കോഴിക്കോട്: കച്ചവട സ്ഥാപനങ്ങളിൽ ശുചിത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കോർപറേഷൻ പരിധിയിൽ വരുന്ന ചിക്കൻ കച്ചവട സ്ഥാപനങ്ങളിൽ ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി.
കച്ചവട സ്ഥാപനങ്ങളിലെ പൊതുശുചിത്വം, പരിസര ശുചിത്വം, മലിനജല സംസ്കരണ സംവിധാനം, അജൈവ മാലിന്യ സംസ്കരണം, ജൈവമാലിന്യങ്ങൾ കൈ ഒഴിയുന്ന സംവിധാനം എന്നിവയാണ് പരിശോധിച്ചത്. കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെ സഹായത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നേരത്തെ പരിശോധന നടത്തി അപാകതകൾ കണ്ടെത്തിയ ചിക്കൻ കടകളിലാണ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. നടക്കാവിലെ ഓർമ ചിക്കൻ സ്റ്റാളിൽ കലക്ടർ നേരിട്ട് പരിശോധന നടത്തി. നേരത്തെ വൃത്തിഹീനമായ ചുറ്റുപാടിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം മാറ്റം കൂടാതെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തി. പൊതു ഓടയിലേക്ക് മലിന ജലം ഒഴുക്കിവിടുന്നതായും കോഴിമാലിന്യം അശ്രദ്ധയോടെ കൈകാര്യം ചെയ്തു കടയിലും പരിസരത്തും ശുചിത്വം പാലിക്കാതിരിക്കുന്നതായും ബോധ്യപ്പെട്ടു. തുടർന്ന് 25000 രൂപ പിഴ സ്ഥാപനത്തിന് ചുമത്താൻ കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർക്ക് കലക്ടർ നിർദേശം നൽകി.
24 മണിക്കൂറിനകം ശുചിത്വം പാലിക്കുന്ന രീതിയിൽ കട മാറ്റിയില്ലെങ്കിൽ പൂട്ടി സീൽ ചെയ്യുമെന്ന് ഉടമയെ നേരിട്ട് അറിയിച്ചു. ഇതോടൊപ്പം മൂന്ന് കിലോ നിരോധിത പ്ലാസ്റ്റിക് കാരിബാഗുകൾ പിടിച്ചെടുത്തു. അപാകതകൾ കണ്ടെത്തിയ മറ്റ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
സ്ക്വാഡ് പ്രവർത്തനത്തിന് അസി.ഡയറക്ടർ പൂജാലാല്, ജൂനിയർ സൂപ്രണ്ടുമാരായ എ. അനിൽകുമാർ, പി.സി. മുജീബ്, കോർപറേഷൻ ഹെൽത്ത് സൂപ്പർവൈസർ ബെന്നി, ഹെൽത്ത് ഇൻസ്പെക്ടർ ശശിധരൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷമീർ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.