പയ്യാനക്കൽ വൈ.എം.ആർ.സി റോഡ് ഭാഗത്ത് കെ-റെയിലിന്‍റെ സർവേക്കല്ലുകൾ സ്ഥാപിക്കുന്നു (ഫയൽ)

കെ -റെയിൽ കല്ലിടൽ തുടരുന്നു; പ്രതിഷേധക്കാരെ പിന്തിരിപ്പിച്ച് പൊലീസ്

കോഴിക്കോട്: കെ-റെയിൽ പദ്ധതിയുടെ സർവേക്കല്ലുകൾ സ്ഥാപിക്കുന്നത് ജില്ലയിൽ പുരോഗമിക്കുന്നു. ബുധനാഴ്ച പയ്യാനക്കൽ വൈ.എം.ആർ.സി റോഡിനു സമീപത്തെ തളിയേടത്ത് കാവ് ഭാഗത്ത് കോൺക്രീറ്റ് കുറ്റികൾ സ്ഥാപിച്ചു. കഴിഞ്ഞ ദിവസം മാത്തോട്ടത്തുണ്ടായപോലുള്ള വലിയ പ്രതിഷേധമില്ലെങ്കിലും ജനങ്ങളാകെ കടുത്ത ആശങ്കയിലാണ്.

ഒറ്റപ്പെട്ട കുടുംബങ്ങൾ മാത്രമാണ് സ്വന്തം ഭൂമിയിൽ പൊലീസും ഉദ്യോഗസ്ഥരും കയറി കല്ലുകൾ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നത്. ഇവിടങ്ങളിൽ നേരിയ ബലപ്രയോഗത്തിലൂടെയാണ് കല്ലിടൽ പുരോഗമിച്ചത്. തളിയേടത്ത് കാവ് ഭാഗത്ത് അടുത്തടുത്ത് നിർമാണത്തിലുള്ള മൂന്നു വീടുകൾ പദ്ധതിക്കായി പൊളിച്ചുമാറ്റേണ്ടിവരുമെന്നുറപ്പായത് പ്രതിഷേധത്തിനിടയാക്കി.

മുജീബ് റഹ്മാൻ, സഹോദരൻ അഷ്റഫ്, ബന്ധു ഉസൈൻ കോയ എന്നിവരുടെ വീടുകളാണ് പദ്ധതിപ്രദേശത്തുള്ളത്. ഇതിൽ മുജീബ് റഹ്മാന്‍റെ വീട് കൽപടവുകൾ കഴിഞ്ഞ് വാർപ്പിനുള്ള ഘട്ടത്തിലാണ്. അഷ്റഫിന്‍റെ വീടിന്‍റെ വാർപ്പ് അടുത്ത ദിവസം നടത്താൻ പലകയെല്ലാം അടിച്ചിരിക്കയാണ്. ഉസൈൻ കോയയുടെ വീടാണെങ്കിൽ നിർമാണമെല്ലാം കഴിഞ്ഞ് പെയിന്‍റിങ്ങിലാണ്. അടുത്ത ദിവസം ഇവിടേക്ക് കുടുംബം മാറാനിരിക്കയായിരുന്നു. അഷ്റഫിന്‍റെ വീടിന്‍റെ മുറ്റത്ത് സ്ഥപിച്ച കെ-റെയിലിന്‍റെ സർവേക്കുറ്റി പിഴുതുമാറ്റാൻ മുജീബ് റഹ്മാൻ ശ്രമിച്ചെങ്കിലും ബേപ്പൂർ പൊലീസ് ഇൻസ്പെക്ടർ വി. സിജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു.

