തോട്ടുമുക്കം: തോട്ടുമുക്കം ഗവ. യു.പി സ്കൂളിലെ എൽ.കെ.ജി ക്ലാസിൽ ഇത്തവണ വിശിഷ്ടാതിഥിയുണ്ട് -ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിൽ വേരുകളുള്ള സ്പാനിഷ് ഭാഷ മാത്രമറിയുന്ന ഹന തിരുനിലത്ത്. ഈ നാലുവയസ്സുകാരിക്ക് ഭാഷ പ്രശ്നമാണെങ്കിലും കുട്ടികളുമായുള്ള ആശയ വിനിമയത്തിന് തടസ്സമില്ല. ആംഗ്യഭാഷയിലൂടെ അവൾ കാര്യങ്ങൾ മനസ്സിലാക്കുന്നു. ഇംഗ്ലീഷ് വഴങ്ങുന്നില്ലെങ്കിലും മലയാളത്തിലെ ആംഗ്യഗാനം മനസ്സിലാക്കുന്നുണ്ടെന്നും ക്ലാസിൽ പ്രസന്നവതിയാണെന്നും അധ്യാപിക സുനിത പറയുന്നു.
പള്ളിത്താഴെ തിരുനിലത്ത് ജംഷീറാണ് ഹനയുടെ പിതാവ്. മാതാവ് പെറു സ്വദേശിനിയാണ്. അർജന്റീനയിൽ ജോലി ചെയ്യുകയായിരുന്ന പെറുവിലെ ട്രുഫിയോ സ്വദേശിനി കാർമെൻ റോസ റോഡിഗ്രസ് സലാസറുമായി 2015ൽ ഫേസ്ബുക്ക് വഴിയാണ് ജംഷീർ സൗഹൃദത്തിലായത്. രണ്ടുവർഷത്തിനുശേഷം കേരളത്തിലെത്തി സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായി. ഹന ജനിച്ച് വൈകാതെ കാർമെൻ റോസ പെറുവിലേക്ക് മടങ്ങി. മൂന്നുവർഷത്തോളം പിന്നെ അവിടെയാണ് വളർന്നത്. ഇതോടെ ഹനക്ക് മലയാളം അന്യമായി.
പേര് വഴങ്ങാത്തതിനാൽ കാർമെൻ റോസയെ ഫാത്തിമ എന്നാണ് വിളിക്കുന്നത്. സ്പാനിഷ് മാത്രമറിയുന്ന ഫാത്തിമക്കും ഭാഷ പ്രശ്നമാണ്. ഹന ജനിച്ചശേഷം പെറുവിൽ രണ്ടുവർഷത്തിനുശേഷം ഒരാൺകുട്ടി കൂടി ഇവർക്ക് ജനിച്ചു. റംസാൻ എന്ന് പേരിട്ട കുട്ടിക്ക് പെറു പൗരത്വമാണുള്ളത്. കേരളത്തിൽ ജനിച്ചതിനാൽ ഹനക്ക് ഇന്ത്യൻ പൗരത്വമുണ്ട്. കേരളത്തിൽ തിരിച്ചെത്തിയതോടെയാണ് ഹനയെ ഗവ. സ്കൂളിൽ ചേർക്കാൻ മാതാപിതാക്കൾ തീരുമാനിച്ചത്. പുതിയ കൂട്ടുകാരോടൊപ്പം കളിച്ചും ചിരിച്ചും സ്കൂളിലെ രണ്ടാംദിനവും സന്തോഷകരമാക്കിയിരിക്കുകയാണ് ഹന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.