കോഴിക്കോട്: മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിൽ പ്രതിയുടെ സസ്പെൻഷൻ നീട്ടി. ആശുപത്രിയിലെ അറ്റന്‍ഡർ എം.എം. ശശീന്ദ്രന്റെ സസ്പെൻഷൻ കാലാവധിയാണ് മൂന്നുമാസംകൂടി ദീർഘിപ്പിച്ച് പ്രിൻസിപ്പൽ എൻ. അശോകൻ ഉത്തരവിറക്കിയത്. നിലവിലെ സസ്പെൻഷൻ കാലാവധി ചൊവ്വാഴ്ച അവസാനിക്കുന്നത് മുൻനിർത്തി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശംകൂടി പരിഗണിച്ചാണ് പ്രിൻസിപ്പൽ ഉത്തരവിറക്കിയത്.
ശശീന്ദ്രനെതിരായ അച്ചടക്ക നടപടികൾ തുടരുകയാണ്, കേസിൽ അന്വേഷണം പൂർത്തിയായിട്ടില്ല, സർവിസിൽ പുനഃപ്രവേശിപ്പിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും, തെളിവ് നശിപ്പിക്കപ്പെടും, സാക്ഷികളെ സ്വാധീനിച്ചേക്കും എന്നതടക്കം ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ നീട്ടിയത്.
കഴിഞ്ഞ മാര്‍ച്ചിൽ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ തൈറോയ്ഡ് ശസ്ത്രക്രിയക്കുശേഷം ഐ.സി.യുവില്‍ കഴിയുമ്പോഴാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. പിന്നാലെ ശശീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് ഒത്താശ ചെയ്ത അഞ്ച് ഉദ്യോഗസ്ഥരെ പിന്നീട് സസ്പെന്‍ഡ് ചെയ്തിരുന്നു.
അതിനിടെ, മെഡിക്കൽ കോളജ് അസി. കമീഷണർ കെ. സുദർശനുമായി അതിജീവിത കൂടിക്കാഴ്ച നടത്തി ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി. പ്രീതക്കെതിരെ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ടു. സംഭവശേഷം തന്നെ പരിശോധിച്ച ഡോ. കെ.വി. പ്രീത പ്രതിക്കനുകൂലമായാണ് മൊഴി നൽകിയതെന്നും അവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ പരാതിയിൽ നടത്തിയ അന്വേഷണ റിപ്പോർട്ട് അസി. കമീഷണർ കഴിഞ്ഞ ദിവസം സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണക്ക് നൽകിയിരുന്നു.
പരാതിയിൽ കഴമ്പില്ലെന്നും ഡോ. പ്രീത രേഖപ്പെടുത്തിയത് അവരുടെ നിഗമനങ്ങളാണെന്നുമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. ഓരോ ദിവസത്തെയും സംഭവങ്ങൾ രേഖപ്പെടുത്താൻ ഐ.സി.യുവിൽ സൂക്ഷിച്ച ഇൻസിഡന്റ് റിപ്പോർട്ട് ബുക്കിൽ എഴുതിയ കാര്യങ്ങളും ഡോക്ടറുടെയും നഴ്സിന്റെയും മൊഴികളും സാമ്യമാണെന്നും പരാതിയിൽ കഴമ്പില്ലെന്നുമാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം.
പൊലീസ് അന്വേഷണ റിപ്പോർട്ട് തീർത്തും ദുഃഖകരമാണെന്നും സംഘടനാബലത്തിലോ മറ്റു അധികാര സമ്മർദത്തിലോ ആണ് റിപ്പോർട്ട് തയാറാക്കിയതെന്ന് സംശയിക്കുന്നതായും അതിജീവിത മാധ്യമങ്ങളോട് പറഞ്ഞു. വിഷയം മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും ശ്രദ്ധയിൽപെടുത്തും. ആവശ്യമെങ്കിൽ നീതി ലഭിക്കാൻ കോടതിയെ സമീപിക്കുമെന്നും അവർ വ്യക്തമാക്കി. നൗഷാദ് തെക്കയിൽ, മുബീന വാവാട് എന്നിവർക്കൊപ്പമാണ് അതിജീവിത അസി. കമീഷണറെ കാണാനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.