കൊടുവള്ളി: കേടുവന്നതും മായം കലര്‍ന്നതുമായ ഭക്ഷണപദാര്‍ഥങ്ങളെ എളുപ്പം തിരിച്ചറിയാന്‍ ഉപകരിക്കുന്ന പാക്കിങ് കവര്‍ വികസിപ്പിച്ചെടുത്ത് മലയാളി ഗവേഷകന്. എന്‍.ഐ.ടിയിലെ ഗവേഷകനും മടവൂര്‍ മുക്ക് സ്വദേശിയുമായ ഡോ. പി.കെ. മുഹമ്മദ് അദ്നാനാണ് നേട്ടത്തിന്റെ ഉടമ. പാറ്റന്റ് ലഭിച്ച പരിസ്ഥിതി സൗഹൃദ പാക്കേജിങ് ഫിലിമിന്റെ വിവരങ്ങള്‍ ആഗസ്റ്റിലെ പാക്കേജിങ് ടെക്നോളജി ആന്‍ഡ് റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രകൃതിജന്യ പോളിമറായ ജലാറ്റിനും സിന്തറ്റിക് പോളിമറായ പോളി വില്‍ പയററോലിഡോണും ചേര്‍ത്താണ് ഫിലിം നിര്‍മിക്കുന്നത്. ഇത്തരം കവറുകളിലേക്കുമാറ്റിയ ഭക്ഷണം കേടുവന്നാല്‍ ഉപയോഗിച്ച കവറിന് എളുപ്പം നിറം മാറ്റം സംഭവിക്കും. പ്രോട്ടീന്‍ കൂടുതലടങ്ങിയ നോണ്‍ വെജ് ഇനങ്ങളില്‍ ഇത് വളരെ പെട്ടെന്ന് പ്രകടമാവുകയും ചെയ്യും. കൂടാതെ ഭക്ഷണത്തിലോ പച്ചക്കറികളിലോ മത്സ്യ-മാംസാദികളിലോ മായം ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന കോപ്പര്‍ സള്‍ഫേറ്റിന്റെ സാന്നിധ്യവും വ്യക്തമായ കളര്‍ മാറ്റത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. ഭക്ഷണത്തിന് ആന്റി ബാക്ടീരിയല്‍, ആന്റിഓക്സിഡന്റ്, ഈര്‍പ്പം ആഗിരണം ചെയ്യല്‍, യു.വി റേഡിയേഷന് തടയല്‍, ഭക്ഷണ സുരക്ഷ കാലാവധിയിലെ മെച്ചം തുടങ്ങിയ ഗുണങ്ങളും പുതിയ ഫിലിം വാഗ്ദാനം ചെയ്യുന്നു.
പേരാമ്പ്ര സി.കെ.ജി ഗവ. കോളജിലെ അസി. പ്രഫസറായ മുഹമ്മദ് അദ്നാന് മടവൂര്‍ മുക്ക് പുള്ളക്കോട്ട് കണ്ടി പി.കെ. അബ്ദുറഹ്മാന് ഹാജിയുടെയും പരേതയായ സക്കീനയുടെയും മകനാണ്. ഭാര്യ: ഡോ. ഫസ്ന ഫെബിന്. മക്കള്‍: ഇസ്സ അദ്നാന്, ആഇശ അദ്നാന്. എന്‍.ഐ.ടി കെമിസ്ട്രി വിഭാഗം അധ്യാപിക പ്രഫ. ലിസ ശ്രീജിത്താണ് റിസര്‍ച്ച് ഗൈഡായി പ്രവര്‍ത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.