നന്മണ്ട: വേലായുധൻ നായർ-മരക്കാട്ട് റോഡ് തകർന്നതോടെ യാത്ര ദുഷ്കരമായി. ഗ്രാമപഞ്ചായത്ത് ഒമ്പത്, 10 വാർഡുകളിലൂടെ കടന്നുപോകുന്ന വേലായുധൻ നായർ സ്മാരക റോഡിലാണ് യാത്ര ദുരിതമാക്കുന്നത്. രണ്ട് ആഴ്ചമുമ്പ് വാട്ടർ അതോറിറ്റി കുടിവെള്ള പൈപ്പിടാനായി റോഡ് വെട്ടിപ്പൊളിച്ചതോടെയാണ് റോഡ് വീണ്ടും തകർന്നത്.
വെട്ടിപ്പൊളിച്ചഭാഗം മണ്ണിട്ട് മൂടിയതല്ലാതെ കരാറുകാരൻ കോൺക്രീറ്റ് ചെയ്യാതെ പോയി. കുണ്ടും കുഴിയും നിറഞ്ഞ് യാത്രക്കാർക്ക് ദുരിതങ്ങളുടെ പെരുമഴ തീർക്കുന്ന റോഡിൽ വാട്ടർ അതോറിറ്റി കൂടി രംഗപ്രവേശനം ചെയ്തതോടെ ദുരിതം ഇരട്ടിയായി.
രണ്ട് പതിറ്റാണ്ട് മുമ്പ് ടാറിങ് നടത്തിയ റോഡ് പിന്നീട് ഒരു അറ്റകുറ്റപ്പണിയും നടത്താത്തതാണ് റോഡിന്റെ തകർച്ചക്ക് കാരണം. 650 മീറ്റർ ദൈർഘ്യമുള്ള റോഡ് മരക്കാട്ട് കുട്ടമ്പൂർ റോഡുമായാണ് ബന്ധിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്ത് ഫണ്ടുപയോഗിച്ച് വർഷങ്ങൾക്ക് മുമ്പ് ടാറിങ് നടന്നയുടനെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പിടാനായി റോഡ് വെട്ടിപ്പൊളിച്ചതോടെയാണ് റോഡിന്റെ തകർച്ച തുടങ്ങിയത്. 650 മീറ്റർ റോഡിൽ 500 മീറ്ററോളം തകർന്ന് കുണ്ടുംകുഴിയുമായി രൂപപ്പെട്ടത് യാത്രക്കാർക്ക് വിനയാകുന്നു.
ഇരുചക്രവാഹനക്കാർ തെന്നിവീഴുന്നത് പതിവുകാഴ്ചയാണെന്ന് പ്രദേശവാസികൾ പറയുന്നു. രണ്ടുവർഷം മുമ്പുണ്ടായ കാലവർഷക്കെടുതിയിൽ റോഡിൽ 150 മീറ്ററോളം ഭാഗത്ത് മലവെള്ളം ഒഴുകിയെത്തി റോഡ് തകർന്നുപോയതിനാൽ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽനിന്ന് പ്രവൃത്തി നടത്തിയതൊഴിച്ചാൽ മറ്റ് അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടില്ല.
കുട്ടമ്പൂർ നിവാസികൾക്ക് നന്മണ്ട 13ലേക്ക് വളരെ എളുപ്പത്തിലെത്താൻ കഴിയുന്ന ഗ്രാമീണ പാതയാണിത്. റോഡിന്റെ ശോച്യാവസ്ഥ കാരണം ഓട്ടോപോലും ഓടാൻ മടിക്കുന്നു. ഓടിയാൽതന്നെ പാർട്സുകൾ ഇളകി വർക്ക്ഷാപ്പിൽ കയറ്റി റിപ്പയർ ചെയ്യാൻ വലിയ തുക ചെലവഴിക്കേണ്ടിവരുമെന്ന് ഓട്ടോറിക്ഷക്കാർ പറയുന്നു. റോഡിന്റെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
നന്മണ്ട: ജൽജീവൻ മിഷൻ പദ്ധതിയുടെ പൈപ്പിടൽ പ്രവൃത്തിക്കുവേണ്ടി നന്മണ്ട ഗ്രാമപഞ്ചായത്തിലെ ഒമ്പത്, 10 വാർഡുകളിൽ ഉൾപ്പെട്ട വേലായുധൻ നായർ റോഡ് മണ്ണുമാന്തി ഉപയോഗിച്ച് കുഴിച്ച് ഉപയോഗശൂന്യമാക്കിയതായി ഉവ്വാക്കുളം റസിഡൻറ്സ് അസോസിയേഷൻ പരാതിപ്പെട്ടു.
കേവലം 75 സെന്റീ മീറ്റർ മാത്രം വ്യാസമുള്ള പൈപ്പിടുന്നതിന് വേണ്ടിയാണ് വലിയ മണ്ണുമാന്തി ഉപയോഗിച്ച് വലിയ കുഴി കുഴിച്ച് റോഡ് കിളച്ചുമറിച്ചത്. മരക്കാട് മീത്തൽ ക്ഷേത്രത്തിലേക്കെത്തുന്ന ഭക്തരും ആശുപത്രിയിലേക്ക് പോകേണ്ട രോഗികളും പാലിയേറ്റിവ് പ്രവർത്തകരും വിദ്യാർഥികളുമെല്ലാം ഇതുകാരണം ബുദ്ധിമുട്ടിലാണ്.
ഓട്ടോറിക്ഷകൾ ഓട്ടം വിളിച്ചാൽ വരാൻമടിക്കുന്ന അവസ്ഥയാണ്. തുലാവർഷം ശക്തമായതോടുകൂടി കാൽനടപോലും അസാധ്യമായ അവസ്ഥയാണ്. ഇരുചക്രവാഹനങ്ങൾ അപകടങ്ങളിൽപെടുന്നത് തുടർക്കഥയാവുകയാണ്.
റോഡിന്റെ ശോച്യാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിച്ച് റോഡ് പൂർവസ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് തദ്ദേശസ്വയംഭരണ മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണെന്ന് റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.