ബേപ്പൂർ:മത്സ്യത്തൊഴിലാളികളുടെ രക്ഷാകവചമായി സർക്കാർ ഒരുക്കിയ മറൈൻ ആംബുലൻസ്, ഖജനാവ് കാലിയാക്കാൻ വേണ്ടിയാണെന്നുള്ള ആക്ഷേപം ശക്തമാകുന്നു. കടൽസുരക്ഷക്കായി മൂന്ന് മറൈൻ ആംബുലൻസ് 'കാരുണ്യ', 'പ്രത്യാശ', 'പ്രതീക്ഷ' എന്നീ പേരുകളിലാണ് ഫിഷറീസ് വകുപ്പിന് സർക്കാർ അനുവദിച്ചു നൽകിയത്. ആറു കോടിയിലധികം രൂപ മുടക്കിയാണ് ഓരോ മറൈൻ ആംബുലൻസും നിർമിച്ചത്. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനാണ് ആംബുലൻസ് ജീവനക്കാരുടെ സേവനം ലഭ്യമാക്കേണ്ടെതങ്കിലും അവർ ഏൽപിച്ച മറ്റൊരു ഏജൻസിയാണ് നിലവിൽ ജീവനക്കാരെ നിയമിച്ചത്.
മറൈൻ ആംബുലൻസിൻെറ മേൽനോട്ടച്ചുമതലയുള്ള ഏജൻസിക്ക് ഫിഷറീസ് വകുപ്പ് മാസംതോറും നൽകുന്നത് ഒമ്പതര ലക്ഷത്തിൽപരം രൂപയാണ്. ജീവനക്കാർക്ക് നൽകുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി നാലര ലക്ഷത്തിൽപരം രൂപ വേറെയും ചെലവാകുന്നു. ആകെയുള്ള 11 ജീവനക്കാരിൽ ക്യാപ്റ്റൻ, സ്രാങ്ക് ഉൾപ്പെടെ അഞ്ചുപേർക്കുള്ള ശമ്പളം ഏജൻസി മുഖാന്തരം നൽകുമ്പോൾ, രണ്ട് പാരാമെഡിക്കൽ ജീവനക്കാർക്കും നാല് ലൈഫ് ഗാർഡുമാർക്കുമുള്ള ശമ്പളം ഫിഷറീസ് വകുപ്പ് നേരിട്ട് നൽകുന്നു. ഇങ്ങനെ ഏജൻസിക്കും ആംബുലൻസിെൻറ മേൽനോട്ടത്തിനും, ജീവനക്കാർക്കും ചേർത്ത് സർക്കാർ മാസംതോറും ചെലവഴിക്കുന്നത് ലക്ഷങ്ങളാണ്.
ഇന്ധനച്ചെലവും അറ്റകുറ്റപ്പണിക്കുമായി വരുന്ന തുകയും ചേർക്കുമ്പോൾ വർഷത്തിൽ കോടികളാണ് ഖജനാവിൽനിന്ന് കാലിയാകുന്നത്.
ഏത് ദുർഘട സാഹചര്യവും അതിജീവിച്ച് കടലിൽ പോകേണ്ടുന്ന ആംബുലൻസിലെ തൊഴിലാളികൾ കഴിവും, വൈദഗ്ധ്യമുള്ളവരും ആകണമെന്ന നിബന്ധന പാലിക്കപ്പെട്ടില്ലെന്ന് ആക്ഷേപമുണ്ട്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളുടെ അധികാരപരിധിയിൽ ബേപ്പൂർ തുറമുഖത്തെ 'കാരുണ്യ'ആംബുലൻസും എറണാകുളം തൃശൂർ തീരങ്ങൾക്ക് വൈപ്പിനിലുള്ള 'പ്രത്യാശ'യും തിരുവനന്തപുരം, കൊല്ലം , ആലപ്പുഴ ജില്ലകൾക്കായി വിഴിഞ്ഞത്തുള്ള 'പ്രതീക്ഷ'യുമാണ് സജ്ജമാക്കിയത്. ആംബുലൻസ് വല്ലപ്പോഴും മറൈൻ എൻഫോഴ്സ്മെൻറ് വിഭാഗം റോന്തുചുറ്റലിന് മാത്രം ഉപയോഗിക്കുന്നതല്ലാതെ, ഇതുവരെ ജീവൻരക്ഷാ ദൗത്യം നടത്താൻ കഴിഞ്ഞിട്ടില്ല.
ബേപ്പൂർ ഫിഷിങ് ഹാർബറിലെ ആംബുലൻസിന് കാസർകോട് ജില്ല വരെ അധികാരപരിധിയുണ്ടെങ്കിലും, അപകട സാഹചര്യങ്ങൾ അറിഞ്ഞാൽ ഇത്രയും ദൂരം ഓടിയെത്തുന്നതിനുപകരം അതത് മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ മീൻപിടിത്ത ബോട്ടുകളാണ് അതിവേഗത്തിൽ രക്ഷകരായി എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.