കോഴിക്കോട്: സംസ്ഥാനത്തെ സർവകലാശാലകളിലും അധ്യാപക പരിശീലനകേന്ദ്രങ്ങളിലും നുഴഞ്ഞുകയറാനൊരുങ്ങി സംഘ്പരിവാർ സംഘടന. സംഘ്പരിവാറിെൻറ വിദ്യാഭ്യാസ വിഭാഗങ്ങളിലൊന്നായ വിദ്യാഭ്യാസ വികാസകേന്ദ്രമാണ് അധ്യാപക പരിശീലനകേന്ദ്രങ്ങളിലെ പ്രിൻസിപ്പൽമാരെ സ്വാധീനിച്ച് വെബിനാറുകളും മറ്റും സംഘടിപ്പിക്കുന്നത്. അധ്യാപകപരിശീലനത്തിെൻറ ആധികാരിക സമിതിയായ നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ (എൻ.സി.ടി.ഇ) നടത്തുന്നതെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പരിപാടികളെന്നാണ് ആക്ഷേപം.
ലോക പരിസ്ഥിതി ദിനത്തിൽ 'ആവാസ വ്യവസ്ഥയുടെ പുനഃസ്ഥാപനത്തിൽ അധ്യാപകരുടെ പങ്ക്' എന്ന വിഷയത്തിൽ നടത്തിയ വെബിനാറിൽ പ്രഫ. മാധവ് ഗാഡ്ഗിലിനെ വരെ എത്തിച്ചിരുന്നു. വിദ്യാഭ്യാസ വികാസ കേന്ദ്രവുമായി സഹകരിക്കുന്ന സംസ്ഥാനത്തെ ഒരു പരിസ്ഥിതി ശാസ്ത്രജ്ഞനാണ് ഗാഡ്ഗിലിനെ വെബിനാറിന് ഏർപ്പാടാക്കിയത്. എൻ.സി.ടി.ഇ ചെയർമാൻ സന്തോഷ് കുമാർ സാരംഗിയായിരുന്നു ഉദ്ഘാടകൻ.
പ്രിൻസിപ്പൽമാരുടെ നിർബന്ധപ്രകാരമാണ് അധ്യാപകർ വെബിനാറിൽ പങ്കെടുത്തത്. ഇേൻറണൽ മാർക്ക് നൽകില്ലെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് പങ്കെടുത്തതെന്ന് പല വിദ്യാർഥികളും പറയുന്നു. യൂട്യുബിലെ വെബിനാർ വിഡിയോക്ക് കീഴിൽ പരിപാടി ഗംഭീരവും വിജ്ഞാനപ്രദവുമായിരുന്നെന്ന രീതിയിൽ കമൻറ് ചെയ്യാൻ ചില അധ്യാപകർ നിർദേശിച്ചിരുന്നതായി വിദ്യാർഥികൾ പറഞ്ഞു. വെബിനാറിൽ പങ്കെടുത്തില്ലെങ്കിൽ സ്വാശ്രയ ബി.എഡ് കോളജുകളിൽ ജോലി നഷ്ടമാകുെമന്ന ഭയം അധ്യാപകർക്കുണ്ടായിരുന്നു. എൻ.സി.ടി.ഇയുടെ ദക്ഷിണമേഖല ഡയറക്ടർമാരും വെബിനാറിൽ പങ്കെടുത്തിരുന്നു. കൂടുതൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുന്ന സ്വാശ്രയ ബി.എഡ് കോളജുകൾക്ക് ചില വാഗ്ദാനങ്ങളുണ്ടെന്നും ആക്ഷേപമുണ്ട്. ദേശീയ വിദ്യാഭ്യാസനയത്തിെൻറ നിബന്ധനകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് അപര്യാപ്തതകൾ പരിഹരിച്ചുനൽകുമെന്ന് വാഗ്ദാനമുണ്ട്.
'ശിക്ഷ സംസ്കൃതി ഉദ്ധാൻ ന്യാസ്' എന്ന സംഘടനയുടെ കേരള ഘടകമാണ് വിദ്യാഭ്യാസ വികാസകേന്ദ്രം. ഭാരതീയ മൂല്യത്തിനനുസരിച്ചുള്ള വിദ്യാഭ്യാസം രാജ്യത്തുള്ളവർക്ക് ലഭിച്ചിട്ടില്ലെന്ന തിരിച്ചറിവിലാണ് ശിക്ഷ സംസ്കൃതി ഉദ്ധാൻ ന്യാസ് 2007ൽ രൂപവത്കരിച്ചതെന്ന് ഇതിെൻറ പ്രവർത്തകർ പറയുന്നു. ട്രെയിനിങ് കോളജ് അധ്യാപകരിലൂടെയുള്ള സംഘ്പരിവാർ അജണ്ട നടപ്പിലാക്കാനുള്ള ശ്രമം ഏതുവിധേനയും ചെറുക്കുമെന്ന് സെൽഫ് ഫിനാൻസിങ കോളജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.