കൊടുവള്ളി: കൊടുവള്ളി നഗരസഭയിലെ സ്വതന്ത്ര കൗണ്‍സിലറായ കെ. ശിവദാസനെ അയോഗ്യനാക്കിയ തെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനം ശരിവെച്ച വിധിയില്‍ ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്. റിവ്യു പെറ്റിഷന്‍ പരിഗണിച്ച ഹൈകോടതി നവംബര്‍ അഞ്ചിന് വാദം കേള്‍ക്കും.
അതുവരെ ശിവദാസന് തൽസ്ഥിതി തുടരാനാണ് ഇടക്കാല ഉത്തരവ്. നഗരസഭ ഇടത് കൗണ്‍സിലര്‍ ഇ.സി. മുഹമ്മദ് നല്‍കിയ പരാതിയില്‍ പൊതുമരാമത്ത് കാര്യ സ്ഥിരം സമിതി ചെയർമാൻ കൂടിയായിരുന്ന കെ. ശിവദാസനെ തെരഞ്ഞെടുപ്പ് കമീഷന്‍ മുമ്പ് അയോഗ്യനാക്കിയിരുന്നു. ആനുകൂല്യങ്ങള്‍ കൈപ്പറ്റരുതെന്നും വോട്ടിങ്ങില്‍ പങ്കെടുക്കരുതെന്നുമുള്ള വ്യവസ്ഥയോടെ തെരഞ്ഞെടുപ്പ് കമീഷെൻറ തീരുമാനം ഹൈകോടതി സ്റ്റേ ചെയ്യുകയും കെ. ശിവദാസന്‍ നഗരസഭ കൗണ്‍സിലറായി തുടര്‍ന്നുവരുകയുമായിരുന്നു.
കേസ് പരിഗണിച്ച ഹൈകോടതി കഴിഞ്ഞ സെപ്റ്റംബർ 30നാണ് തെരഞ്ഞെടുപ്പ് കമീഷെൻറ തീരുമാനം അംഗീകരിച്ച് വിധിപറഞ്ഞത്. അതിലാണ് ശിവദാസിന് അനുകൂലമായി ഒക്‌ടോബര്‍ 20ന് ഇടക്കാല ഉത്തരവുണ്ടാകുന്നത്. കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പില്‍ ഡിവിഷന്‍ 28 കൊടുവള്ളി ഈസ്റ്റില്‍ കോണ്‍ഗ്രസിെൻറ സി.എം. ഗോപാലനെതിരെ സ്വതന്ത്രനായായിരുന്നു കെ. ശിവദാസന്‍ മത്സരിച്ചിരുന്നത്. യു.ഡി.എഫിലെ അസ്വാരസ്യങ്ങള്‍ കാരണം കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച സി.എം. ഗോപാലനെ പിന്തുണക്കുന്നതിന് പകരം മുസ്ലിം ലീഗ് ഉള്‍പ്പെടെ കെ. ശിവദാസനുവേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നായിരുന്നു ആരോപണം.
തെരഞ്ഞെടുപ്പിനുശേഷം യു.ഡി.എഫ് മുന്നണിയുടെ ഭാഗമാണെന്ന സത്യവാങ്മൂലം നല്‍കിയതാണ് ശിവദാസന് വിനയായത്. മുന്നണിയുടെ ഭാഗമായല്ലാതെ സ്വതന്ത്രനായി മത്സരിച്ച് ജയിച്ചയാള്‍ മുന്നണിയിലോ രാഷ്ട്രീയ പാര്‍ട്ടിയിലോ അംഗത്വമെടുത്താല്‍ മുനിസിപ്പാലിറ്റി ആക്ടിെൻറ കൂറുമാറ്റ നിരോധന സെക്ഷന്‍ 3 (1) സി വകുപ്പ് പ്രകാരം അയോഗ്യനാകുമെന്ന വ്യവസ്ഥയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കൗണ്‍സിലറായ ഇ.സി. മുഹമ്മദ് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചത്.
നഗരസഭ ഡിവിഷൻ 12ലെ പ്രതിനിധി വിമല ഹരിദാസനും ഹൈകോടതി സ്റ്റേയുടെ ബലത്തിലാണ് കൗൺസിലറായി തുടർന്നുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.