ഇതോടെ വാക്തർക്കമായി. പിന്നീട് പൊലീസും ഉദ്യോഗസ്ഥരും കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു. ഈ ഭാഗത്ത് റെയിലിനോടു ചേർന്നുള്ള പ്രദേശങ്ങൾ ഒഴിവാക്കിയാണ് സർവേക്കുറ്റികൾ സ്ഥാപിക്കുന്നത്. റെയിൽ വികസനമടക്കം മുൻനിർത്തിയാണിതെന്നാണ് വിവരം. കഴിഞ്ഞ ദിവസം മാത്തോട്ടം ഭാഗത്ത് സർവേക്കല്ലുകൾ സ്ഥാപിക്കവെ ഭൂമി നഷ്ടമാകുന്ന കുടുംബങ്ങൾ വലിയ പ്രതിഷേധം ഉയർത്തിയത് സംഘർഷത്തിൽ കലാശിച്ചതിനെ തുടർന്ന് വൻ പൊലീസ് സംഘമാണ് ഇവിടെയെത്തിയത്.

പൊലീസ് വിവിധ ഭാഗങ്ങളിലായിട്ടായിരുന്നു നിലയുറപ്പിച്ചത്. കല്ലിടൽ തടസ്സപ്പെടുത്തുന്നവരെ അറസ്റ്റുചെയ്ത് നീക്കാനടക്കം ജീപ്പുകളും സ്ഥലത്തെത്തിച്ചിരുന്നു. അതേസമയം, വാർഡ് കൗൺസിലർ എൻ. ജയഷീല അടക്കമുള്ളവർ സ്ഥലത്തെത്താത്തത് പ്രതിഷേധത്തിനിടയാക്കി. എപ്പോഴും വന്നുപോകുന്ന കൗൺസിലർ ബോധപൂർവം മാറിനിന്നെന്നായിരുന്നു നാട്ടുകാരുടെ പരാതി. പ്രതിഷേധ സ്വരം ഉയർത്തുന്നവരോട് പദ്ധതിയുടെ ആകാശസർവേ മാത്രമാണ് പൂർത്തിയായതെന്നും ഇതിനനുസരിച്ച് 'ലാൻഡ് മാർക്കിങ്' നടത്തുകയാണിപ്പോൾ ചെയ്യുന്നത് എന്നുമാണ് കെ-റെയിൽ പ്രതിനിധികൾ പറയുന്നത്.

വീടുനിർമാണ പെർമിറ്റനുവദിച്ച കോർപറേഷനെതിരെ പ്രതിഷേധം

കോഴിക്കോട്: കെ-റെയിൽ പദ്ധതിക്ക് സ്ഥലമേറ്റെടുക്കേണ്ടിവരുമെന്നിരിക്കെ വീടുനിർമാണത്തിന് പെർമിറ്റ് അനുവദിച്ച കോർപറേഷൻ ഉദ്യോഗസ്ഥർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. പയ്യാനക്കൽ വൈ.എം.ആർ.സി റോഡിനോടു ചേർന്നുള്ള ഭാഗത്തെ കല്ലിടലിനിടെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പ്രദേശത്ത് മൂന്നു വീടുകൾക്ക് സമീപകാലത്ത് കോർപറേഷൻ എൻജിനീയറിങ് വിഭാഗം പെർമിറ്റ് അനുവദിച്ചിരുന്നു.

ഭൂ ഉടമകളായ മുജീബ് റഹ്മാൻ അടക്കമുള്ളവർ കോർപറേഷൻ ഉദ്യോഗസ്ഥരോട് കെ-റെയിലിന് ഏറ്റെടുക്കേണ്ടിവരുന്ന ഭൂമിയാണോ ഇതെന്ന് ചോദിച്ചെങ്കിലും പദ്ധതി കടന്നുപോകുന്ന പ്രദേശത്തെ സർവേ നമ്പറുകളിൽ പ്ലാൻ അനുവദിക്കുന്നില്ലെന്നും ഇവിടത്തെ നിർമാണത്തിന് തടസ്സമില്ലെന്നുമാണ് അറിയിച്ചത്. മാത്രമല്ല, റെയിൽപാളത്തോട് ചേർന്നാണ് കെ-റെയിലിനായി ഭൂമി ഏറ്റെടുക്കുക. ഈ ഭൂമി റെയിൽപാളത്തിൽനിന്ന് 50 മീറ്ററിലധികം വിട്ടുമാറിയായതിനാൽ ഒരുതരത്തിലും ബാധിക്കില്ലെന്നുമാണ് പറഞ്ഞത്. ഇതോടെയാണ് അനുമതിയോടെ നിർമാണം ആരംഭിച്ചത് -മുജീബ് റഹ്മാൻ പറയുന്നു.

