കൊടുവള്ളി: മോഷ്ടാവെന്നാരോപിച്ച് നാട്ടുകാർ മർദിച്ച യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. കൊടുവള്ളി ആറങ്ങോട് കരിമ്പാരുകുഴിയിൽ മുഹമ്മദ് ഷഫീഖാണ് (20) വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെ കൊടുവള്ളി പഴയ വില്ലജ് ഓഫിസ് കെട്ടിടത്തിൽ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
കഴിഞ്ഞ സെപ്റ്റംബർ 20ന് രാത്രി 7.45ഓടെ കൊടുവള്ളി പറമ്പത്തുകാവിൽ വെച്ച് ബൈക്കിൽ സുഹൃത്തിനെ വീട്ടിൽ ഇറക്കി വരുന്നവഴി ഒരുസംഘം ആളുകൾ ഷഫീഖിനെ തടഞ്ഞുവെക്കുകയും സ്ത്രീയുടെ ബാഗ് തട്ടിപ്പറിച്ചെന്നാരോപിച്ച് മർദിക്കുകയും മൊബൈൽ എറിഞ്ഞുതകർക്കുകയും ചെയ്തിരുന്നു. തലക്കും കൈക്കും പരിക്കേറ്റ ഷഫീഖിനെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം, പറമ്പത്തുകാവിൽ സ്ത്രീയുടെ ബാഗ് തട്ടിപ്പറിച്ച സംഭവത്തിൽ യഥാർഥ പ്രതിയെ പിറ്റേദിവസം കരീറ്റിപ്പറമ്പ് കാപ്പ് മലയിൽനിന്ന് പൊലീസ് പിടികൂടിയിരുന്നു.
പ്രദേശവാസികളായ രണ്ടു യുവാക്കളുടെ നേതൃത്വത്തിൽ ഒരുസംഘം തന്നെ ക്രൂരമായി ആക്രമിക്കുകയും മോഷ്ടാവെന്ന് വിളിച്ചു മാനംകെടുത്തുകയും ചെയ്തെന്ന് കാണിച്ച് ഷഫീഖ് കൊടുവള്ളി പൊലീസിൽ പരാതി നൽകിയിരുന്നു.
ഈ പരാതിയിൽ കേസെടുക്കാനോ അന്വേഷണം നടത്താനോ പൊലീസ് തയാറാവുന്നില്ലെന്ന് ആത്മഹത്യ ശ്രമത്തിന് തൊട്ടുമുമ്പ് റെക്കോഡ് ചെയ്ത വിഡിയോയിൽ ഷഫീഖ് പറയുന്നുണ്ട്. ആഴത്തിലുള്ള മുറിവില്ലാത്തതിനാൽ പ്രാഥമിക ചികിത്സക്കുശേഷം ഷഫീഖ് ആശുപത്രി വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.