മുക്കം: സംസ്ഥാനത്തെ സ്പെഷൽ സ്കൂൾ ജീവനക്കാർക്ക് ഏഴ് മാസമായി വേതനം ലഭിച്ചില്ല. 2023 ഏപ്രിലിൽ അധ്യയന വർഷം ആരംഭിച്ചത് മുതൽ സംസ്ഥാനത്തെ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളെ പരിശീലിപ്പിക്കുന്ന സ്പെഷൽ സ്കൂൾ അധ്യാപകർ വേതനമില്ലാതെയാണ് ജോലി ചെയ്യുന്നത്. അധ്യയനവർഷം പകുതി പിന്നിട്ടിട്ടും വേതനം നൽകാൻ നീക്കമില്ല. സർക്കാർ നൽകി വരുന്ന പ്രത്യേക പാക്കേജായിരുന്നു അധ്യാപകരുടെ പ്രതീക്ഷ. ബജറ്റിൽ ഇതിനായി 60 കോടി രൂപ അനുവദിച്ചത് വകുപ്പിന് കൈമാറിയിട്ടുണ്ട്.
എന്നാൽ, ഇതുവരെ ഈ തുക അധ്യാപകർക്ക് വിതരണം ചെയ്തിട്ടില്ല. രണ്ടുതവണ പ്രത്യേക പാക്കേജുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി ഉദ്യോഗസ്ഥരും സംഘടന നേതാക്കളുമായി ചർച്ചനടത്തി വർഷാരംഭത്തിൽ തന്നെ അനുവദിക്കപ്പെടുന്ന തുക വിതരണം ചെയ്യാൻ നടപടി ഉണ്ടാകണമെന്ന് നിർദേശിച്ചതാണ്. പക്ഷേ ഇതുവരെ അപേക്ഷ പോലും സർക്കാർ ക്ഷണിച്ചിട്ടില്ലെന്ന് അധ്യാപകർ ചൂണ്ടിക്കാണിക്കുന്നു.
സവിശേഷ ശ്രദ്ധ വേണ്ട കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകരുടെ തുച്ഛമായ വേതനം പോലും നൽകാത്ത ഇടതുപക്ഷ സർക്കാറിന്റെ നിലപാട് പ്രതിഷേധാർഹമാണെന്ന് സ്പെഷൽ സ്കൂൾ എംപ്ലോയിസ് യൂനിയൻ (എ.ഐ.ടി.യു.സി) കോഴിക്കോട് ജില്ല കൺവെൻഷൻ അഭിപ്രായപ്പെട്ടു. സ്പെഷൽ സ്കൂൾ ജീവനക്കാർക്ക് എല്ലാ അധ്യയനവർഷത്തിലും വേതനം ലഭിക്കാൻ സമരങ്ങളും പ്രതിഷേധങ്ങളും നടത്തേണ്ട അവസ്ഥയാണ്.
ഈ അധ്യയന വർഷം തുടങ്ങിയത് തന്നെ പ്രവേശനോത്സവത്തിന് പകരം പ്രതിഷേധ ദിനമായായിരുന്നു. സർക്കാറിന്റെ സഹായമില്ലാതെ സ്ഥാപനങ്ങൾ എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന ആശങ്കയിലാണ് മാനേജ്മെന്റുകൾ. സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടി വന്നാൽ ഇത്രയേറെ ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടും. അതോടൊപ്പം മാനസിക വെല്ലുവിളി നേരിടുന്ന ആയിരക്കണക്കിന് വിദ്യാർഥികളുടെ വിദ്യാഭ്യാസവും വഴിമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.