കോഴിക്കോട്: കുടുംബങ്ങളെ ഹാപ്പിയാക്കാൻ കുടുംബശ്രീയെത്തുന്നു. വീടുകളിലെ സന്തോഷ സൂചിക ഉയർത്തുന്നതിന് സംസ്ഥാനത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയാണ് ഹാപ്പിനെസ് സെന്ററുകൾ. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കോഴിക്കോട് റീജനുകളിലെ 168 സി.ഡി.എസുകളിലാണ് നടപ്പാക്കുക.
കുടുംബശ്രീ നടപ്പാക്കുന്ന ദേശീയ ഗ്രാമീണ ഉപജീവനദൗത്യം പദ്ധതിയുടെ ഭാഗമായുള്ള ഫുഡ്, ന്യൂട്രീഷൻ, ഹെൽത്ത് ആൻഡ് വാഷ് പ്രവർത്തനങ്ങളോടനുബന്ധിച്ച് നടപ്പാക്കുന്നതാണ് പദ്ധതി. രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതി ആഗസ്റ്റോടെ ആരംഭിക്കും.
ജില്ലയിലെ മാതൃക സി.ഡി.എസുകളായ നന്മണ്ട, പുതുപ്പാടി, മാവൂർ, ഒളവണ്ണ, ചോറോട്, തിരുവള്ളൂർ, മേപ്പയൂർ, ബാലുശ്ശേരി, ചേമഞ്ചേരി, കാവിലുംപാറ, നരിപ്പറ്റ, എടച്ചേരി, ചെറുവണ്ണൂർ എന്നിവിടങ്ങളിലായിരിക്കും പദ്ധതി നടപ്പാക്കുക. അന്തിമ തീരുമാനമായിട്ടില്ല. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ഹാപ്പിനെസ് സമിതികൾ രൂപവത്കരിച്ചാണ് പ്രവർത്തനം. വീടുകളിലെ ജീവിത സാഹചര്യങ്ങളും ശാരീരിക മാനസിക ആരോഗ്യവും പഠിക്കാൻ ആദ്യം സർവേ നടത്തും. ഇതിലൂടെ സന്തോഷത്തിന്റെ അളവ് രേഖപ്പെടുത്തും. സന്തോഷം കുറവുള്ള കുടുംബങ്ങളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും ചെയ്യും.
ഇതിനായി വിവിധ വകുപ്പുകളുടെ പ്രതിനിധികൾ, തദ്ദേശ സ്ഥാപനത്തിലെയും കുടുംബശ്രീ ത്രിതല സംഘടന സംവിധാനത്തിന്റെയും പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി പ്രാദേശിക തലത്തിൽ വിവിധ കമ്മിറ്റികളും സംസ്ഥാന, ജില്ലതലത്തിൽ റിസോഴ്സ് ഗ്രൂപ്പുകളും രൂപവത്കരിക്കും.
ഇവർക്കെല്ലാമുള്ള പരിശീലനം ജൂലൈ 30നകം പൂർത്തിയാക്കും. ആഗസ്റ്റ് ഒന്നുമുതൽ എ.ഡി.എസ് അംഗങ്ങൾക്കുള്ള വാർഡുതല പരിശീലനം ആരംഭിക്കുമെന്ന് കുടുംബശ്രീ ജില്ല പ്രോഗ്രാം ഓഫിസർ നിഷിത സൈഗുനി അറിയിച്ചു.
തുല്യത, സാമ്പത്തിക സുസ്ഥിരത, പരിസ്ഥിതി, ശുചിത്വം, കല, സാഹിത്യം, സ്പോർട്സ്, മാനസികാരോഗ്യം, പോഷകാഹാരം, ജനാധിപത്യ മൂല്യങ്ങൾ തുടങ്ങി വിവിധ മേഖലകളെ അടിസ്ഥാനമാക്കിയാണ് ഹാപ്പിനെസ് പ്രോജക്ടിന്റെ പ്രവർത്തനങ്ങൾ ഏകീകരിക്കുക. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പഞ്ചായത്ത് പ്രസിഡന്റോ മുനിസിപ്പൽ ചെയർപേഴ്സനോ അധ്യക്ഷനായും സി.ഡി.എസ് ചെയർപേഴ്സൻ കൺവീനറായും ക്ഷേമകാര്യം, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാർ, സി.ഡി.എസ് സബ് കമ്മിറ്റി കൺവീനർമാർ, സെക്രട്ടറിമാർ, ആരോഗ്യ വകുപ്പ് പ്രതിനിധികൾ, കലാ-കായിക മേഖലയിലുള്ള പ്രതിനിധികൾ, സാഹിത്യ- സാംസ്കാരിക പ്രവർത്തകർ, യോഗ, പരിസ്ഥിതി പ്രവർത്തകർ, ബാലസഭ പ്രതിനിധികൾ എന്നിവർ ഉൾപ്പെടുന്ന സമിതി രൂപവത്കരിച്ച് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കും. കുടുംബശ്രീയുടെ വിവിധ പദ്ധതികളുമായി ഏകോപിപ്പിച്ചു കൊണ്ടായിരിക്കും പ്രവർത്തനങ്ങൾ.
പദ്ധതി നടപ്പാക്കുന്ന ഓരോ സി.ഡി.എസിലും പത്തു മുതൽ നാൽപത് കുടുംബങ്ങളെ ഉൾപ്പെടുത്തി ‘ഇടം’ എന്ന പേരിൽ വാർഡുതല കൂട്ടായ്മകളും രൂപവത്കരിക്കുന്നുണ്ട്.
പദ്ധതി പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും വിലയിരുത്താനും വിവിധ വകുപ്പുകളുടെയും കുടുംബശ്രീയുടെയും പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവർ ഉൾപ്പെട്ട മോണിട്ടറിങ് ടീമും രൂപവത്കരിക്കും. ഹാപ്പിനെസ് ഇൻഡക്സിൽ മികച്ച നേട്ടം കൈവരിക്കുന്നതോടൊപ്പം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാകുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.