കോഴിക്കോട്: നഗരത്തിൽ പുതിയ പഴം, പച്ചക്കറി മാർക്കറ്റ് യാഥാർഥ്യമാക്കാനുള്ള സ്ഥലം ഏറ്റെടുക്കാൻ 13 കോടി രൂപ നഗരസഭ അനുവദിച്ചു. ഇതോടെ സ്വകാര്യ പങ്കാളിത്തത്തോടെയുള്ള മാർക്കറ്റ് നിർമാണം പെട്ടെന്ന് പൂർത്തിയാക്കാനാവുമെന്ന പ്രതീക്ഷയുയർന്നു. കോർപറേഷൻ സ്ഥലമേറ്റെടുത്ത് നൽകണമെന്നാണ് കരാർവ്യവസ്ഥയെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് പറഞ്ഞു.
കല്ലുത്താൻകടവിൽ മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സ് നിർമിക്കുന്നതിന് ഭൂമി ഏറ്റെടുക്കാനായി 20,20,04,807 രൂപ അടിയന്തരമായി വേണമെന്നാവശ്യപ്പെട്ട് എൽ.എ തഹസിദാർ കോർപറേഷനെ സമീപിച്ചിരുന്നു. തുക അനുവദിക്കാൻ കോർപറേഷൻ സർക്കാറിനെ സമീപിച്ചെങ്കിലും നടപടിയായില്ല.
ഈ സാഹചര്യത്തിൽ നഗരസഭയുടെ ഓൺഫണ്ടിൽനിന്ന് 13 കോടി രൂപ അനുവദിക്കുകയായിരുന്നു. ബാക്കി തുക ധനകാര്യസ്ഥപനങ്ങളിൽനിന്ന് വായ്പ എടുക്കാനും കോർപറേഷൻ തീരുമാനിച്ചു. ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന് 1.79 സെൻറ് ഏറ്റെടുക്കുന്നതിന് നഗരസഭ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിന് സർക്കാർ അനുമതി നൽകിയതാണ്. ഏറ്റെടുക്കേണ്ട ഭൂമിക്ക് സെൻറിന് 4,67,725 രൂപ നിശ്ചയിച്ച് അന്ന് ജില്ല കലക്ടർ ഉത്തരവും പുറപ്പെടുവിച്ചിരുന്നു.
മാർക്കറ്റ് വരുന്നത് പഴയ കല്ലുത്താൻകടവ് കോളനി പ്രദേശം
നഗരത്തിലെ ഏറ്റവും വലിയ ചേരികളിലൊന്നായിരുന്ന കല്ലുത്താൻകടവ് കോളനിയിലെ കുടിലുകൾ പൊളിച്ചുമാറ്റിയ സ്ഥലത്ത് ബി.ഒ.ടി പദ്ധതിപ്രകാരം പഴം, പച്ചക്കറി മാർക്കറ്റിന് സ്ഥലമൊരുക്കാനാണ് മൂന്ന് കൊല്ലം മുമ്പ് തറക്കല്ലിട്ടത്. കല്ലുത്താൻകടവ് ഫ്ലാറ്റ് സമുച്ചയം ഉദ്ഘാടനസമയത്ത് തന്നെ പുതിയ മാർക്കറ്റിനും തറക്കല്ലിട്ടിരുന്നു. കോളനിവാസികൾക്ക് 1.84 ഏക്കറിൽ 6905 ചതുരശ്രമീറ്ററിൽ എട്ട് നിലകളിൽ 12 കോടിയോളം രൂപ ചെലവിലുള്ള ഭവനസമുച്ചയം പണിതതിന്റെ പിറകെ രണ്ട് ലക്ഷം ചതുരശ്ര അടിയിൽ 52 കോടി ചെലവിൽ അന്താരാഷ്ട്ര നിലവാരമുള്ള പഴം, പച്ചക്കറി മാർക്കറ്റ് സ്ഥാപിക്കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. പുറം സംസ്ഥാനങ്ങളില്‍നിന്ന് ഉള്‍പ്പെടെ പച്ചക്കറി എത്തുന്ന മാര്‍ക്കറ്റ് എന്ന പ്രാധാന്യം കണക്കിലെടുത്ത് സമയബന്ധിതമായി മാര്‍ക്കറ്റിന്റെ പണി പൂര്‍ത്തിയാക്കുമെന്നും ഉദ്ഘാടനച്ചടങ്ങിൽ പ്രഖ്യാപനമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.