കോഴിക്കോട് : ലിംഗ സമത്വത്തിനും സ്ത്രീക്ഷേമത്തിനും സംസ്ഥാനത്തെ ലോകത്തോടടുപ്പിക്കാൻ സാധ്യതകളുയർത്തി ജെൻഡർ പാർക്ക് പ്രവർത്തനമാരംഭിച്ചു.
വെള്ളിമാടുകുന്നിൽ 24 ഏക്കറിലധികം ഉപയോഗപ്പെടുത്തി നിർമിച്ച ജെൻഡർ പാർക്ക് കെട്ടിടങ്ങളുടെ ഉദ്ഘാടനവും സംസ്ഥാനസര്‍ക്കാറിെൻറ വനിതാശിശുക്ഷേമ വകുപ്പിന് കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്ക് സംഘടിപ്പിക്കുന്ന രണ്ടാം അന്താരാഷ്ട്ര സമ്മേളനവും ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. .
സ്ത്രീകളുടെയും ട്രാൻസ്ജെന്‍ഡര്‍ സമൂഹത്തിെൻറയും ഉന്നതികൾ വരാനിരിക്കുന്നതേയുള്ളൂവെന്നും ഇവര്‍ക്ക് എല്ലാ പിന്തുണയും ജെന്‍ഡര്‍ പാര്‍ക്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
യു.എന്‍ വിമണിെൻറ പങ്കാളിത്തത്തോടെ നടത്തുന്ന സമ്മേളനം 13നു സമാപിക്കും. ലിംഗസമത്വവും സ്ത്രീക്ഷേമവും മുൻനിർത്തി രാജ്യത്ത് നിർമിക്കുന്ന ആദ്യ ജെൻഡർ പാർക്കാണിത്.
യു.എന്‍ വിമണുമായി ചേര്‍ന്ന് ഇന്ത്യ, ഭൂട്ടാന്, മാലദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്നുള്ള ട്രാൻസ്ജെന്‍ഡര്‍-വനിത സംബന്ധിയായ പ്രശ്നങ്ങള്‍ പഠിക്കുന്നതിനാണ് പ്രത്യേക കേന്ദ്രം ജെന്‍ഡര്‍ പാര്‍ക്കില്‍ തുടങ്ങുന്നത്. വനിത സംരംഭകര്‍ക്ക് സുരക്ഷിതവും സുസ്ഥിരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വിപണന സ്ഥലം ലഭ്യമാക്കാനും ഉദ്ദേശിച്ചുള്ള അന്താരാഷ്ട്ര വനിതാ വ്യാപാര കേന്ദ്രവും ജെന്‍ഡര്‍ പാര്‍ക്കില്‍ സജ്ജമാകുമെന്ന് മന്ത്രി പറഞ്ഞു.
ലിംഗസമത്വംകൊണ്ട് എന്താണോ വിഭാവനം ചെയ്തത് അത് ജെന്‍ഡര്‍ പാര്‍ക്കിലൂടെ പ്രാവര്‍ത്തികമാവുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച എ. പ്രദീപ് കുമാര്‍ എം.എല്‍.എ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള കണ്വെന്ഷന് സെൻറര്‍, ആംഫിതിയറ്റര്‍, ലൈബ്രറി, ജെന്‍ഡര്‍ മ്യൂസിയം എന്നിവ ഈ പദ്ധതിയുടെ സവിശേഷതകളാണെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളെയും ട്രാൻസ്ജെന്‍ഡര്‍ സമൂഹത്തെയും സംബന്ധിച്ച് സമൂഹത്തിനുള്ള പരമ്പരാഗത കാഴ്ചപ്പാടുകള്‍ മാറേണ്ടതുണ്ടെന്നും ഈ ലക്ഷ്യത്തിലേക്കുള്ള അക്ഷീണ പ്രയത്നമായിരിക്കും ജെന്‍ഡര്‍ പാര്‍ക്കിെൻറ പ്രവര്‍ത്തനമെന്നും പാര്‍ക്ക് സി.ഇ.ഒ ഡോ. പി.ടി.എം സുനീഷ് പറഞ്ഞു.സാംസ്കാരികമായ ശാക്തീകരണമാണ് സ്ത്രീകള്‍ക്കാവശ്യമെന്ന് ഓണ്‍ലൈനായി പങ്കെടുത്ത മുന്‍ രാജ്യസഭാംഗം വൃന്ദ കാരാട്ട് പറഞ്ഞു.
ഒഡിഷ സിവില്‍ സര്‍വിസിലെ ആദ്യ ട്രാന്‍സ്ജെന്‍ഡറായ ഐശ്വര്യ ഋതുപര്‍ണ പ്രധാന്, ആസൂത്രണ ബോര്‍ഡ് അംഗവും ജെന്‍ഡര്‍ പാര്‍ക്ക് ഭരണസമിതി ഉപദേഷ്ടാവുമായ ഡോ. മൃദുല്‍ ഈപ്പന്, സ്വീഡിഷ് എംബസി സെക്കന്‍ഡ് സെക്രട്ടറി ജനാതന്‍ ക്ലം സ്റ്റെലാന്‍ഡര്‍, അമേരിക്കയിലെ സെൻറര്‍ ഫോര്‍ ഇൻറര്നാഷനലിലെ സെൻറര്‍ ഫോര്‍ വിമൻസ് ഇക്കണോമിക് എംപവര്‍മെൻറ് ഡയറക്ടര്‍ ബാര്‍ബറ ലാംഗ്ലി, വിസിറ്റ് മാലദ്വീപ് എം.ഡി തൊയ്യിബ് മുഹമ്മദ്, അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന് ജനറല്‍ സെക്രട്ടറി മറിയം ധാവ്ലെ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.