കോഴിക്കോട്: ടാഗോർ ഹാൾ പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി പഴയ കെട്ടിടം പൊളിച്ചുമാറ്റാനുള്ള കരാറിന് കോർപറേഷൻ അനുമതിയായി. 7.6 ലക്ഷം രൂപ കെട്ടിടം പൊളിക്കാൻ ലേലം വിളിച്ച കെ.പി.എം ഓൾഡ് അയേൺ ട്രേഡേഴ്സിനാണ് അനുമതി നൽകിയത്. കഴിഞ്ഞമാസം 20ന് 35 പേർ പങ്കെടുത്ത ലേലത്തിലാണ് പൊളിക്കാനുള്ളയാളെ നിശ്ചയിച്ചത്. ഇതിനാണ് അന്തിമ അനുമതി നൽകിയത്. ലേലതുകയുടെ 25 ശതമാനം കരാറുകാർ കെട്ടിവെച്ചതിനെതുടർന്നാണ് ലേലം കോർപറേഷൻ ഭരണസമിതി അംഗീകരിച്ചത്.
ടാഗോർ ഹാൾ പൊളിക്കാനും ടൗൺഹാൾ നവീകരിക്കാനും അടച്ചതോടെ നഗരത്തിൽ ഹാളുകളില്ലാത്ത അവസ്ഥ തുടരുകയാണ്. ഇത് പരിഹരിക്കാൻ ടാഗോർ ഹാൾ വളപ്പിൽ പന്തൽ സംവിധാനമൊരുക്കുന്ന കാര്യം പരിഗണനയിലുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ കഴിഞ്ഞതോടെ പരിപാടികളുടെ തിരക്കായിരുന്നു ടാഗോർ ഹാളിൽ. മതിയായ വൈദ്യുതി വിതരണ സംവിധാനമില്ലാത്തതായിരുന്നു ഹാളിന്റെ മുഖ്യ പ്രശ്നം. ഇത് പരിഹരിക്കാനുള്ള നടപടികൾ കോവിഡ് കാലത്ത് സ്തംഭിച്ചതോടെ മൊത്തം പ്രശ്നത്തിലായി. ടാഗോർ ഹാളുൾപ്പെടെ കോർപറേഷന്റെ ആറ് കെട്ടിടങ്ങൾ പൊളിച്ചുപണിയാൻ 2023 ജനുവരി ഒമ്പതിന് ചേർന്ന കൗൺസിൽ യോഗമാണ് തീരുമാനിച്ചത്. ടാഗോർ ഹാൾ പൊളിക്കാനുള്ള വിശദ പദ്ധതിരേഖയായിട്ടുണ്ട്. അരീക്കാട്, നടക്കാവ്, പഴയ പാസ്പോർട്ട് ഓഫിസ്, കാരപ്പറമ്പ്, മെഡിക്കൽ കോളജ് വേണാട് കെട്ടിടം എന്നിവയാണ് പൊളിക്കാൻ തീരുമാനിച്ചത്.
പതിറ്റാണ്ടുകൾ പഴക്കമുള്ള ആയിരത്തോളം പേർക്കിരിക്കാവുന്ന ഹാളാണിത്. ഒരു കൊല്ലത്തോളമായി ടാഗോർ ഹാൾ പൊതുപരിപാടികൾക്ക് വിട്ടുകൊടുക്കാറില്ല. ഹാളിന് പുറത്തും മറ്റും കോർപറേഷന്റെ ചെറിയ രീതിയിലുള്ള പരിപാടികൾ മാത്രമാണ് നടത്തുന്നത്. എ.സി പ്രശ്നവും കസേരകൾ പൊളിഞ്ഞതും ഹാളിൽ സ്ഥിരമായി പ്രശ്നമായിരുന്നു.
ഇലക്ട്രിക്കൽ പ്രശ്നം രൂക്ഷമായി ഷോക്കേൽക്കുന്ന സാഹചര്യമുണ്ടായതോടെയാണ് 2022ൽ ഹാളിൽ പരിപാടി നടത്തുന്നത് പതിയെ ഒഴിവാക്കിത്തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.