറഞ്ഞു. ആറ് യുവ സംരംഭകരാണ് ഇപ്പോഴത്തെ ഡയറക്ടർമാർ.
പുലർച്ചെ രണ്ടരയോടെ തീ അപായ സന്ദേശം ലഭിച്ച ഉടനെ ആദ്യം മീഞ്ചന്ത അഗ്നിശമന നിലയത്തിൽനിന്ന് അസി. സ്റ്റേഷൻ ഓഫിസർമാരായ ബിജു, ഇ. ശിഹാബുദ്ധീൻ, പി.കെ. സജിലൻ, എസ്.എഫ്.ആർ.ഒ. അബ്ദുൽകരീം എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് അഗ്നിശമന വാഹനം സംഭവസ്ഥലത്തെത്തി. എന്നാൽ, കമ്പനിയിലെ പോളി യൂറിത്തിൻ ബാരലിന് തീപിടിച്ചതിനാലും കമ്പനി ഷെഡ് തകർന്നനാലും അഗ്നിശമന പ്രവർത്തനം ദുഷ്കരമായി. തുടർന്ന് കൂടുതൽ അഗ്നിശമന വാഹനങ്ങൾ എത്തിക്കാൻ നിർദേശിച്ചതനുസരിച്ച് മലപ്പുറം, കോഴിക്കോട് ജില്ലയിലെ വിവിധ നിലയങ്ങളിൽനിന്നും കുടുതൽ അഗ്നിശമന വാഹനങ്ങൾ എത്തുകയായിരുന്നു. അഗ്നിശമനസേന റീജനൽ ഫയർ ഓഫിസർ ടി. രജീഷിെൻറ മേൽനോട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തി.
കെട്ടിടത്തിെൻറ ഒരുഭാഗത്ത് രക്ഷാപ്രവർത്തനങ്ങൾക്ക് കെ.പി. ബാബുരാജ്, എം.കെ. പ്രമോദ് കുമാർ, അസി. സ്റ്റേഷൻ ഓഫിസർമാരായ വി.കെ. ബിജു, ഇ. ശിഹാബുദ്ധീൻ, പി.കെ. സജിലൻ, അബ്ദുൽ ഫൈസി, അബ്ദുൽ കരീം എന്നിവർ നേതൃത്വം നൽകി. ഒരുമാസത്തിനുള്ളിൽ ഫറോക്ക് മേഖലയിൽ ഇത് മൂന്നാമത്തെ വലിയ തീപിടിത്തമാണ്. കഴിഞ്ഞ 12ാം തീയതിയാണ് ഫറോക്ക് തുമ്പപ്പാടത്തെ പെർഫെക്ട് ഹാർഡ് വെയർ ഗോഡൗണിൽ തീപിടിത്തമുണ്ടായത്.
ഒരുകോടിയിലേറെ രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ഇതിന് 200 മീറ്റർ ദൂരത്തിലുള്ള സോന മാർക്കറ്റിങ് എന്ന ഇലക്ട്രിക്കൽ സ്ഥാപനം കത്തിനശിച്ച് ഒരു കോടി രൂപയുടെ നാശനഷ്ടമുണ്ടായത് കഴിഞ്ഞ മാസം 27നാണ്.
ഈ കെട്ടിടത്തിൽ മുകൾനിലയിൽ താമസിച്ചിരുന്ന മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളും അന്ന് രക്ഷപ്പെട്ടത് തലനാരിഴക്കാണ്. ഇവിടെയും പുലർച്ചെ ഒരുമണിയോടെയാണ് തീപിടിത്തമുണ്ടായത്.
മൂന്ന് സ്ഥാപനങ്ങളിലും യുവ സംരംഭകരുടെ സ്വപ്നങ്ങളാണ് അഗ്നി വിഴുങ്ങിയത്. സംഭവമറിഞ്ഞ് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, കോഴിക്കോട് മേയർ എന്നിവർ സ്ഥലത്തെത്തി. നല്ലളം പൊലീസും സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. ഫോറൻസിക് വിദഗ്ധ സിന്ധുവിെൻറ നേതൃത്വത്തിൽ പരിശോധന നടത്തുകയും സാമ്പിളുകൾ ശേഖരിക്കുകയും പരിശോധനക്ക് അയക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.