അന്ന് ഉദ്യോഗസ്ഥർ സ്ഥലം കെ-റെയിലിന് ഏറ്റെടുക്കേണ്ടിവരുമെന്ന് പറഞ്ഞിരുന്നെങ്കിൽ താനടക്കമുള്ളവർ ലക്ഷക്കണക്കിന് രൂപ ബാങ്ക് വായ്പയെടുത്ത് വീടുനിർമാണം ആരംഭിക്കില്ലായിരുന്നു. വീടിന്‍റെ ചെങ്കൽപടവെല്ലാം പൂർത്തിയായി വാർപ്പിനുവേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണിപ്പോൾ വീട് നിൽക്കുന്ന ഭൂമി പൂർണമായും കെ-റെയിലിന് പോകുമെന്നറിയുന്നത്. സമീപത്ത് മുജീബിന്‍റെ സഹോദരൻ അഷ്റഫ് നിർമിക്കുന്ന വീടിന്‍റെ പ്ലാനും അടുത്തിടെയാണ് കോർപറേഷൻ പാസാക്കി പെർമിറ്റ് അനുവദിച്ചത്. ഇതിന്‍റെ വാർപ്പ് അടുത്തദിവസം നടക്കാനിരിക്കുകയായിരുന്നു.

ഭൂമിയേറ്റെടുക്കുമോ എന്ന് കല്ലിടുന്നവർക്കറിയില്ല!

കോഴിക്കോട്: കെ-റെയിലിന്‍റെ സർവേക്കുറ്റി പറമ്പിൽ സ്ഥാപിക്കുന്ന ഉദ്യോഗസ്ഥർതന്നെ കുടുംബങ്ങളോട് പറയുന്നത് ഇത് ഭൂമിയേറ്റെടുക്കാനുള്ളതല്ല എന്നാണ്. പിന്നെന്തിനാണ് ഞങ്ങളുടെ വീട്ടുപറമ്പിലിങ്ങനെ കല്ലിടുന്നതെന്ന് വൈ.എം.ആർ.സി റോഡിനു സമീപത്തെ പയ്യാനക്കൽ ഹൗസിൽ ശാന്ത ചോദിച്ചതോടെ കെ-റെയിലിന്‍റെ ആകാശസർവേപ്രകാരമുള്ള ഭൂമി മാർക്ക് ചെയ്യുക മാത്രമാണ് ചെയ്യുന്നത് എന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.

ഇനി പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോയാൽ മാത്രമേ സർവേ നടക്കൂ. തുടർന്നാണ് ഭൂമിയേറ്റെടുക്കലടക്കം മറ്റു നടപടികളുണ്ടാകുക. കെ-റെയിൽ എന്നെഴുതിയ കുറ്റിയിട്ടുപോയാൽ പിന്നെ പദ്ധതി വന്നില്ലെങ്കിൽപോലും തങ്ങളുടെ സ്ഥലം വിൽക്കാൻ കഴിയുമോ, ആരെങ്കിലും വാങ്ങുമോ എന്നെല്ലാം കുടുംബങ്ങൾ ചോദിക്കുമ്പോൾ ഉദ്യോഗസ്ഥർ മൗനംപാലിക്കുകയാണ്. ഇതാണ് ജനങ്ങളെയാകെ നിരാശപ്പെടുത്തുന്നത്. മാത്രമല്ല, നഷ്ടപരിഹാരം സംബന്ധിച്ച ചോദ്യങ്ങൾക്കും വ്യക്തതയില്ലാത്ത മറുപടിയാണ് ഉദ്യോഗസ്ഥരുടേതെന്നും നാട്ടുകാർ പറഞ്ഞു.

Tags:    
News Summary - K-Rail stoning continues; Police to retreat protesters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.