കൊയിലാണ്ടി: ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ കോവിഡ് കാലത്ത് നിർത്തലാക്കിയ തീവണ്ടികളുടെ സ്റ്റോപ് പുനഃസ്ഥാപിക്കാത്തതിൽ പ്രതിഷേധം വ്യാപകമാവുന്നു. പന്തലായനി ബ്ലോക്ക് പഞ്ചായത്തിലുൾപ്പെട്ട കൊയിലാണ്ടി, ചെങ്ങോട്ടുകാവ്, അത്തോളി, ചേമഞ്ചേരി പഞ്ചായത്തുകളിലെ ജനങ്ങൾ തീവണ്ടി യാത്രക്ക് വർഷങ്ങളായി ഉപയോഗിക്കു സ്റ്റേഷനാണിത്.
ചേമഞ്ചേരി ബ്രീട്ടിഷ് ഭരണകാലം മുതൽ ഇവിടെ റെയിൽവേ സ്റ്റേഷൻ പ്രവർത്തിച്ചിരുന്നു ക്വിറ്റ് ഇന്ത്യ സമരകാലത്ത് ബ്രീട്ടീഷുകാരുടെ മലബാർ ഭാഗത്തേക്കുള്ള യാത്ര തടയാൻ സ്വാതന്ത്ര്യ സമരസേനാനികൾ ഇവിടത്തെ സ്റ്റേഷൻ തകർക്കാൻ ബോംബ് നിർമിച്ച കേസ് നിലനിന്നിരുന്നു. ചരിത്ര സ്മാരകമായി ഉയർത്തിക്കാട്ടപ്പെട്ട ഈ സ്റ്റേഷൻ സമീപകാലത്തായി അനാഥമായ നിലയിലാണ്. കോവിഡ് കാലത്ത്, ഇവിടെ ട്രെയിനുകൾ നിർത്തിയുള്ള സർവിസ് റെയിൽവേ അവസാനിപ്പിക്കുകയായിരുന്നു
കണ്ണൂർ-കോയമ്പത്തൂർ, കോയമ്പത്തൂർ-കണ്ണൂർ, തൃശൂർ-കണ്ണൂർ, മംഗലാപുരം-കോഴിക്കോട് എന്നീ തീവണ്ടികളുടെ സ്റ്റോപ്പുകളാണ് നിർത്തിയത്. പിന്നീട് പുനഃസ്ഥാപിക്കുയും ചെയ്തിട്ടില്ല. ജനങ്ങൾ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഒരു പരിഹാരവും ഉണ്ടായിട്ടില്ല. എൻ.എച്ച്. 66 ന്റെ നിർമാണത്തോടെ യാത്ര ക്ലേശത്തിലായ ജനങ്ങൾക്ക് ഇവിടെ സ്റ്റോപ് പുനരാരംഭിച്ചാൽ വലിയ ഉപകാരമാവുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
സ്റ്റോപ് പുനഃസ്ഥാപിക്കണം’
കൊയിലാണ്ടി: വർധിച്ചു വരുന്ന യാത്രക്ലേശം പരിഗണിച്ച് ചേമഞ്ചേരിയിൽ നിർത്തലാക്കിയ തീവണ്ടികളുടെ സ്റ്റോപ് പുനഃസ്ഥാപിക്കണമെന്ന് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗം പ്രമേയത്തിലൂടെ സതേൺ റെയിൽവേയോട് അഭ്യർഥിച്ചു.
പ്രസിഡന്റ് പി.ബാബുരാജ് അധ്യക്ഷത വഹിച്ചു. കെ.ടി.എം. കോയ പ്രമേയം അവതിരിപ്പിച്ചു. ചൈത്ര വിജയൻ, കെ. ജീവാനന്ദൻ, ബിന്ദു സോമൻ, കെ.അഭിനീഷ്, ടി.എം. രജില, ഷീബ ശ്രീധരൻ, സെക്രട്ടറി രജുലാൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.