കുന്ദമംഗലം: ജന്മനാ കേൾവിശക്തി ഇല്ലാത്ത കുട്ടിക്ക് അത് തിരിച്ചുകിട്ടിയ ശേഷം വീണ്ടും കേൾക്കാതെയാകുന്നത് ഒന്ന് ആലോചിച്ചുനോക്കൂ. അതെ, കുഞ്ഞു ഖനീമിന് ഇനിയും കേൾക്കണം. സുമനസ്സുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണ് കുടുംബം. ശ്രുതിതരംഗം പദ്ധതിവഴി കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ നടത്തിവെച്ച ശ്രവണസഹായിയും മറ്റും കേടായതിനാൽ തുടർപരിപാലനത്തിൽ വരുന്ന കാലതാമസമാണ് മുഹമ്മദ് ഖനീമിന് വീണ്ടും കേൾവിശക്തി കുറഞ്ഞുപോകാൻ കാരണം.
ഇരുചെവിയും കേൾക്കാതെ ജനിച്ച ഖനീമിന് വീട്ടുകാരുടെ നിരന്തര പ്രയത്നങ്ങൾക്ക് ശേഷം ശസ്ത്രക്രിയയിലൂടെ കേൾക്കാനും സംസാരിക്കാനും കഴിഞ്ഞിരുന്നു. എന്നാൽ, കേൾക്കാനായി വെച്ച ഉപകരണങ്ങൾ കേടായതിനെ തുടർന്ന് വീണ്ടും ദുരിതത്തിലായിരിക്കുകയാണ് കുടുംബം. ചേവായൂർ എ.യു.പി സ്കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് ഖനീം ജനിച്ചപ്പോൾ ഇരു ചെവിയും കേൾക്കില്ലായിരുന്നു. നാലാം വയസ്സിൽ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ നടത്തി. ശേഷം മെഡിക്കൽ കോളജിൽനിന്ന് രണ്ട് വർഷത്തിലധികം സ്പീച്ച് തെറപ്പിയും നടത്തി. പിന്നീട് ഖനീം കേൾക്കാനും പറയാനും തുടങ്ങി. എന്നാൽ, ശ്രവണസഹായി കേടായപ്പോൾ അധികൃതരുടെ ഭാഗത്തുനിന്ന് തുടർപരിപാലനം വളരെ വൈകിയതിനാൽ കുട്ടിക്ക് വീണ്ടും കേൾവി ഇല്ലാതായി.
കഴിഞ്ഞ മേയ് മുതൽ മൂന്നു മാസത്തിലേറെ സമയമെടുത്താണ് ശ്രവണസഹായി ഭാഗികമായി നന്നാക്കിക്കിട്ടിയത്. ആ സമയത്ത് ഖനീമിന്റെ സ്കൂൾപഠനം മുടങ്ങി. ശ്രവണസഹായി നന്നാക്കിയെങ്കിലും പിന്നീട് പഴയപോലെ കേൾക്കാൻ കഴിയുന്നില്ല എന്ന് കുട്ടിയുടെ മാതാവ് പറയുന്നു. നിലവിൽ മെഷീനിൽ ഇടുന്ന ബാറ്ററി കേടായതിനാൽ പല സമയങ്ങളിലും അത് ഉപയോഗിക്കാൻ കഴിയാറില്ല. രണ്ട് ബാറ്ററിക്ക് ഏതാണ്ട് 24000 രൂപയിലധികം വേണ്ടതുണ്ട്. പെരുവയൽ പഞ്ചായത്തിലെ 12ാം വാർഡിൽ എരഞ്ഞിക്കൽ താഴത്ത് വാടകവീട്ടിൽ കഴിയുകയാണ് ഈ കുടുംബം. അബ്ദുൽ വഹാബിന്റെയും ഷാഹിനയുടെയും മക്കളിൽ മൂന്നാമത്തെ മകനാണ് ഖനീം. ഹോട്ടൽ ജോലി ചെയ്യുന്ന അബ്ദുൽ വഹാബിന് സ്ഥിരം ജോലിയുണ്ടാകാറില്ല.
മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിൽ വിഷയത്തിൽ ഇടപെടുകയും ഖനീമിന് വേണ്ടി അധികൃതരുമായി ബന്ധപ്പെട്ട് സഹായം എത്തിക്കാൻ ശ്രമം തുടങ്ങിയിട്ടുമുണ്ട്. കുടുംബം വാടക കൊടുക്കാനും ഭക്ഷണത്തിനും ചികിത്സക്കും മറ്റും ഏറെ പ്രയാസപ്പെടുകയാണ്. സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതിയാണ് ശ്രുതിതരംഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.