കോഴിക്കോട്: കടപ്പുറത്തെ പ്രധാന ആകർഷണമായ ലൈറ്റ് ഹൗസ് കാടുമൂടി നശിക്കുന്നു. ചരിത്ര ശേഷിപ്പുപോലെ നവീകരിച്ച് സൂക്ഷിച്ച ലൈറ്റ് ഹൗസ് തിരിഞ്ഞുനോക്കാനാളില്ലാത്തതോടെയാണ് നാശത്തിന്റെ വക്കിലായത്. ചുറ്റുപാടും ഒരാൾ പൊക്കത്തിൽവരെയാണ് പച്ചിലക്കാടുകൾ വളർന്നത്. ലൈറ്റ് ഹൗസിന് ചുറ്റുപാടുമുള്ള ടൈൽ വിരിച്ച ഭാഗമൊഴികെയുള്ള പ്രദേശങ്ങളിൽ കാട് വളർന്നതോടെ ഇവിടം ക്ഷുദ്രജീവികൾ താവളമാക്കുകയാണ്.
തുറന്ന സ്റ്റേജിന് പിന്നിലെ ഭാഗത്തുനിന്നടക്കമുള്ള മാലിന്യവും കരിയിലകളും ശുചീകരണ തൊഴിലാളികൾ ചാക്കുകളിലാക്കി താൽക്കാലികമായി സൂക്ഷിക്കുന്നതും ഈ വളപ്പിലാണ്. വർഷങ്ങൾക്കുമുമ്പ് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നവീകരിച്ച നിർമിതികൾ നശിക്കുന്നതിൽ അധികൃതർക്കും അനക്കമില്ല. ലൈറ്റ് ഹൗസിന്റെ കമ്പിവേലിയും പലഭാഗത്തും തുരുമ്പെടുത്ത നിലയിലാണ്. കാടുമൂടിയതോടെ ഇവിടേക്ക് ആളുകൾക്കും പ്രവേശിക്കാനാവുന്നില്ല.
പുറം കടലിലെത്തുന്ന കപ്പലുകൾക്ക് വഴികാട്ടിയായി 1847ൽ പണിത രാജ്യത്തെ ഏറ്റവും പഴയ വിളക്കുമാടങ്ങളിലൊന്നായിരുന്നു ഇത്. പിന്നീട് ഉയരം കുറച്ച് നവീകരിച്ചപ്പോൾ ഇംഗ്ലണ്ടിൽനിന്ന് ഇറക്കുമതി ചെയ്ത ഉപകരണങ്ങളാണ് ഉപയോഗിച്ചത്. 1924ലും നവീകരണമുണ്ടായി. 2008ൽ സൗരോർജ എൽ.ഇ.ഡിയടക്കം സ്ഥാപിച്ചും പിന്നീട് കമ്പിവേലിയടക്കം നിർമിച്ചും ചുറ്റും ടൈൽ പാകിയുമാണ് നവീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.