കണ്ണൂർ: മലപ്പുറത്തെ പോലെ കൊടുവള്ളിയെയും ഒരു ഭീകര കേന്ദ്രമാക്കാൻ സി.പി.എം ശ്രമിക്കുകയാണെന്ന് ഭയക്കുന്നെന്ന് ഡോ. എം.കെ. മുനീർ എം.എൽ.എ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 62ാം വയസ്സിൽ തനിക്ക് കള്ളക്കടത്ത് നടത്തേണ്ട കാര്യമില്ലെന്നും ഗൾഫിലെത്തുന്ന പാവപ്പെട്ടവർക്ക് നൽകുന്ന ഒരു സൗകര്യത്തിനും തുരങ്കംവെക്കാൻ ആരെയും സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എം.കെ. മുനീര്‍ യുവാക്കളെ സ്വര്‍ണക്കടത്തുമായി കണ്ണിചേര്ക്കുന്നുവെന്നും വിദേശത്ത് ജോലിയന്വേഷിച്ച് പോകുന്നവര്‍ക്ക് താമസം ഒരുക്കിയത് സ്വര്ണക്കടത്തിനാണെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് മുനീറിന്റെ പ്രതികരണം.
ധൈര്യമുണ്ടെങ്കിൽ സനോജ് കൊടുവള്ളിയിൽ വന്ന് ഈ കാര്യങ്ങൾ പറയണം. അപ്പോൾ തനിക്കും ചില കാര്യങ്ങൾ പറയാനുണ്ടാവും. വിദേശത്ത് പോകുന്ന പലർക്കും രാഷ്ട്രീയം നോക്കാതെ അവിടെ താമസിക്കുന്നതിന് സൗകര്യം ഒരുക്കുന്നുണ്ട്. ജോലി ലഭിച്ചാൽ അവർ ആ സൗകര്യം ഒഴിവാക്കുന്നു. ഇങ്ങനെ ജോലിനേടിയവരിൽ സി.പി.എം നേതാക്കളുടെ മക്കളുമുണ്ട്. അവർ തനിക്ക് അയച്ച നന്ദി പറഞ്ഞുകൊണ്ടുള്ള ശബ്ദസന്ദേശങ്ങൾ ഇതിന് തെളിവായി ഫോണിലുണ്ട്.
ഇടതുപക്ഷം നല്ലപിള്ള ചമഞ്ഞ് തന്നെ കള്ളക്കടത്തുകാരനാക്കാൻ ശ്രമിക്കുകയാണ്. താൻ വരുന്ന പശ്ചാത്തലമെങ്കിലും അവർ മനസ്സിലാക്കണമായിരുന്നു. ഇത്തരത്തിൽ തന്റെ പിതാവായ സി.എച്ചിനെയും അപകീർത്തിപ്പെടുത്തിയിട്ടുണ്ട്. അന്ന് അദ്ദേഹം പറഞ്ഞത് ഞങ്ങൾ കള്ളക്കടത്തായി കൊണ്ടുവരുന്ന സ്വർണമല്ല, നേരെ കടത്തുന്ന സ്വർണമാണെന്നായിരുന്നു. തന്നെയും കെ.എം. ഷാജിയെയും പിണറായി സർക്കാറും സി.പി.എമ്മും വേട്ടയാടുന്നത് അവരെ വിമർശിക്കുന്നതുകൊണ്ടാണെന്നും ഏതെങ്കിലും കേസിൽ പ്രതികളായവരുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും മുനീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.