കോഴിക്കോട്: കൂടത്തായ് കൂട്ടക്കൊലയിൽ കല്ലറയിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ എ.ഡി.എമ്മിനെ വിസ്തരിച്ചു. റോയ് തോമസ് വധക്കേസ് അന്വേഷണത്തിന്റെ ഭാഗമായി 2019 ഒക്ടോബർ നാലിന് കൂടത്തായ് ലൂർദ് മാതാ പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറ തുറന്ന് റോയ് തോമസിന്റെ മൃതദേഹ അവശിഷ്ടങ്ങൾ പുറത്തെടുത്ത് താൻ ഇൻക്വസ്റ്റ് നടത്തിയതായി അന്നത്തെ താമരശ്ശേരി തഹസിൽദാർ ആയിരുന്ന 209ാം സാക്ഷി കോഴിക്കോട് എ.ഡി.എം മുഹമ്മദ് റഫീക്കാണ് മാറാട് പ്രത്യേക കോടതി ജഡ്ജി എസ്.ആർ. ശ്യാം ലാൽ മുമ്പാകെ മൊഴി നൽകിയത്.
ഫോറൻസിക് വിദഗ്ധർ, സയന്റിഫിക് ഓഫിസർ, ഫിംഗർ പ്രിന്റ് എക്സ്പേർട്, പള്ളി വികാരി, റോയ് തോമസിന്റെ സഹോദരി രഞ്ജി തോമസ്, പഞ്ചായത്ത് പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇൻക്വസ്റ്റ് നടത്തിയത്.
റോജോ തോമസ് 2019 ജൂണിൽ കൂടത്തായിയിലെ ആറു മരണങ്ങളിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് റൂറൽ എസ്.പിക്ക് നൽകിയ പരാതി താൻ ഡിവൈ.എസ്.പിക്ക് ഹാജരാക്കി കൊടുത്തിരുന്നെന്നും അത് ഒരു മഹസർ തയാറാക്കി ബന്തവസിൽ എടുത്തെന്നും റൂറൽ എസ്.പി ഓഫിസിലെ സെക്ഷൻ ക്ലർക്കായിരുന്ന 210ാം സാക്ഷി പി. ദിഷി മൊഴി നൽകി. ദിഷി ഹാജരാക്കിയ പരാതി ബന്തവസിൽ എടുക്കുന്നതിന് താൻ സാക്ഷിയായിരുന്നെന്ന് പൊലീസ് സൂപ്രണ്ട് ഓഫിസിലെ ക്ലർക്കായിരുന്ന ജിഷ മൊഴി നൽകി.
2011 ആഗസ്റ്റ് 30ന് റോയ് തോമസിനെ ചികിത്സിച്ച രേഖകൾ കോടതിയിൽ ഹാജരാക്കിയത് മിംസ് ആശുപത്രിയിലെ മെഡിക്കൽ റെക്കോഡ്സ് വിഭാഗം മാനേജർ പി. ജിതേഷ് കോടതിയിൽ തിരിച്ചറിഞ്ഞു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ, അഡീഷനൽ പ്രോസിക്യൂട്ടർ ഇ. സുഭാഷ് എന്നിവർ ഹാജരായി. ഒന്നാം പ്രതിക്കുവേണ്ടി അഡ്വ. ഹിജാസ് അഹമ്മദ് എതിർ വിസ്താരം നടത്തി. സാക്ഷി വിസ്താരം ചൊവ്വാഴ്ച തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.