കോഴിക്കോട്: വിപണിയിൽ അഴുകിയ മത്സ്യം വിൽക്കുന്നുവെന്ന പരാതി വ്യാപകമായതോടെ മത്സ്യ മാർക്കറ്റുകളും ഹാർബറുകളും കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷ വകുപ്പ് പാതിരാ പരിശോധന നടത്തി. മൊത്തവിപണന കേന്ദ്രത്തിൽ വിൽപനക്കുവെച്ച 130 കിലോ അഴുകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചതായി ഭക്ഷ്യസുരക്ഷ വകുപ്പ് അസി. കമീഷണർ എ. സക്കീർ ഹുസൈൻ അറിയിച്ചു. ജില്ലയിൽ വടകര, കൊയിലാണ്ടി മേഖലകളിലാണ് വെള്ളിഴാഴ്ച അർധരാത്രിയോടെ പരിശോധന നടത്തിയത്. വടകര ഭക്ഷ്യസുരക്ഷ ഓഫിസർ അമയ ബാബു കൊയിലാണ്ടി, ഭക്ഷ്യസുരക്ഷ ഓഫിസർ വിജി വിൽസൺ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
കൊയിലാണ്ടി ഹാർബറിന് സമീപം മാർക്കറ്റിൽ വിൽപനക്ക് കൊണ്ടു വന്ന മത്സ്യമാണ് പഴകിയതായി കണ്ടെത്തിയതിനെത്തുടർന്ന് പിടിച്ചെടുത്ത് നശിപ്പിച്ചത്. അയൽ സംസ്ഥാനങ്ങളിൽനിന്ന് കൃത്യമായി ഐസ് ഇടാതെ കൊണ്ടുവന്ന മത്സ്യമാണ് കേടായ നിലയിൽ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കൊയിലാണ്ടി, വടകര ഹാർബറുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിലേക്കെത്തിയ 20ഓളം കണ്ടെയ്നർ മൊബൈൽ ലാബിന്റെ സഹായത്തിൽ പരിശോധിച്ചു. മൊത്ത വിപണന കേന്ദ്രത്തിൽനിന്നും ഹാർബറിൽനിന്നും മത്സ്യം എടുത്ത് വിൽപനക്കായി എത്തിയ 200 ചെറുവാഹനങ്ങൾക്ക് ഭക്ഷ്യസുരക്ഷ രജിസ്ട്രേഷൻ എടുക്കണമെന്ന് കാണിച്ച് നോട്ടീസ് നൽകി. മത്സ്യ മൊത്തവ്യാപാരികളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മത്സ്യം കൊണ്ടുവരുന്ന കണ്ടെയ്നറുകളും ഭക്ഷ്യസുരക്ഷ ലൈസൻസ് എടുക്കണമെന്നും ലൈസൻസ് എടുക്കാതെ വരുന്ന കണ്ടെയ്നറുകൾ തിരിച്ചയക്കുമെന്നും മത്സ്യ മാർക്കറ്റുകളിലെ പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും ഭക്ഷ്യസുരക്ഷ അസി. കമീഷണർ എ. സക്കീർ ഹുസൈൻ അറിയിച്ചു.
മത്സ്യം വിൽപന നടത്തുന്ന ചെറിയ വാഹനങ്ങൾ ഭക്ഷ്യസുരക്ഷ രജിസ്ട്രേഷൻ എടുക്കേണ്ടതാണെന്ന് ഭക്ഷ്യസുരക്ഷ അസി. കമീഷണർ അറിയിച്ചു. ഒരു വർഷത്തേക്ക് 100 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. അഞ്ച് വർഷത്തെ ഫീസ് ഒരുമിച്ച് അടക്കാം. ആധാറും ഫോട്ടോയും വാഹനത്തിന്റെ ആർ.സി ബുക്കിന്റെ കോപ്പിയുമാണ് രജിസ്ട്രേഷന് വേണ്ടത്. ഓൺലൈൻ വഴിയോ അക്ഷയ സെന്റർ വഴിയോ അപേക്ഷിക്കാം. രജിസ്ട്രേഷൻ ഇല്ലാതെ മത്സ്യവിൽപന നടത്തുന്ന വാഹനങ്ങൾ പരിശോധിച്ച് നിയമനടപടികൾ സ്വീകരിക്കുമെന്ന് അസി. കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.