കോഴിക്കോട്: സ്ത്രീകൾക്കു മാത്രമുള്ള വിനോദയാത്രകൾക്ക് 'ആനവണ്ടി'യിൽ ഫസ്റ്റ് ബെൽ മുഴങ്ങുന്നു. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് മാർച്ച് എട്ടു മുതൽ 13 വരെ വിമൻ ട്രാവൽ വീക്കെന്ന പേരിൽ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് കെ.എസ്.ആർ.ടി.സി യാത്രകൾ നടത്തുന്നത്. സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളായ വയനാട്, നെല്ലിയാമ്പതി, മൂന്നാർ, ഗവി, വാഗമൺ എന്നിവിടങ്ങളിലേക്കുള്ള യാത്രകളാണ് ഒരുക്കുന്നത്.
കൂടാതെ, തൊഴിലുറപ്പുകാർ, കുടുംബശ്രീ, വിവിധ വനിത സംഘങ്ങൾ എന്നിവർ കൂടുതൽ അംഗങ്ങളുമായി സമീപിച്ചാൽ ഇവിടങ്ങളിലേക്ക് പ്രത്യേക പാക്കേജുകളും സജ്ജമാക്കും. ഇതിനോടകംതന്നെ മികച്ച പ്രതികരണമാണ് യാത്രകൾക്ക് ബുക്കിങ്ങിലൂടെ ലഭിക്കുന്നതെന്ന് ബജറ്റ് ടൂറിസം സെൽ വനിത കോഓഡിനേറ്റർ ബിന്ദുസദൻ പറഞ്ഞു. വയനാട്ടിലേക്കാണ് ആവശ്യക്കാർ കൂടുതലും ഉള്ളത്. വനപർവം, പൂക്കോട്, തുഷാരഗിരി എന്നിവിടങ്ങളിലാണ് വയനാട് യാത്രയിൽ സന്ദർശനം.
ബാലുശ്ശേരിയിലെ പെണ്ണവം എന്ന 50 പേരുടെ സംഘവുമായിട്ടായിരിക്കും ഉദ്ഘാടനയാത്ര വയനാട്ടിലേക്കു പുറപ്പെടുക. നെല്ലിയാമ്പതിയിലേക്കും മൂന്നാറിലേക്കും നിലവിൽ വിവിധ സംഘടനകൾ ബുക്കിങ് നടത്തിയിട്ടുണ്ട്. ആദ്യമായാണ് കെ.എസ്.ആർ.ടി.സി ഇത്തരത്തിലൊരു യാത്ര സംഘടിപ്പിക്കുന്നത്. അതിരാവിലെ യാത്രകൾ ആരംഭിക്കുന്നതിനാൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്നവർക്ക് താമസസൗകര്യത്തിനായി ഡോർമെറ്ററി സംവിധാനമുള്ള ബസുകൾ ഏർപ്പെടുത്തുന്നതും പരിഗണനയിലാണ്. മൂന്നു നേരത്തേ ഭക്ഷണവും പാക്കേജിൽ ഉണ്ടാവും.
ജില്ലയിൽ കെ.എസ്.ആർ.ടി.സിയുടെ മറ്റു വിനോദ സഞ്ചാര സർവിസുകളുള്ള താമരശ്ശേരിയിൽനിന്നുതന്നെയാവും വനിതകളുടെ വിനോദയാത്രയും തുടങ്ങുക. താൽപര്യമുള്ളവർ 7306218456, 04952222217 എന്നീ നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.