കോഴിക്കോട്: പനിയടക്കം പകർച്ചവ്യാധികളുടെ പിടിയിലകപ്പെട്ട് കോഴിക്കോട്. പകർച്ചപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നിവ ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. കൂടാതെ എലിപ്പനി, മലേറിയ, ഷിഗല്ല, എച്ച്1എൻ1 പകർച്ചവ്യാധികൾ ബാധിക്കുന്നവരുടെ എണ്ണവും വർധിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ആറു ദിവസത്തിനിടെ ആറായിരത്തോളം പേർ പനി ബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ആറു ദിവസത്തിനിടെ ഡെങ്കിപ്പനി ബാധിച്ച് 115 പേർ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തി. 33 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. താമരശ്ശേരി, കിഴക്കോത്ത് പഞ്ചായത്തുകളിൽ ഷിഗല്ല റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോർപറേഷൻ പരിധിയിൽ ഒരാൾക്ക് മലേറിയയും ഇക്കാലയളവിൽ ബാധിച്ചു. രാമനാട്ടുകരയിൽ മഞ്ഞപ്പിത്തം ബാധിച്ച് 48കാരനും മൂടാടിയിൽ എച്ച്1എൻ1 ബാധിച്ച് 67കാരനും മരിച്ചിട്ടുണ്ട്. സർക്കാർ ആശുപത്രികളിലെ മാത്രം കണക്കാണിത്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നവരുടെ എണ്ണം ഇതിലും കൂടും.
മെഡിക്കൽ കോളജ് ആശുപത്രി അടക്കം സർക്കാർ ആശുപത്രികളിൽ കിടക്കകൾ കിട്ടാതെ രോഗികൾ വരാന്തയിൽ പായ വിരിച്ചാണ് കിടക്കുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പനി ബാധിതരെ പ്രവേശിപ്പിക്കുന്ന മൂന്നാം വാർഡിൽ കിടക്കകൾ നിറഞ്ഞുകവിഞ്ഞ് രോഗികളുടെ നിര കാന്റീനിന്റെ മുന്നിലൂടെ നഴ്സിങ് സൂപ്രണ്ട് ഓഫിസ് വരെ എത്തി.
വൈറൽ പനിയുമായാണ് കൂടുതൽ പേരും ആശുപത്രിയിൽ എത്തുന്നത്. പനി വർധിച്ചതോടെ സർക്കാർ ആശുപത്രികളിൽ ഫീവർ ക്ലിനിക്കുകൾ തുറന്നു. രണ്ടാഴ്ച മുമ്പ് 400ൽ താഴെ പേരായിരുന്നു പനി ബാധിതരായി സർക്കാർ ആശുപത്രികളിൽ എത്തിയിരുന്നത്. മഴ തുടങ്ങിയതോടെ ഇത് വർധിക്കുകയായിരുന്നു. കൊതുകുകൾ പരത്തുന്ന ഡെങ്കിപ്പനി വർധിക്കുന്നതും ആശങ്കക്ക് ഇടയാക്കുന്നുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഡെങ്കിപ്പനി, മഞ്ഞപ്പിത്തം ബാധിതരുടെ ഇത്തവണ വളരെ കൂടുതലാണ്. വയറിളക്ക രോഗവും വ്യാപകമാകുന്നതായി ആരോഗ്യ പ്രവർത്തകർ പറഞ്ഞു. മഴ ശക്തമാകുന്നതോടെ പകർച്ചവ്യാധികളും കുതിച്ചുയരുമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ വിലയിരുത്തൽ. പനിയോ മറ്റ് അസുഖങ്ങളോ പിടിപെട്ടാൽ സ്വയം ചികിത്സക്ക് മുതിരരുതെന്നും ആരോഗ്യ കേന്ദ്രങ്ങളിലെത്തി ചികിത്സ തേടണമെന്നും ഡോക്ടർമാർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.