നടുവണ്ണൂർ: ടൗണിലെ വി.കെ കൂൾബാറിൽ വൻ തീപിടിത്തം. കട പൂർണമായി കത്തിനശിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. വെള്ളത്താൻകണ്ടി ഗോപാലന്റെ ചായക്കടയിലാണ് പാചകവാതക സിലിണ്ടറിൽനിന്ന് തീ പടർന്ന് ചായക്കട കത്തിനശിച്ചത്.
തിരക്കുപിടിച്ച അങ്ങാടിയുടെ കേന്ദ്രഭാഗത്ത് തീപിടിത്തം ഉണ്ടായത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. നടുവണ്ണൂർ അങ്ങാടിയിൽ വാകയാട് ജങ്ഷന് സമീപം പഴയ പോസ്റ്റ് ഓഫിസ് പ്രവർത്തിച്ച സ്ഥലത്തിന് സമീപത്താണ് സംഭവം. കടയിലെ സിലിണ്ടർ തീയിൽനിന്ന് മാറ്റാന്‍ കഴിയാതിരുന്നത് ജനങ്ങളില്‍ ഭീതിയുളവാക്കി. പിന്നീട് അഗ്നിരക്ഷസേനയെത്തിയാണ് ഇത് മാറ്റിയത്. സമീപത്ത് തുണിക്കട ഉള്‍പ്പെടെ പത്തോളം കടകളുള്ള കെട്ടിടത്തിലാണ് തീ പടര്‍ന്നത്. സമീപ കടകളിലേക്ക് തീ പടരാതിരിക്കാൻ കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്തെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചു. തീ പടർന്നയുടൻ നാട്ടുകാർ മറ്റു കടകളിലേക്ക് തീ പടരാനുള്ള സാഹചര്യം ഒഴിവാക്കിയിരുന്നു. കടകളിൽനിന്ന് സിലിണ്ടർ അടക്കമുള്ള സാധനങ്ങൾ മാറ്റി. വെള്ളം ഒഴിച്ച് തീ കെടുത്താനും ശ്രമിച്ചു.
പേരാമ്പ്ര അഗ്നിരക്ഷസേന സ്ഥലത്തെത്തി തീ ആളിപ്പടരുന്നത് അണക്കുകയും ചെയ്തു. അഗ്നിശമനസേന കടയിലെ സിലിണ്ടര്‍ വേഗത്തില്‍ നീക്കംചെയ്തതിനാല്‍ വൻ ദുരന്തം ഒഴിവായി. കടയുടെ ഉൾഭാഗം മുഴുവനായി കത്തിനശിച്ചു. കടക്കുള്ളിലെ സാധനസാമഗ്രികൾ എല്ലാം കത്തിനശിച്ചു. ഗ്യാസ് അടുപ്പിന്റെ റഗുലേറ്ററിൽനിന്നാണ് തീ പടർന്നതെന്നാണ് സൂചന. മൂന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
പേരാമ്പ്ര അഗ്നിരക്ഷസേന നിലയം ഓഫിസർ സി.പി. ഗിരീഷിന്റെ നേതൃത്വത്തിൽ രണ്ട് യൂനിറ്റ് എത്തിയാണ് തീയണച്ചത്. ബാലുശ്ശേരി പൊലീസും സ്ഥലത്തെത്തി.
അസി. സ്റ്റേഷൻ ഓഫിസർ സി.കെ. മുരളീധരൻ, സീനിയർ ഫയർ ഓഫിസർ പി.സി. പ്രേമൻ, ഫയർ ഓഫിസർമാരായ ഐ. ഉണ്ണികൃഷ്ണൻ, എ. ഷിജിത്ത്, കെ. ശ്രീകാന്ത്, കെ.പി. വിപിൻ, പി.എം. വിജേഷ്, അശ്വിൻ ഗോവിന്ദ്, സനൽരാജ്, സാരംഗ്, ഷിഗിൻ ചന്ദ്രൻ, ഫയർ ഓഫിസർ ഡ്രൈവർമാരായ പി.വി. മനോജ്, സി.കെ. സ്മിതേഷ്, ഹോംഗാർഡുമാരായ അനീഷ്, രാജീവൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.