കോഴിക്കോട്: ജില്ലയിൽ 3,81,23,642 രൂപയുടെ അഞ്ചു വിനോദസഞ്ചാര പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു. ബാലുശ്ശേരി മണ്ഡലത്തിൽപെട്ട നമ്പികുളം ഇക്കോടൂറിസം പദ്ധതിയുടെ തുടർവികസന പ്രവൃത്തി (72.32 ലക്ഷം), വടകര സാൻഡ് ബാങ്ക്സുമായി ബന്ധപ്പെട്ട ഏകീകൃത ടൂറിസം സർക്യൂട്ടിന്റെ നവീകരണം (60 ലക്ഷം), മാനാഞ്ചിറയിലെ അൻസാരി പാർക്ക് പുനരുദ്ധാരണം (99,99,999 രൂപ), കൊയിലാണ്ടി അകലാപ്പുഴയിലെ ബോട്ട് ജെട്ടി നവീകരണം (49.75 ലക്ഷം), കടലുണ്ടി കാവുകുളം ചിറയുടെ സൗന്ദര്യവത്കരണം (99.16 ലക്ഷം) എന്നിവക്കാണ് ഇത്രയും തുക അനുവദിച്ച് ഭരണാനുമതി ആയത്.
ഡി.ടി.പി.സിയുടെ കീഴിലുള്ള ടൂറിസം കേന്ദ്രമായ വടകര സാൻഡ് ബാങ്ക്സിലെ പാർക്കിങ് ഏരിയ നിലവിൽ സ്റ്റാക്ക് ചെയ്തിരിക്കുന്ന ഇന്റർലോക്ക് ഉപയോഗിച്ച് വികസിപ്പിക്കൽ, ഹാൻഡ് റെയിൽ പ്രവൃത്തി, കുട്ടികളുടെ പാർക്കിൽ കളിയുപകരണങ്ങൾ ലഭ്യമാക്കൽ, ഓഫിസ് ഫർണിച്ചർ ലഭ്യമാക്കൽ, സി.സി ടി.വി വിപുലീകരണം, പ്ലംബിങ് പ്രവൃത്തി എന്നിവയാണ് നടപ്പാക്കുക. നമ്പികുളം വിനോദസഞ്ചാര കേന്ദ്രത്തിൽ ടോയ്ലറ്റ് ബ്ലോക്ക്, പമ്പ് ഹൗസ്, പ്ലംബിങ് പ്രവൃത്തി, കെ.എസ്.ഇ.ബി കണക്ഷൻ, റീട്ടെയിനിങ് വാൾ, ഫെൻസിങ് പ്രവൃത്തി, സൈനേജുകൾ എന്നിവ നടപ്പാക്കുന്നതിനാണ് തുക വകയിരുത്തിയത്. കടലുണ്ടി കാവുകുളത്തിലെ ചളി മാറ്റി വെള്ളത്തിന്റെ വ്യാപ്തി കൂട്ടുന്നതിനും വശങ്ങൾ കെട്ടിസംരക്ഷിക്കുന്ന പ്രവൃത്തിക്കുമാണ് തുക വകയിരുത്തിയത്.
അകലാപ്പുഴയിൽ നിലവിലെ ബോട്ട് ജെട്ടി ബലപ്പെടുത്തൽ, കേടുപാടുകൾ പരിഹരിക്കൽ, ബോട്ട് ജെട്ടിക്ക് മേൽക്കൂര നിർമിക്കൽ, സുരക്ഷക്കായി ഹാൻഡ് റെയിൽ പ്രവൃത്തി, ഫ്ലോട്ടിങ് ബോട്ട് ജെട്ടി ഉപയോഗിച്ച് ബോട്ട് ജെട്ടിയുടെ വിസ്തീർണം കൂട്ടൽ തുടങ്ങിയ പ്രവൃത്തികളാണ് നടപ്പാക്കുക.
അൻസാരി പാർക്കിലെ പ്രവർത്തനരഹിതമായ ഫൗണ്ടെയ്ൻ മാറ്റി പുതിയ ഫൗണ്ടെയ്ൻ സ്ഥാപിക്കൽ, കുട്ടികളുടെ പാർക്കിൽ കേടുപാടുകൾ സംഭവിച്ച കളിയുപകരണങ്ങൾക്ക് പകരം പുതിയവ നൽകൽ, പ്ലംബിങ് ആൻഡ് ഇലക്ട്രിക്കൽ പ്രവൃത്തി എന്നിവയാണ് പദ്ധതി പ്രകാരം നടപ്പാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.