കക്കോടി: ഇനിയെത്ര ജീവൻ നൽകണം കക്കോടി പാലം വളവ് നിവരാനെന്ന ചോദ്യത്തിന് ഉത്തരമില്ലാതിരിക്കുമ്പോഴും ജീവൻ പൊലിയൽ തുടർക്കഥയാകുന്നു. ബാലുശ്ശേരി- കോഴിക്കോട് പാതയിൽ ഇത്രയധികം അപകടമരണം സംഭവിച്ച സ്ഥലം വേറെ ഇല്ലാതിരുന്നിട്ടും അധികൃതർ അപകടത്തിന് പച്ചക്കൊടി വീശുകയാണ്. നിരവധി മരണങ്ങളാണ് കക്കോടി പാലം ‘എസ്’ വളവിൽ നടന്നത്.
ശനിയാഴ്ച രാത്രി ചെലപ്രം സ്വദേശി വിൽമേഷ് മനോഹർ (35) അപകടത്തിൽ മരിച്ചതിനുപുറമെ കക്കോടി കമലക്കുന്ന്, കൂടത്തുംപൊയിൽ സ്വദേശികളായ രണ്ടു യുവാക്കൾ, കക്കോടി കമലക്കുന്ന് സ്വദേശിയായ യുവതി, ഡോക്ടറെ കാണിച്ച് മടങ്ങുകയായിരുന്ന കണ്ണാടിക്കൽ സ്വദേശിനി, ചെലപ്രം സ്വദേശിയായ യുവാവ്, ചേളന്നൂർ ഗുഡ് ലെക്ക് ലൈബ്രറിക്കുസമീപത്തെ യുവാവ്, കക്കോടി പൂവത്തൂർ സ്വദേശിനി എന്നിവർക്കെല്ലാം ജീവൻപൊലിഞ്ഞത് ഈ അപകടത്തുരുത്തിലാണ്. പ്രദേശവാസികളും സംഘടനകളും അപകടവളവ് നിവർത്തണമെന്നാവശ്യപ്പെട്ട് പല തവണ ജനപ്രതിനിധികൾക്കും പി.ഡബ്ല്യൂ.ഡി അധികൃതർക്കും നിവേദനങ്ങൾ നൽകിയെങ്കിലും നടപടിയില്ല.
കോഴിക്കോട്- ബാലുശ്ശേരി റോഡിന്റെ വികസനത്തിന് കാത്തിരിക്കുകയാണ് അധികൃതർ. അമിതവേഗത്തിലെത്തുന്ന വാഹനങ്ങൾ ഈ ഭാഗത്ത് നിയന്ത്രണം വിടുകയാണ്. ഇവിടെ നടന്ന അപകടങ്ങൾക്ക് കണക്കില്ല. ഇരുചക്രവാഹനങ്ങളും കാൽനടക്കാരുമാണ് ഏറെ അപകടത്തിൽപെടുന്നത്. കൊടുംവളവിൽ നാലും അഞ്ചും തെരുവുകച്ചവടക്കാർ ഇടംപിടിക്കുന്നത് കൂടുതൽ അപകടത്തിനിടയാക്കുകയാണ്.
പഴം, പച്ചക്കറി, കോഴിക്കച്ചവടം, കല്ലുമ്മക്കായ, മത്സ്യകച്ചവടം എന്നിവ ഇവിടെ സ്ഥിരമാണ്. സാധനം വാങ്ങിക്കാൻ വാഹനങ്ങളിലെത്തുന്നവർ റോഡിൽതന്നെയാണ് പാർക്ക് ചെയ്യുന്നത്. താൽക്കാലിക ഷെഡ് വരെ കെട്ടിയാണ് കച്ചവടം പൊടിപൊടിക്കുന്നത്. ചേവായൂർ പൊലീസിലും കോർപറേഷൻ അധികൃതർക്കും പരാതി നൽകിയിട്ടും നടപടിയില്ല.
അപകടം വിളിച്ചുവരുത്തുന്ന കച്ചവടക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സമീപവാസി കാളിൽ വിജയൻ പറഞ്ഞു. ഗതാഗത തടസ്സം സൃഷ്ടിക്കുന്ന അനധികൃത കച്ചവടത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ഭാരവാഹി പ്രജീഷ് ജ്യോതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.