കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലയിൽ റോയ് തോമസ് വധക്കേസിൽ വിവിധ ഉദ്യോഗസ്ഥരുടെ സാക്ഷി വിസ്താരം വ്യാഴാഴ്ചയും തുടർന്നു. ഓമശ്ശേരി പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ റോയ് തോമസ് കൊലക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് പൊന്നാമറ്റം വീടുമായി ബന്ധപ്പെട്ട പഞ്ചായത്ത് ഓഫിസിലുണ്ടായിരുന്ന രേഖകൾ താൻ ഹാജരാക്കി കൊടുത്തതായി ഓമശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിറായിരുന്ന 175ാം സാക്ഷി ഫമാസ് ഷമീം, മാറാട് പ്രത്യേക അഡീഷനൽ സെക്ഷൻസ് കോടതി ജഡ്ജി എസ്.ആർ. ശ്യാംലാൽ മുമ്പാകെ മൊഴി നൽകി.
ഒസ്യത്തിന്റെ പകർപ്പും മറ്റും ഹാജരാക്കിയതിനെ തുടർന്ന് വീടിന്റെ ഉടമസ്ഥാവകാശം ജോളിയുടെ പേരിലേക്ക് മാറ്റിയിരുന്നെങ്കിലും പിന്നീട് രേഖകൾ വ്യാജമാണെന്ന് മനസ്സിലായപ്പോൾ ഉടമസ്ഥാവവകാശം പൂർവ സ്ഥിതിയിലേക്ക് മാറ്റിയതായി രേഖകളിലുണ്ടെന്നും സാക്ഷി മൊഴി നൽകി.
ഈ രേഖകൾ മഹസറിൽ വിവരിച്ച് പൊലീസ് ബന്തവസ്സിൽ എടുക്കുന്നതിന് താൻ സാക്ഷിയായിരുന്നെന്ന് 176ാം സാക്ഷി ഓമശ്ശേരി പഞ്ചായത്തിലെ ക്ലർക്കായിരുന്ന ഷറഫുദ്ദീൻ മൊഴി നൽകി. പോന്നാമറ്റം വീടിന്റെ ഉടമസ്ഥാവകാശം തന്റെ പേരിലേക്ക് മാറ്റാൻ ജോളി അപേക്ഷ നൽകിയപ്പോൾ താനാണ് സ്ഥലത്ത് പോയി അന്വേഷിച്ചതെന്ന് ഷറഫുദ്ദീൻ മൊഴി നൽകി.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ അഡീഷനൽ പ്രോസിക്യൂട്ടർ ഇ. സുഭാഷ്, അഡ്വ. സഹീർ അഹമ്മദ് എന്നിവർ ഹാജരായി. ഒന്നാംപ്രതിയുടെ അഭിഭാഷകൻ ബി.എ. ആളൂരിന്റെ അസൗകര്യം കാരണം എതിർവിസ്താരം മാറ്റിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.