കൊടുവള്ളി: വിവാഹം കഴിഞ്ഞ് പത്താംദിവസം ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ കൊടുവള്ളി മാനിപുരം മുണ്ടംപുറത്ത് തേജാലക്ഷ്മിയുടെ (18) മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇതുസംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ വടകര എസ്.പിക്ക് പരാതി നൽകി.
ഉണ്ണികുളം ഇയ്യാട് നീറ്റോറച്ചാലിൽ ജിനുകൃഷ്ണയുടെ ഭാര്യയായ തേജാലക്ഷ്മിയെ കഴിഞ്ഞ ശനിയാഴ്ച ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
തേജാലക്ഷ്മി അനങ്ങുന്നില്ലെന്ന് രാവിലെ ഭർത്താവ് ജിനു വീട്ടുകാരോട് പറയുകയായിരുന്നു. വീട്ടുകാർ ചെന്നുനോക്കിയപ്പോൾ കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു. കിടപ്പുമുറിയിലെ ജനൽക്കമ്പിയിൽ തുണി കുരുക്കിട്ട് കെട്ടിയ നിലയിൽ കാണപ്പെട്ടിരുന്നു. തേജാലക്ഷ്മിയെ ഫെബ്രുവരി ഒമ്പതിനാണ് ആര്യസമാജത്തിൽെവച്ച് ജിനുകൃഷ്ണ രജിസ്റ്റർ വിവാഹം ചെയ്തത്.
ഒമ്പതിന് രാവിലെ പെൺകുട്ടിയെ വീട്ടിൽനിന്ന് കാണാതായതായി ബന്ധുക്കൾ കൊടുവള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. വൈകീട്ട് നാലരയോടെ തേജാലക്ഷ്മിയും ജിനുകൃഷ്ണയും കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയും വിവാഹിതരായതിന്റെ രേഖകൾ ഹാജരാക്കിയതിനെ തുടർന്ന് ജിനുകൃഷ്ണയോടൊപ്പം പോവുകയുമായിരുന്നു.
ഓമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ലാബ് കോഴ്സിന് ചേർന്നിരുന്നു തേജാലക്ഷ്മി. മാനിപുരം കാവിൽ മുണ്ടംപുറത്ത് പരേതനായ സുനിലിന്റെയും ജിഷിയുടെയും മകളാണ്. മരണത്തിൽ ദുരൂഹതയുണ്ടെന്നും അതിനാൽ സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരുകയും കുറ്റക്കാർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് സി.പി.എം മാനിപുരം ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.
എകരൂൽ: യുവതി ഭർതൃവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബാലുശ്ശേരി പൊലീസ് യുവതിയുടെ ബന്ധുക്കളുടെ മൊഴിയെടുത്തു. ബന്ധുക്കളുടെ പരാതിയിൽ വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.