കോഴിക്കോട്: മോഷ്ടാവിന്റെതാണെന്ന വ്യാജേന നിരപരാധിയുടെ ചിത്രം പൊലീസ് പ്രചരിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയ കേസെടുത്തു. കോഴിക്കോട് സിറ്റി പൊലീസ് മേധാവി രാജപാൽ മീണ ഇക്കാര്യം അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആക്റ്റിങ് അധ്യക്ഷനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഫറോക്ക് സ്വദേശി ബഷീറിനാണ് ദുരനുഭവമുണ്ടായത്. പൊലീസ് ഒരു ശബ്ദസന്ദേശത്തോടൊപ്പമാണ് ബഷീറിന്റെ ചിത്രം പുറത്തുവിട്ടത്.
ഒരു ആക്രിക്കടയിൽ സാധനം വിൽക്കാനെത്തിയ താൻ എങ്ങനെയാണ് മോഷ്ടാവായതെന്ന് ബഷീറിന് അറിയില്ല. വിവാഹ പ്രായമെത്തിയ മക്കളുള്ള ബഷീറിന് ഇത് വലിയ നാണക്കേടായി. ഇതിനിടയിൽ അബദ്ധം തിരിച്ചറിഞ്ഞ പൊലീസ് യഥാർഥ പ്രതിയുടെ ചിത്രം പതിപ്പിച്ച് മറ്റൊരു നോട്ടീസ് ഇറക്കിയെങ്കിലും ബഷീറിന്റെ ചിത്രം സമൂഹ മാധ്യമത്തിൽ വലിയ പ്രചാരം നേടിക്കഴിഞ്ഞിരുന്നു. തന്റെ ചിത്രം ദുരുപയോഗം ചെയ്തവർക്കെതിരെ നടപടി വേണമെന്നാണ് ബഷീറിന്റെ ആവശ്യം. സെപ്റ്റംബർ 29ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.