കക്കോടി: തന്റെ 50 കൊല്ലത്തെ മീൻ കച്ചവടത്തിൽ പല മാറ്റങ്ങളും വന്നെങ്കിലും ചെലപ്രം ചെറുവങ്ങാട്ട് പോക്കറിന്റെ പച്ചിലയിൽ കെട്ടിയുള്ള മത്സ്യവിൽപനക്ക് ഒരു മാറ്റവും വന്നിട്ടില്ല. വയസ്സ് എഴുപതായെങ്കിലും തലമുറകൾ പരിചയപ്പെട്ട ആ മത്സ്യവിൽപന തുടരുകയാണ്. എത്ര കിലോ മത്സ്യമാണെങ്കിലും അത് ഇലയിൽ പൊതിഞ്ഞു നൽകാനുള്ള വൈദഗ്ധ്യവും പോക്കറിനുണ്ട്.
രണ്ടു കുട്ട ചുമലിൽ വെച്ചുള്ള കാവണ്ടമേറ്റിയുള്ള വിൽപന പുതിയ തലമുറകൾക്കറിയില്ലെങ്കിലും 30 വർഷത്തോളം കുടുംബം പോറ്റാൻ പോക്കർ മത്സ്യവിൽപന നടത്തിയത് അങ്ങനെയായിരുന്നു. ഇന്ന് കുടുംബം പോറ്റാനല്ലെങ്കിലും തന്റെ ജീവിതത്തിന്റെ ഭാഗമായ തൊഴിൽ എന്ന നിലക്ക് അത് തുടരുകയാണ്. വണ്ടിക്കാർ എത്തിച്ചുനൽകുന്ന മത്സ്യം ഉന്തുവണ്ടിയിലാണ് വിൽപന നടത്തുന്നത്. ‘‘എല്ലാതരം മീൻ വിൽപനയും ചെയ്തിട്ടുണ്ട്. ഏത് മഴയത്തും തണുപ്പത്തും തന്റെ ഇരുപതാം വയസ്സിൽ കാൽനടയായി കടപ്പുറത്തേക്ക് കൊട്ട തലയിലേറ്റി പോകും. നേരം വെളുക്കുംമുമ്പ് കടപ്പുറത്തുനിന്ന് മീനുമായി പോന്നാൽ ഏഴര എട്ടു മണിയാകുമ്പോഴേക്കും നാട്ടിലെത്തി കച്ചോടം തുടങ്ങും. കുന്നും പറമ്പും ഇടവഴിയുമെല്ലാം നടന്ന് 12 മണിയാകുമ്പോേഴക്കും മീനെല്ലാം വിറ്റ് വീട്ടിലെത്തും. കുളിച്ച് ഭക്ഷണം കഴിച്ച് ക്ഷീണം തീർത്താൽ വൈകീട്ട് പിറ്റേന്നത്തേക്ക് മീൻ കെട്ടാനുള്ള തേക്കിലയോ കൂവയിലയോ പെരിയിലയോ എടുത്തുവെക്കും. രണ്ടോ മൂന്നോ പച്ചപ്പാള നാരാക്കി രണ്ടുമൂന്നു പിടി കെട്ടാക്കിവെക്കും. അമ്പതു കൊല്ലം മുമ്പാ ഇപ്പണി തുടങ്ങിയത്. തന്റെ വരവും കാത്ത് ഇരിക്കുന്നവരെ നിരാശപ്പെടുത്താൻ അനുവദിക്കാത്തതോണ്ടാ ഇപ്പഴും കച്ചോടം നടത്തുന്നത്’’ -പോക്കർ പറയുന്നു.
മനുഷ്യരെക്കാൾ കൂടുതൽ കാത്തിരിക്കുക പൂച്ചകളും നായ്ക്കളുമാണ്. ഓരോ ഭാഗത്തുമുള്ള മിണ്ടാപ്രാണികളുടെ മുഖം മനസ്സിൽ വരുമ്പോൾ വയ്യെങ്കിലും കച്ചവടത്തിനു പോകും പോക്കർ. ആദായ വിൽപന നടത്തിയാലും മൃഗങ്ങളെ ഊട്ടിയാലും തനിക്ക് പത്തറന്നൂറു രൂപ ദിവസവും കൈയിൽ കിട്ടുമെന്നാണ് പോക്കർ പറയുന്നത്. ഓരോ കുടുംബത്തിലെ ചെറിയ തലമുറയെപ്പോലും അടുപ്പിച്ച് നിർത്തുന്നത് തന്റെ മീൻ വിൽപനയാണ്. ആവുന്നിടത്തോളം അത് തുടരണമെന്നാണ് ആഗ്രഹമെന്ന് പോക്കർ പറയുന്നു. വിദേശത്തുള്ള മകനും നാട്ടിൽ അധ്യാപകനായ മകനും ആരോഗ്യപ്രശ്നം കാരണം മത്സ്യവിൽപന നിർത്താൻ പറഞ്ഞുനോക്കിയെങ്കിലും ഉപ്പയുടെ മനസ്സിന്റെ വിശാലതക്കും സന്തോഷത്തിനും അറുതിവരുത്താൻ ഇഷ്ടമില്ലാത്തതിനാൽ മൗനാനുവാദം നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.