കൊടിയത്തൂർ: സ്കൂൾ ഉച്ചഭക്ഷണ വിതരണ പദ്ധതിയിലൂടെ പ്രതിസന്ധിയിലും വലിയ സാമ്പത്തിക ബാധ്യതയിലുമായിരിക്കുകയാണ് അധ്യാപക-രക്ഷാകർതൃ സമിതിയും പ്രധാനാധ്യാപകരും അധ്യാപകരും. കുറഞ്ഞ കുട്ടികളുള്ള സ്കൂളുകളെയാണ് പ്രശ്നം കാര്യമായി ബാധിച്ചിരിക്കുന്നത്. 150ൽ താഴെ കുട്ടികളുള്ള സ്കൂളിൽ ഒരു കുട്ടിക്ക് ദിവസം എട്ട് രൂപയാണ് സർക്കാർ അനുവദിച്ചത്. ഇതിന് പകുതി സാധനങ്ങൾ വാങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ്.
ആഴ്ചയിൽ രണ്ടു ദിവസം 150 മില്ലിലിറ്റർ പാലും ഒരു ദിവസം കോഴിമുട്ടയും നൽകണം. പച്ചക്കറി, പലവ്യഞ്ജനങ്ങൾ, ഗ്യാസ് എന്നിവ വാങ്ങേണ്ടത് ബാക്കി പണം ഉപയോഗിച്ചാണ്. അരിയും പാചകക്കൂലിയും മാത്രമാണ് സർക്കാർ നൽകുന്നതെന്ന് പഞ്ചായത്ത് പി.ടി.എ, എസ്.എം.സി കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു. പല സ്കൂളുകളും മാസത്തിൽ 4000 രൂപയോളം കടത്തിലാണ്. ഇതിന് പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് എം.പി, എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ്, ഡി.ഡി.ഇ, ഡി.ഇ.ഒ, എ.ഇ.ഒ എന്നിവർക്ക് നിവേദനം നൽകും.
2016ൽ അനുവദിച്ച നിരക്കാണ് എട്ട് രൂപ. അതിന് ശേഷം സാധനങ്ങൾക്ക് പത്തിരട്ടിയോളം വില വർധിച്ചിട്ടുണ്ട്. ഒരു കുട്ടിക്ക് ഒരു ദിവസത്തേക്ക് 15 രൂപയെങ്കിലും കിട്ടിയെങ്കിലേ പദ്ധതി വിജയിക്കൂ. കഴിഞ്ഞ ജൂണിൽ ഉച്ചഭക്ഷണത്തിനായി ചെലവഴിച്ച തുക പല സ്കൂളുകൾക്കും നൽകിയിട്ടില്ല. ഇതിനൊപ്പം സംസ്ഥാനത്തെ സ്കൂൾ പാചക തൊഴിലാളികളുടെ ശമ്പളവും മുടങ്ങി. ഏപ്രിൽ, മേയ് മാസങ്ങളിൽ നൽകുന്ന 2000 രൂപ വീതമുള്ള അലവൻസും വിതരണം ചെയ്തിട്ടില്ല. ഫണ്ട് വിതരണം ഇനിയും നീണ്ടാൽ സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം നിലക്കുമെന്ന ആശങ്കയിലാണ് അധ്യാപകരും രക്ഷിതാക്കളും.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളിൽ കുട്ടികൾ വർധിക്കുകയും ഹൈടെക് ക്ലാസ്മുറികൾ ഒരുക്കുകയും ചെയ്ത സർക്കാർ പാവപ്പെട്ട വിദ്യാർഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും സങ്കടം കാണുമെന്ന പ്രതീക്ഷയിലാണ് കൂട്ടായ്മ.
ചെയർമാൻ സി.വി. റസാഖ്, കൺവീനർ എ.കെ. റാഫി, ട്രഷറർ സി. ഫസൽ ബാബു, വൈസ് ചെയർമാൻ ഇ.കെ. സാജിദ്, ജോയന്റ് കൺവീനർ സലാം ചാലിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.