കോഴിക്കോട്: പരാതികളും ആക്ഷേപങ്ങളും വ്യാപകമായതോടെ രാത്രിയാത്രാ പ്രതിസന്ധിക്ക് പരിഹാരം കാണാൻ കെ.എസ്.ആർ.ടി.സി. രാത്രി റെയിൽവേ സ്റ്റേഷൻ വഴി കെ.എസ്.ആർ.ടി.സി സർവിസ് നടത്താനും വയനാട്ടിലേക്ക് കൂടുതൽ സർവിസുകൾ ആരംഭിക്കാനും തീരുമാനമായി. ഇരുട്ടിക്കഴിഞ്ഞാൽ താമരശ്ശേരി, വയനാട് ഭാഗത്തേക്ക് ആവശ്യത്തിന് ബസ് സർവിസ് ഇല്ലാത്തതും രാത്രി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്ന യാത്രക്കാർക്ക് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്ക് എത്താൻ വാഹനം കിട്ടാതെ പ്രയാസപ്പെടുന്നതും ഏറെ പരാതിക്കിടയാക്കിയിരുന്നു. ഇത് ‘മാധ്യമം’ വാർത്തയാക്കിയിരുന്നു. തുടർന്നാണ് രാത്രിയാത്രാ പ്രതിസന്ധിക്ക് പരിഹാരം കാണാൻ കെ.എസ്.ആർ.ടി.സി തയാറായത്. രാത്രി എട്ടുമണി കഴിഞ്ഞാൽ മണിക്കൂറുകൾ കാത്തിരുന്നതിനുശേഷമാണ് വയനാട് ഭാഗത്തേക്ക് ബസ് ലഭിക്കുക. ഇത് സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാരെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന് പരിഹാരമായി മാനന്തവാടിക്കും സുൽത്താൻ ബത്തേരിക്കും അഞ്ചു പോയന്റ് ടു പോയന്റ് അധിക സർവിസുകൾ നടത്താനാണ് തീരുമാനം. തൃശൂർ-മാനന്തവാടി, തൃശൂർ-സുൽത്താൻ ബത്തേരി പി.പി സർവിസാണ് തുടങ്ങുക. മറ്റു ജില്ലകളിൽനിന്ന് കോഴിക്കോട്ടേക്ക് സ്ഥലംമാറ്റം ലഭിച്ച ജീവനക്കാർ കോഴിക്കോട്ട് ജോലിയിൽ പ്രവേശിക്കുകയും ബസുകൾ അനുവദിച്ചുകിട്ടുകയും ചെയ്യുന്ന മുറക്ക് സർവിസുകൾ ആരംഭിക്കും. കൂടാതെ, ഈ ഭാഗത്തേക്കുള്ള ഹ്രസ്വദൂര യാത്രക്കാരുടെ യാത്രാദുരിതം പരിഹരിക്കുന്നതിന് രാത്രി 10.30ന് അടിവാരത്തേക്ക് ഒരു ലോക്കൽ സർവിസ് കൂടി അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. ഇവിടെ ജീവനക്കാർക്ക് സുരക്ഷിതമായ താമസസൗകര്യം ഒരുക്കാൻ പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. മാത്രമല്ല, നിലവിൽ താമരശ്ശേരി വരെ സർവിസ് നടത്തുന്ന ബസുകൾ അടിവാരം വരെ ദീർഘിപ്പിക്കുന്നതും ആലോചനയിലുണ്ടെന്ന് അധികൃതർ പറഞ്ഞു.
റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്ന യാത്രക്കാർക്ക് രാത്രി നഗരത്തിൽ എത്തുന്നതിനുള്ള പ്രതിസന്ധി പരിഹരിക്കാൻ പാലക്കാട്ടുനിന്നുവരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ കല്ലായി, റെയിൽവേ സ്റ്റേഷൻ വഴി സർവിസ് നടത്താനും തീരുമാനമായിട്ടുണ്ട്. ഇത് അടുത്തയാഴ്ച മുതൽ നടപ്പാക്കും. രാത്രി വൈകി റെയിൽവേ സ്റ്റേഷനിൽനിന്ന് കെ.എസ്.ആർ.ടി.സി നടത്തിയിരുന്ന സർവിസുകൾ നിർത്തലാക്കിയത് കാരണം ഓട്ടോഡ്രൈവർമാർ യാത്രക്കാരിൽ നിന്ന് അമിത ചാർജ് ഈടാക്കുന്നത് ഏറെ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.